Election Results | കാസർകോട് നഗരസഭ ഖാസിലേൻ വാർഡ് മുസ്ലിം ലീഗ് നിലനിർത്തി; കെ എം ഹനീഫിന് ഉജ്വല വിജയം
തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 74 .42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 774 വോടർമാരിൽ 576 പേർ വോട് ചെയ്തു
കാസർകോട്: (KasaragodaVartha) ഉപതിരഞ്ഞെടുപ്പ് നടന്ന കാസർകോട് നഗരസഭയിലെ ഖാസിലേൻ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ എം ഹനീഫ് 447 വോടും എതിരാളിയായ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ഉമൈർ തളങ്കര 128 വോടും നേടി. ബിജെപിയിലെ എൻ മണിക്ക് ഒരു വോട് മാത്രമാണ് നേടാനായത്.
തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 74 .42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 774 വോടർമാരിൽ 576 പേർ വോട് ചെയ്തു. 266 പുരുഷ വോടർമാരും (71 .12 %) 310 സ്ത്രീ വോടർമാരും ( 77.5 %) വോട് രേഖപ്പെടുത്തിയിരുന്നു.
മുൻ ചെയർമാൻ അഡ്വ. വി എം മുനീർ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പിൽ അഡ്വ. വി എം മുനീര്‍ 322 വോട്ടും എതിർ സ്ഥാനാർഥിയായിരുന്ന അബ്ദുൽ റഹ്‌മാൻ 199 വോടുമാണ് നേടിയത്. 123 വോടിന്റെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്.
സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മുഖമാണ് കെ എം ഹനീഫ്. രാഷ്ട്രീയം, കല, കായികം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും സജീവമായ ഈ വ്യക്തിത്വം കാസർകോട് ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മംഗ്ളുറു പി എ കോളജിന്റെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.