K Sudhakaran | എല്‍ ഡി എഫില്‍ കക്ഷികള്‍ അതൃപ്തര്‍; മുന്നണിവിട്ട് വന്നാല്‍ യു ഡി എഫ് അവരെ സ്വാഗതം ചെയ്യുമെന്ന് കെ സുധാകരന്‍
Jul 24, 2022, 19:29 IST
കോഴിക്കോട്: (www.kasargodvartha.com) എല്‍ ഡി എഫില്‍ അതൃപ്തരായ കക്ഷികള്‍ മുന്നണിവിട്ട് വരികയാണെങ്കില്‍ അവരെ യു ഡി എഫ് സ്വാഗതം ചെയ്യുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാകില്ല.
സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജന്‍ഡയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അഭിപ്രായപ്പെട്ടു. അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് നടന്ന ചിന്തന്‍ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
തുടര്‍ഭരണം കേരളത്തില്‍ സര്‍വനാശമാണുണ്ടാക്കിയതെന്നും സംസ്ഥാനത്തിനും ജനതയ്ക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും യു ഡി എഫും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യു ഡി എഫ് വിപുലീകരിച്ചും കാലം ഏല്‍പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്നും സുധാകരന്‍ പറഞ്ഞു.
ഇന്‍ഡ്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയന്‍ നേരിടുന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍കാരിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ അദ്ദേഹത്തിന് രാജിവെച്ച് ഒഴിയേണ്ടി വരുമായിരുന്നുവെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഈ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണവും പിന്നീട് നടന്ന എ കെ ജി സെന്റര്‍ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
എ ഐ സി സി നിഷ്‌കര്‍ഷിക്കുന്ന സമയക്രമം പാലിച്ച് കെ പി സി സി മുതല്‍ ബൂത് കമറ്റി വരെ പുനസംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടി ഭാരവാഹികളുടെ എണ്ണം പുനക്രമീകരിക്കും. കെ പി സി സി രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ, നിയോജകമണ്ഡലം തലങ്ങളില്‍ സമിതികള്‍ രൂപികരിക്കും. എല്ലാ പാര്‍ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും. വനിതകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനായി ആഭ്യന്തരപരാതി പരിഹാര കമറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, മുന്നണി വിപുലീകരിക്കണമെന്ന രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചിരുന്നു. ഇടതുമുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യു ഡി എഫില്‍ എത്തിക്കണമെന്നും അതിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈ എടുക്കണമെന്നും വി കെ ശ്രീകണ്ഠന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പല കക്ഷികളും അസംതൃപ്തരാണെന്നും അത് മുതലാക്കാന്‍ സാധിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.
Keywords: UDF will welcome any ally who quit LDF: Says KPCC Chief, Kozhikode, News, LDF, Politics, K Sudhakaran-MP, Top-Headlines, Kerala.