Protest | പെരിയ കേസിൽ ശിക്ഷിക്കപ്പെട്ട കെ മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫ് മാർച്ച്; ബോർഡ് യോഗം ബഹിഷ്കരിച്ചു

● ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
● നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങൾ നടത്തുമെന്ന് പി കെ ഫൈസൽ.
● സിപിഎം കൊലയാളി സംഘമായി അധഃപതിച്ചെന്നും ആരോപണം.
കാഞ്ഞങ്ങാട്: (KasargodVartha) പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഇതിന് പുറമെ, ബ്ലോക്ക് പഞ്ചായത്ത് ബോർഡ് യോഗവും യുഡിഎഫ് ബഹിഷ്കരിച്ചു.
പെരിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ഹൈകോടതിയുടെ സ്റ്റേയുടെ മറവിൽ മണികണ്ഠൻ അധികാരത്തിൽ തുടരുന്നതിനെതിരെ യുഡിഎഫ് നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങൾ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
സിപിഎം കൊലയാളി സംഘമായി അധഃപതിച്ചിരിക്കുന്നുവെന്നും, അസൂത്രിത കൊലപാതകങ്ങൾ നടത്തുകയും കൊലയാളികളെ രക്ഷിക്കുകയും ശിക്ഷിക്കപ്പെട്ടാൽ ജയിലിൽ സുഖവാസം ഒരുക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥാപിത സംവിധാനമായി പാർട്ടി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് യോഗം നടന്ന ദിവസമാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് മാർച്ച് നടത്തിയത്. പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കൂക്കൾ ബാലകൃഷ്ണൻ, സി.വി. തമ്പാൻ, മിനി ചന്ദ്രൻ, ഖാദർ മാങ്ങാട്, എ. ഹമീദ് ഹാജി, സി.വി. ഭാവനൻ, പി.വി. സുരേഷ്, വി.പി. പ്രദീപ് കുമാർ, ഉമേഷൻ ടി.വി., നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, കെ.എ. സാലു, ഫിലിപ്പ് ചേരാത്ത്, എം.കെ. റഷീദ് ഹാജി, ജാഫർ കെ.കെ., ബഷീർ ചിത്താരി, പി. അബൂബക്കർ, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, ശ്യാമള, സി.എച്ച്. സുബൈദ, സി. കുഞ്ഞാമിന, ഹാജറ സലാം, സിന്ധു, അശോക് ഹെഗ്ഡെ, മധു സൂദനൻ, ഷിബിൻ ഉപ്പിലിക്കൈ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
#Kanhangad #PeriyaCase #UDFProtest #KeralaPolitics #ResignationDemand #LocalNews