Resignation | പടിയിറക്കം 9 വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷം; പുതിയ നേതാവിനെ പ്രഖ്യാപിക്കും വരെ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തില്‍ തുടരും
● പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കം തുടങ്ങി ലിബറല്‍ പാര്‍ട്ടി.
● ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ്.
● മുഖം മാറ്റി കാനഡക്കാരെ കബളിപ്പിക്കുന്നുവെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.
ഒട്ടാവ: (KasargodVartha) ഒന്‍പത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചത്. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തില്‍, ലിബറല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് ജസ്റ്റിന്‍ ട്രൂഡോ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ പ്രഖ്യാപിക്കും വരെ ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പാണെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രൂഡോയുടെ രാജി നീക്കം.
കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേരാണ് ട്രൂഡോയുടെ എതിര്‍പക്ഷത്തുള്ളത്. 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. ഒക്ടോബറില്‍ ഏകദേശം 20 എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തില്‍ ഒപ്പിട്ടിരുന്നു. യുഎസ് ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ട്രൂഡോയുടെയും സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സര്‍ക്കാര്‍ നേരിടുന്നത്. ഡിസംബര്‍ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവെച്ചിരുന്നു. ക്രിസ്റ്റിയയുടെ രാജിക്കുശേഷം അധികം പൊതുപരിപാടികളില്‍ പങ്കെടുക്കാതെ കഴിയുകയായിരുന്നു ട്രൂഡോ.
ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങള്‍ക്കാണ് രാജി പ്രഖ്യാപനത്തോടെ വിരാമമായത്. പാര്‍ട്ടിക്കുള്ളിലും പുറത്തും ട്രൂഡോയുടെ അനഭിമതനായി മാറിയ ട്രൂഡോയുടെ ജനപ്രീതിയില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ വന്‍ ഇടിവാണുണ്ടായത്. രാജ്യത്തെ വെറും 22 % പേര്‍ക്കു മാത്രമാണ് ട്രൂഡോയുടെ നേതൃത്വത്തില്‍ വിശ്വാസമുള്ളതെന്ന് ഡിസംബറിലെ ഹിത പരിശോധനയില്‍ വ്യക്തമാകുന്നു. 2015ല്‍ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ട്രൂഡോയുടെ ജനപ്രീതിയിലുണ്ടായ കനത്ത ഇടിവായിരുന്നു ഇത്.
സെപ്റ്റംബറില്‍ മോണ്‍ട്രിയോള്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലോറ പലസ്തീനി തോറ്റതോടെയാണ് ട്രൂഡോയുടെ രാജിക്കായി ആവശ്യം ശക്തമായത്. പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റാണ് ബ്ലോക് ക്യൂബെക്കോയ് സ്ഥാനാര്‍ഥി ലൂയി ഫിലിപ് സോവ് പിടിച്ചെടുത്തത്. ലിബറല്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ സീന്‍ കാസെ, കെന്‍ മക്‌ഡോണള്‍ഡ് തുടങ്ങിയവര്‍ പരസ്യമായിത്തന്നെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രൂഡോ രാജി സന്നദ്ധതയറിയിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം പ്രതികരിച്ചു. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്ന പക്ഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും, ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
'കനേഡിയന്‍ ചരിത്രത്തില്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനം വലുതാണ്. പുതിയ നേതാവ് രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കും. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആകാംക്ഷയുണ്ട്. 2015ല്‍ മൂന്നാമതും അധികാരത്തിലെത്തുമ്പോള്‍ രാജ്യത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമായിരുന്നു ദൗത്യം. ഞാനും നിങ്ങളും ഇനിയും അത് തന്നെയായിരിക്കും തുടരുക'യെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജസ്റ്റിന്‍ ട്രൂഡോ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റ അറിയിച്ചു. കാനഡയും പാര്‍ട്ടിയും ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്നും സചിത് മെഹ്‌റ പറഞ്ഞു. അതേസമയം ട്രൂഡോയുടെ രാജിമൂലം മാറ്റമൊന്നും സംഭവിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലിവേര്‍ പ്രതികരിച്ചു. മുഖം മാറ്റി കാനഡക്കാരെ കബളിപ്പിക്കാനാണ് ലിബറല്‍ പാര്‍ട്ടിയുടെ ശ്രമമെന്നും പിയറിപൊയിലിവേര്‍ വിമര്‍ശിച്ചു.
#TrudeauResigns #CanadaPolitics #LiberalParty #PoliticalChange #CanadianPrimeMinister #TrudeauNews