city-gold-ad-for-blogger

വോട്ടറുടെ പേര്, ബന്ധം എന്നീ കോളങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിൽ അവ്യക്തത; വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ മന്ദഗതിയിൽ

Widespread Errors in 2002 Voter List Cause Anxiety in Mogral Puttur During SIR Revision
Photo: Arranged

● 2002 ലെ വോട്ടർ പട്ടികയിൽ പിതാവ് ഭർത്താവായും ഭർത്താവ് പിതാവായും ബന്ധം മാറിമറിഞ്ഞ അവസ്ഥയുണ്ട്.
● എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിലെ തെറ്റുകൾ ജനന സർട്ടിഫിക്കറ്റ് അടക്കം രേഖകൾ ഹാജരാക്കാൻ കാരണമാകുമോയെന്ന ഭയം നിലനിൽക്കുന്നു.
● ഫോമുകൾ പൂരിപ്പിക്കുന്നതിൽ ആശങ്കയുള്ളതിനാൽ നല്ലൊരു ഭാഗം ആളുകളും ബി എൽ ഒ മാർക്ക് തിരികെ നൽകിയിട്ടില്ല.
● സന്നദ്ധ സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ സംഘടിപ്പിച്ചു.
● മൊഗ്രാൽ പുത്തൂരിലെ ഫ്രണ്ട് ലൈൻ ചായിത്തോട്ടം ക്ലബ്ബിൽ മാഹിൻ കുന്നിൽ ഹെൽപ്പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു.

മൊഗ്രാൽ പുത്തൂർ: (KasargodVartha) സംസ്ഥാനത്തെ വോട്ടർ പട്ടികാ പുതുക്കലിൻ്റെ ഭാഗമായി നടക്കുന്ന എസ് ഐ ആർ പരിശോധനയിൽ വ്യാപകമായ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ 2002 ലെ വോട്ടർ പട്ടികയിലെ ബന്ധങ്ങൾ സംബന്ധിച്ചാണ്‌ പ്രധാന ആശങ്ക നിലനിൽക്കുന്നത്. പലരുടെയും പട്ടികയിൽ പിതാവ് ഭർത്താവായും ഭർത്താവ് പിതാവായും മാറിയ അവസ്ഥയുണ്ട്. ചിലരിൽ ഭാര്യയുടെ 2002 ലെ വോട്ടർ പട്ടികയിലെ ബന്ധം എന്ന കോളത്തിൽ പിതാവ് എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൻ്റെ ഫലമായി ബി എൽ ഒ മാർ നൽകിയ എന്യുമറേഷൻ ഫോമുകൾ നൽകാൻ നല്ലൊരു ഭാഗം ആളുകളും ഇതുവരെ തയ്യാറായിട്ടില്ല. അപേക്ഷകൾ പൂരിപ്പിക്കുന്നതിൽ വലിയ ആശങ്കയും നിലനിൽക്കുന്നുണ്ട്. 2002 ലെ വിവരങ്ങൾ നൽകുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ പിന്നീട് രേഖകൾ ഹാജരാക്കേണ്ടി വരുമെന്ന ഭയമാണ്‌ പലരെയും പ്രയാസപ്പെടുത്തുന്നത്. ഇത് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

എസ് ഐ ആർ ന്റെ ഭാഗമായി വോട്ടർ പട്ടിക പരിശോധിക്കുന്നതിന് ബി എൽ ഒ മാർ വീടുകളിലെത്തി എന്യുമറേഷൻ ഫോമുകൾ നൽകി തുടങ്ങിയിരുന്നു. ഈ ഫോമിൽ 2025 ലെ വോട്ടർ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്. വോട്ടറുടെ ജനന തീയതി, ആധാർ നമ്പർ, മൊബൈൽ ഫോണ്‍ നമ്പർ, മാതാപിതാക്കളുടെയും പങ്കാളിയുടെയും പേരുകളും വോട്ടർ ഐഡി നമ്പറുമാണ്‌ പൂരിപ്പിക്കേണ്ട ഒന്നാമത്തെ ഭാഗത്തുള്ളത്.

രണ്ടാമത്തേത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വോട്ടറുടെ 2002 ലെ വിവരങ്ങൾ ഇതിൽ എഴുതണം. വോട്ടറുടെ പേര്, ബന്ധുവിൻ്റെ പേര്, ബന്ധം എന്നിവയ്ക്ക് പുറമെ 2002 ലെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിൻ്റെ പേര്, നമ്പർ, ബൂത്ത് നമ്പർ, ക്രമ നമ്പർ എന്നിവയും ചേർക്കണം. അതിനിടെ, ഈ ഫോമിൽ മൂന്നാമത്തെ കോളത്തിലും ആശയക്കുഴപ്പമുണ്ട്. 2002 ലെ ലിസ്റ്റിൽ ഉൾപ്പെടാത്ത 2025 ലെ വോട്ടറുടെ ബന്ധുവിൻ്റെ വിവരങ്ങളാണ്‌ ഈ കോളത്തിൽ ചേർക്കേണ്ടത്. ഈ കോളത്തിലും വോട്ടറുടെ പേര്, ബന്ധുവിൻ്റെ പേര്, ബന്ധം എന്നിവ ചോദിക്കുന്നുണ്ട്.

എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ ആശങ്കയിലാണ്‌ പലരും. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത നൽകിയിട്ടില്ല. ഇതിനെല്ലാം പുറമെ 2025 ലെ വോട്ടർ പട്ടികയിലുള്ള പലർക്കും ഇതുവരെ ഫോറം കിട്ടാത്തവരുണ്ട്. 2002 ലെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാനും പലരും ഓടി നടക്കുന്നു. എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കാൻ സന്നദ്ധ സംഘടനകൾ, പൊതു പ്രവർത്തകർ എന്നിവർ സഹായിക്കാൻ രംഗത്തുണ്ട്. ഫോമുകൾ കിട്ടിയവർ വിവരങ്ങൾ ചേർക്കുന്നതിൽ വലിയ പ്രയാസമാണ്‌ അനുഭവിക്കുന്നത്.

മൊഗ്രാൽ പുത്തൂരിൻ്റെ വിവിധ ഭാഗങ്ങളിൽ 17-ാം വാർഡ് മുസ്ലിം ലീഗ്, സി എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാല, കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ്, ആസ്‌ക്ക് പുത്തൂർ, ഫ്രണ്ട് ലൈൻ ചായിത്തോട്ടം, ഫ്രണ്ട്‌സ് അറഫാത്ത് നഗർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ സംഘടിപ്പിച്ചു. ഫ്രണ്ട് ലൈൻ ചായിത്തോട്ടം ക്ലബ്ബിൽ നടത്തിയ ഹെൽപ്പ് ഡെസ്‌ക്ക് സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ ഉദ്ഘാടനം ചെയ്തു. നൗഫൽ പുത്തൂർ, എം കെ റഹീസ്, മുഫീദ്, മുബശ്ശിർ, സി പി ഷാഹുൽ, ഇക്ക്ബാൽ, ഫാറൂഖ്, മൈമൂന, തച്ചി, ഷാഹുൽ ഹമീദ്, ഹിബ മാഹിൻ, ഷാഫി, നവാസ് നബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വോട്ടർ പട്ടികാ പരിശോധനയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണ്ടേ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Widespread errors in the 2002 voter list concerning relationships are causing anxiety during the SIR revision in Mogral Puttur.

#VoterList #SIRRevision #ElectionCommission #Kasaragod #MogralPuttur #VoterID

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia