V K Pandian | 'സൂപ്പർ മുഖ്യമന്ത്രി', ഒഡീഷയിൽ ഇത്തവണ താരം വി കെ പാണ്ഡ്യൻ; മോദിയും രാഹുൽ ഗാന്ധിയുമടക്കം വിമർശിക്കുന്ന ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആരാണ്?
ഭുവനേശ്വർ: (KasaragodVartha) നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി തുടരുന്ന നേതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നവീൻ പട്നായിക്ക്. ഇത്തവണയും തന്റെ പാർട്ടിയായ ബിജു ജനതാദൾ (BJD) തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഓഗസ്റ്റ് മാസാവസാനത്തോടെ മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിനെ പിന്തള്ളി അദ്ദേഹം ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും.
ഇതുമാത്രമല്ല, തുടർച്ചയായ ആറാം തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൻ്റെ അതുല്യ റെക്കോർഡും നവീൻ പട്‌നായിക്കിന് സ്വന്തമാക്കാം. എന്നാൽ തുടർച്ചയായി അഞ്ച് തവണ തിരഞ്ഞെടുപ്പിൽ അനായാസം വിജയിച്ച നവീൻ തൻ്റെ നീണ്ട വിജയകരമായ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നത്. പക്ഷേ, നവീൻ പട്‌നായിക്കിന് ഇത്തവണ ആത്മവിശ്വാസം നൽകുന്ന ഒരുമുഖമുണ്ട് ഒഡീഷയിൽ, വി കെ പാണ്ഡ്യൻ.
ബിജെഡിയിൽ ചേരുന്നതിനായി സർവീസിൽ നിന്ന് രാജിവച്ച തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വികെ പാണ്ഡ്യനാണ് ഇപ്പോൾ ഒഡീഷ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ ആധിപത്യം പുലർത്തുന്നത്. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ 'രാഷ്ട്രീയ പിൻഗാമി' എന്ന് ചിലർ കണക്കാക്കുന്ന പാണ്ഡ്യൻ, പാർട്ടിയുടെ മുഖ്യ പ്രചാരകനും തന്ത്രജ്ഞനുമായി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഭാവിയിൽ മുഖ്യമന്ത്രിക്കസേരയിലും പാണ്ഡ്യനെ കണ്ടേക്കാം.
ബിജു ജനതാദളിൽ വളർന്നുവരുന്ന നേതാവെന്ന നിലയും ജനപ്രീതിയും കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളുടെ പ്രധാന ലക്ഷ്യമായി വികെ പാണ്ഡ്യൻ മാറിയിട്ടുണ്ട്. ബിജെഡി അധികാരത്തിൽ തിരിച്ചെത്തിയാൽ ഒഡീഷണക്കാരനല്ലാത്ത ഒരാൾക്ക് എങ്ങനെ സംസ്ഥാനത്തിൻ്റെ ഭരണം നിയന്ത്രിക്കാനാകുമെന്ന ചോദ്യമാണ് പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക സംസ്ഥാനത്ത് 'ഒഡിയ സ്വത്വം' അപകടത്തിലാണെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
ആരാണ് വി കെ പാണ്ഡ്യൻ?
1974 മെയ് 29 ന് തമിഴ്‌നാട്ടിലാണ് വി കെ പാണ്ഡ്യൻ ജനിച്ചത്. 2000 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ പാണ്ഡ്യനെ പഞ്ചാബ് കേഡറിലേക്കാണ് ആദ്യം നിയമിച്ചത്. എന്നിരുന്നാലും, ഒഡീഷയിൽ നിന്നുള്ള 2000 ബാച്ചിലെ ഐഎഎസ് ഓഫീസർ കൂടിയായ സുജാതയെ വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹം ഒഡീഷ കേഡറിലേക്ക് സ്ഥലംമാറ്റം അഭ്യർത്ഥിച്ചു. 2011 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നവീൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചതോടെയാണ് പാണ്ഡ്യൻ്റെ ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടായത്.
2014 ലും 2019 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെഡിക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലെ പ്രധാന വ്യക്തിയായി അദ്ദേഹം അതിവേഗം ഉയർന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പ്, അദ്ദേഹത്തിൻ്റെ സർക്കാരിലുള്ള സ്വാധീനവും ഭരണഘടനാ വിരുദ്ധമായ അധികാരവും ബിജെപിയും കോൺഗ്രസ് നേതാക്കളും ചോദ്യം ചെയ്തിരുന്നു. മാർച്ചിൽ ബിജെപിയും ബിജെഡിയും തമ്മിലുള്ള സഖ്യ ചർച്ചകളിൽ, ബിജെഡിയുടെ പ്രധാന നേതാവായി പാണ്ഡ്യൻ നിർണായക പങ്ക് വഹിച്ചിരുന്നു. പക്ഷേ, സഖ്യം യാഥാർഥ്യമായില്ല.
ഒഡിയ വികാരം
'ഒഡിയ' എന്ന വികാരം മുതലെടുത്ത്, ഒഡീഷയിൽ സ്വന്തമായി ആദ്യമായി ഭരണത്തിലേറാനും 2019-ൽ ലഭിച്ച എട്ട് സീറ്റുകൾക്കപ്പുറം ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ബിജെപി ലക്ഷ്യമിടുന്നു. മുൻ തിരഞ്ഞെടുപ്പിൽ ബിജെഡി 12 ലോക്സഭാ സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒരെണ്ണം ലഭിച്ചു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 113 സീറ്റുകളാണ് ബിജെഡി സ്വന്തമാക്കിയത്, ബിജെപി 23, കോൺഗ്രസിന് എട്ട്, മറ്റുള്ളവർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.
നാല് ഘട്ടങ്ങളിലായി ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനത്ത് തുടർച്ചയായ ആറാം തവണയും മുഖ്യമന്ത്രി നവീൻ പട്‌നായിക് ആത്മവിശ്വാസത്തിലാണ്. ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് ബിജെപി പറയുന്നത്. ഭരണത്തിലേറാമെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള കോൺഗ്രസ് സ്വപ്‍നം കാണുന്നില്ലെങ്കിലും നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയുണ്ട്. വി കെ പാണ്ഡ്യൻ മുഖ്യമന്ത്രിയാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.