Controversy | ചെറിയാൻ ഫിലിപ്പിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിപിപി മുസ്തഫ
ഇപ്പോഴും സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമെന്ന് വിശദീകരണം
തിരുവനന്തപുരം: (KasargodVartha) ബാർ കോഴ ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം നേതാവ് ഡോ. വിപിപി മുസ്തഫ. എക്സൈസ് മന്ത്രിമാരായ എം വി ഗോവിന്ദൻ, എം ബി രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ആവശ്യം.
രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയ മുസ്തഫ, അഴിമതി നടത്തുന്നവരെ പാർട്ടിക്കകത്ത് വെച്ച് പൊറുപ്പിക്കുന്ന ശീലം സിപിഎമ്മിനില്ലെന്നും താൻ ഇപ്പോഴും പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഫേസ്‌ബുക്കിൽ കുറിച്ചു. വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചരണം നടത്തുന്ന തരത്തിലേക്ക് ചെറിയാൻ ഫിലിപ്പ് അധ:പതിച്ചതിൽ സഹതപിക്കുകയാണ്. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്തേക്കാണ് പറഞ്ഞുവിടുക എന്നത് അറിയാത്ത ആളല്ലല്ലോ ചെറിയാൻ ഫിലിപ്പ്. ഞാൻ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്.
സിഐടിയുവിന്റെ ജില്ലാ വൈസ് പ്രസിഡണ്ടും അതിലെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്, ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ ഇപ്പോഴും എകെജി സെന്ററിൽ നിന്ന് നിയോഗിക്കുന്ന ആളാണ്, ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ നവമാധ്യമ ക്യാമ്പയിൻ ചുമതലക്കാരനായിരുന്നു, ജൂൺ നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന്റെ ചുമതലയും പാർട്ടി എന്നെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി ഓഫീസിൽ ഇരുന്ന് തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരാളാണെങ്കിൽ പാർട്ടിയുടെ ഈ ചുമതലകളിൽ എല്ലാം ഇപ്പോഴും നിലനിർത്തുമോയെന്നും മുസ്തഫ ചോദിച്ചു.