ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് ഡാറ്റ ചോർത്തിയതായി പരാതി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
● മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ബിജെപി പ്രവർത്തകൻ ഇ എസ് അമിത് ആണ് അറസ്റ്റിലായത്.
● ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിർദ്ദേശപ്രകാരമാണ് കേസ് നടപടികൾ സ്വീകരിച്ചത്.
● പരാതിക്കാരിയായ എ സുഭാഷിണി സജീവ എൽഡിഎഫ് പ്രവർത്തകയാണെന്ന് ബിജെപി ആരോപിച്ചു.
● പരാതി രാഷ്ട്രീയ വിരോധം കൊണ്ട് കെട്ടിച്ചമച്ചതാണെന്നും ബിജെപി മേഖല പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.
● പക്ഷപാതപരമായി പ്രവർത്തിച്ച ബിഎൽഒക്കെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഉപ്പള: (KasargodVartha) വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അവരുടെ ഔദ്യോഗിക മൊബൈല്‍ ഫോണിലെ എസ്‌ഐആർ വിവരങ്ങൾ പകർത്തി വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതായുമുള്ള പരാതിയിൽ ബിജെപി പ്രവർത്തകനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ
സജീവ ബി ജെ പി പ്രവർത്തകനായ ഇ എസ് അമിത് (34) നെയാണ് പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മണിയോടെ ഉപ്പള ബസ് സ്റ്റാൻഡിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയിൽ പറയുന്നത്. ബേക്കൂർ, കണ്ണാടിപ്പാറ, മാതൃനിലയത്തിൽ ബിഎൽഒ ആയി സേവനം ചെയ്യുന്ന എ സുഭാഷിണി (41) ആണ് പൊലീസിന് പരാതി നൽകിയിട്ടുള്ളത്.
ഡാറ്റ ചോർത്തിയതായി പരാതി
എസ്‌ഐആർ ഡാറ്റ ശേഖരണം പൂർത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിയായ അമിത് തന്നെ വഴിതടഞ്ഞുവെന്നാണ് പരാതി. തുടർന്ന് അമിത് ഭീഷണിപ്പെടുത്തുകയും, യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. ഫോൺ കൈപ്പറ്റിയ ശേഷം എസ്‌ഐആർ വിവരങ്ങളുളള തെരെഞ്ഞടുപ്പ് കമ്മീഷൻ്റെ ഔദ്യോഗീക ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും അതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേയ്ക്ക് പകർത്തി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതായുമാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഉദ്യോഗസ്ഥയുടെ കൃത്യനിർവ്വഹണത്തിൽ തടസ്സം സൃഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മഞ്ചേശ്വരം പൊലീസ് കേസ് എടുത്തത്. ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിർദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബിജെപി ആരോപണം
അതേസമയം, ഉപ്പളയിൽ ബിജെപി പ്രവർത്തകൻ അമിത് ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി എന്ന പരാതി വ്യാജമാണെന്ന് ബിജെപി മേഖല പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. പരാതിക്കാരിയായ സുഭാഷിണി സജീവ എൽഡിഎഫ് പ്രവർത്തകയാണെന്നും രാഷ്ട്രീയ വിരോധം കൊണ്ട് കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് ബിജെപിയുടെ വാദം.
സുഭാഷിണിയുടെ ഭർത്താവ് രവിചന്ദ്ര മംഗൽപാടി ഏഴാം വാർഡ് പ്രതാപ് നഗറിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യ നിർവഹണം നടത്തുന്നതിൽ പക്ഷപാതപരമായി പ്രവർത്തിച്ച ഈ പരാതിക്കാരിയായ ബിഎൽഒക്കെതിരെ നടപടി വേണമെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ കള്ള കേസിൽ കുടുക്കി ബിജെപിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കള്ളക്കേസെന്നും അദ്ദേഹം ആരോപിച്ചു.
ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: BJP activist arrested in Uppala for obstructing Woman BLO and allegedly sharing election data.
#Uppala #BLOArrest #ElectionDataLeak #BJPvsLDF #KeralaPolice #PoliticalAllegations






