മഞ്ചേശ്വരത്ത് അപ്രതീക്ഷിത ഓളമുണ്ടാക്കി വി വി രമേശൻ; 2006 ആവർത്തിക്കുമെന്ന് ഉറപ്പിച്ച് ഇടതുപക്ഷം
Apr 4, 2021, 22:05 IST
ഉപ്പള: (www.kasargodvartha.com 04.04.2021) തുടക്കത്തിൽ സ്ഥാനാർഥിത്വത്തെ തുടർന്നുണ്ടായ വിവാദങ്ങളെയെല്ലാം നിഷ്പ്രഭവമാക്കി എൽഡിഎഫിലെ വിവി രമേശൻ മഞ്ചേശ്വരം മണ്ഡലത്തുണ്ടാക്കിയത് വൻ മുന്നേറ്റം. 2006 ൽ ഉണ്ടായത് പോലുള്ള ഒരു അട്ടിമറി വിജയം എൽഡിഎഫ് സ്വപ്‌നം കാണുന്നതും ഈ ഓളത്തിൽ വിശ്വാസമർപിച്ചാണ്. ഇടതുപക്ഷത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത് മണ്ഡലത്തിൽ നിന്ന് പുറത്തുള്ള ശക്തരായ നേതാക്കളാണ്. അണിയറ നീക്കങ്ങളിലൂടെ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്താനും ഇടതിന് തുണയായത് ഈ ടീം പ്രവർത്തനമാണ്.
2006 ൽ അഡ്വ. സി എച് കുഞ്ഞമ്പു മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും പിണറായി വിജയൻ സർകാരിന്റെ ജനക്ഷേമ പദ്ധതികളും ഇടതുപക്ഷം ഉയർത്തി കാട്ടി. പിണറായി വിജയൻ തന്നെ നേരിട്ട് വന്ന വോട് തേടിയതും പ്രവർത്തകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. വികസന നായകനെന്ന വിവി രമേശന്റെ പ്രതിച്ഛായയും പ്രചാരണത്തിലുടനീളം അവതരിപ്പിക്കാനായി. കാഞ്ഞങ്ങാട് നഗരസഭയിൽ നടപ്പിലാക്കിയ വികസനങ്ങൾ മണ്ഡലത്തിലും ചർചയായി.
കഴിഞ്ഞ കാലങ്ങളിൽ ബിജെപി ഭയം മൂലം ഇടത് വോടുകൾ യുഡിഎഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാവില്ലെന്ന് ഇടതുപക്ഷ നേതാക്കൾ തറപ്പിച്ച് പറയുന്നു. ഇടതിന് വോട് ചെയ്താൽ ബിജെപി ജയിക്കുമെന്ന പ്രചാരണത്തെ എൽഡിഎഫിന് വോട് ചെയ്താൽ എൽഡിഎഫ് തന്നെ ജയിക്കുമെന്ന മുദ്രാവാക്യത്തിൽ കണക്കുകൾ നിരത്തിയാണ് ഇടതുപക്ഷം നേരിട്ടത്. മണ്ഡലത്തിൽ നിർണായകമാവുക ന്യൂനപക്ഷ വോടുകളാണ്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം വലിയ തോതിലുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമമടക്കം മുസ്ലിംകളുടെ പ്രശ്നങ്ങൾ ചർചയായത് തങ്ങൾക്ക് നേട്ടമാവുമെന്ന് അവർ കണക്ക് കൂട്ടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് എൽഡിഎഫ് മണ്ഡലത്തിൽ ഉണ്ടാക്കിയത്. എട്ടിൽ നാല് പഞ്ചായത്തുകളിലും ചരിത്രം കുറിച്ച് അധികാരത്തിൽ എത്താനായി. ബിജെപിക്കും എൽഡിഎഫിനും ഇടയിൽ 3000 ത്തോളം വോടിന്റെയും യുഡിഎഫിനും എൽഡിഎഫിനും ഇടയിലും 6000 ത്തോളം വോടിന്റെയും വ്യത്യാസം മാത്രമാണ് തദ്ദേശ കണക്കിൽ മുന്നണികൾ തമ്മിലുള്ളത്.
ബിജെപിയെ പ്രതിരോധിക്കാൻ ആർക്കാണ് കെൽപെന്ന ചോദ്യം മണ്ഡലത്തിൽ നിർണായകമാണ്. വീറും വാശിയും നിറഞ്ഞ ത്രികോണ പോരാട്ടത്തിൽ കൈവരിച്ച അപ്രതീക്ഷിത മുന്നേറ്റം ഇടതിന് അനുകൂലമായുള്ള മണ്ഡലത്തിന്റെ മനസാവുമെന്ന് തന്നെ ഇടതുപക്ഷം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അങ്ങനെയെങ്കിൽ സി എചിന് ശേഷം രമേശന് നിയമസഭയിലെത്താം.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Manjeshwaram, V V Rameshan, VV Ramesan makes unexpected waves in Manjeshwar; The Left is determined to repeat 2006.
< !- START disable copy paste -->