city-gold-ad-for-blogger

ഉൾപാർട്ടി പോരാട്ടങ്ങളിലെ പ്രത്യയശാസ്ത്ര നായകൻ; വി എസ് യുഗം ഇനി ചരിത്രം

V.S. Achuthanandan, a prominent communist leader, addressing a public gathering.
Photo Credit: Facebook/ VS Achuthanandan

● പലതവണ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായി.
● എം.വി. രാഘവന്റെ ബദൽരേഖയെ എതിർത്തു.
● 1992-ലെ കോഴിക്കോട് സമ്മേളനത്തിൽ പരാജയം.
● പിണറായി വിജയനുമായുള്ള വിഭാഗീയ പോരാട്ടം.

മുഹമ്മദ് അലി

കണ്ണൂർ: (KasargodVartha) കേരള രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പോരാട്ടങ്ങളെ പൊതുസമൂഹത്തിന്റെ അജണ്ടയാക്കി മാറ്റിയത് വി.എസ്. അച്യുതാനന്ദന്റെ സമരങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഈ പോരാട്ടങ്ങളെ പാർട്ടിയിലെ വിഭാഗീയതയായി വിലയിരുത്തിയപ്പോഴും, തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ വി.എസ്. തയ്യാറായില്ല. 

കലർപ്പില്ലാത്ത ചുവപ്പ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച അദ്ദേഹം സാധാരണക്കാരന്റെ ശബ്ദമായി മാറി. അധ്വാനിക്കുന്ന തൊഴിലാളിവർഗം മാത്രമല്ല, ഇതര പാർട്ടികളിലെ സാധാരണക്കാർ പോലും വി.എസിന്റെ വാക്കുകൾക്ക് കാതോർത്തു. 

അദ്ദേഹത്തിന്റെ പൊതുയോഗങ്ങളിൽ പ്രസംഗം കേൾക്കാൻ എല്ലാ മേഖലകളിലുമുള്ള, സംശുദ്ധ രാഷ്ട്രീയത്തെ സ്നേഹിക്കുന്ന ബഹുജനങ്ങളാണ് തടിച്ചുകൂടിയത്. വി.എസ്. വേദിയിലേക്ക് കടന്നുവരുമ്പോൾ, ജനസാഗരം ‘കണ്ണേ കരളേ വി.എസേയെന്ന്’ തൊണ്ടപൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം വിളിച്ചു. നീലേശ്വരത്ത് ഉൾപ്പെടെ വി.എസിനായി ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്ക് പേര് വന്നത് തൊഴിലാളിവർഗം അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചു എന്നതിന്റെ തെളിവാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യൂറോ അംഗമായും, പ്രതിപക്ഷ നേതാവായും, മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന വി.എസ്., പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ പേരിലാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. വ്യത്യസ്ത നിലപാടുകളുടെ പേരിൽ പലതവണ പാർട്ടി അച്ചടക്ക നടപടിക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. 

പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ എം.വി. രാഘവൻ ബദൽരേഖയുമായി രംഗത്ത് വന്നപ്പോഴും, പിന്നീട് എം.വി. രാഘവൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് പാർട്ടി വിട്ടപ്പോഴും ഔദ്യോഗിക നിലപാടിനൊപ്പം പാർട്ടിയെ ഉറപ്പിച്ചുനിർത്തിയത് വി.എസിന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു. 

ബദൽ രേഖയുടെ പേരിൽ പ്രധാനപ്പെട്ട പല നേതാക്കളും പാർട്ടി വിട്ടപ്പോഴും സി.പി.എമ്മിനെ കരുത്തോടെ നയിക്കാൻ ഈ ഘട്ടത്തിൽ വി.എസിന് സാധിച്ചു. പിന്നീട് 1992-ലെ കോഴിക്കോട് സമ്മേളനത്തിൽ ഇ.കെ. നായനാർ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വി.എസിനെ പരാജയപ്പെടുത്തിയത് സി.പി.എമ്മിലെ വിഭാഗീയതയുടെ തുടക്കമായിരുന്നു.

പിന്നീട് നടന്ന രണ്ട് സമ്മേളനങ്ങളിൽ വി.എസ്. തനിക്കെതിരായ സി.ഐ.ടി.യു. പക്ഷത്തിന്റെ ചിറകരിഞ്ഞു. ഇതിന്റെ പേരിലും വി.എസിന് പാർട്ടിയുടെ താക്കീത് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പിന്നീട് വി.എസിന്റെ പിന്തുണയോടെ പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ വന്നതോടെയാണ് സി.പി.എമ്മിനെ ഒന്നര പതിറ്റാണ്ടോളം പിന്തുടർന്ന മറ്റൊരു വിഭാഗീയ കാലത്തിന് തുടക്കമാകുന്നത്. 

പാർട്ടിയിലെ നയവ്യതിയാനമെന്ന നിലപാടുയർത്തി വി.എസ്. നടത്തിയ പോരാട്ടങ്ങൾ സി.പി.എമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘർഷഭരിതമായ ഉൾപ്പാർട്ടി സമരങ്ങളുടെ കാലമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായിരുന്ന വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും നേരിട്ട് മാധ്യമങ്ങൾക്ക് മുൻപിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്ന നിലയിലേക്ക് പോലും ആ വിഭാഗീയത വളർന്നിരുന്നു. 

2004-ലെ മലപ്പുറം സമ്മേളനത്തിൽ വിഭാഗീയത അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. പാർട്ടി പിടിക്കാൻ മലപ്പുറത്ത് വി.എസ്. പക്ഷം നടത്തിയ നീക്കം പക്ഷേ ഔദ്യോഗിക പക്ഷം വെട്ടിനിരത്തി. എന്നാൽ അതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ വി.എസ്. തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ വി.എസ്. വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. 

പാർട്ടി പൊളിറ്റ്ബ്യൂറോയിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റി നിർത്തപ്പെട്ട വി.എസിന് പിന്നീട് പി.ബിയിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല. പലഘട്ടങ്ങളിലും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ഉൾപാർട്ടി സമരങ്ങൾ പാർട്ടിയെ തകർക്കുന്ന നിലയിലേക്ക് പോകാതെ പോരാടിയ വി.എസിനെപ്പോലെ മറ്റൊരാൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലില്ല. 

എസ്.എ. ഡാങ്കെയെയും നൃപൻ ചക്രവർത്തിയെയുമൊക്കെ നിഷ്കരുണം പുറത്താക്കിയ പാർട്ടി അഖിലേന്ത്യാ നേതൃത്വം വി.എസിനെ തൊടാൻ മടിച്ചത് അദ്ദേഹത്തിന് പിന്നിൽ ആർത്തിരമ്പിയ ജനസാഗരത്തിന്റെ വ്യാപ്തിയും പ്രഹരശേഷിയും തിരിച്ചറിഞ്ഞതുകൊണ്ടാണ്.

വി.എസ്. അച്യുതാനന്ദന്റെ ഉൾപാർട്ടി പോരാട്ടങ്ങളെക്കുറിച്ച്  നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

 

Article Summary: V.S. Achuthanandan, the ideological hero of intra-party struggles, leaves a historic legacy.

#VSAchuthanandan #KeralaPolitics #CPIM #IntraPartyStruggles #CommunistLeader #PoliticalLegacy

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia