തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം; പ്രസിഡന്റ് വി കെ ബാവ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥി
● ഒഡിഎഫ് പ്ലസ് മോഡൽ പഞ്ചായത്ത് എന്ന പദവി നേടി.
● കേരളത്തിൽ നിന്ന് നാല് ഗ്രാമപഞ്ചായത്തുകൾക്കാണ് അംഗീകാരം.
● കേന്ദ്ര പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയതും നേട്ടമായി.
● എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പഞ്ചായത്തിനെ അഭിനന്ദിച്ചു.
തൃക്കരിപ്പൂർ: (KasargodVartha) ശുചിത്വം, ഒഡിഎഫ് പ്ലസ്, ജൽ ജീവൻ മിഷൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന് ദേശീയതലത്തിൽ അംഗീകാരം. ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവയെ കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ പ്രത്യേക അതിഥിയായി ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു.
ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളിലൂടെ സ്വാച്ഛ് ഭാരത് മിഷൻ ഫണ്ടുകളുടെ കൃത്യമായ വിനിയോഗം, തുടർച്ചയായ ഐ ഇ സി പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യങ്ങളുടെ പരിപാലനം, എല്ലാത്തരം അജൈവ മാലിന്യങ്ങളുടെയും കൃത്യമായ ശേഖരണവും കൈമാറ്റവും, കുടിവെള്ളം, ആരോഗ്യം, ശുചിത്വ മേഖലകൾക്കായി പദ്ധതി തുകയുടെ വലിയ ശതമാനം നീക്കിവെച്ചുകൊണ്ടുള്ള ചിട്ടയായ പ്രവർത്തന മികവ് എന്നിവ പരിഗണിച്ചാണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാനായത്.
പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുചിമുറികൾ, നിരവധി കമ്പോസ്റ്റ് പിറ്റുകളും റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും സോക്കേജ് പിറ്റുകളും സ്ഥാപിച്ചു നൽകിയത്, പൊതു ശൗചാലയങ്ങളുടെ നിർമ്മാണവും അവയുടെ തുടർ പരിപാലനവും, മികച്ച ഹരിത കർമ്മസേനയും അജൈവ മാലിന്യ പരിപാലനവും, ആധുനിക രീതിയിലുള്ള അജൈവ മാലിന്യ ശേഖരണ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും, 162 മിനി-എം സി എഫ്-കൾ, പ്രധാന റോഡുകളിൽ ഐ ഇ സി സന്ദേശങ്ങൾ രേഖപ്പെടുത്തിയ നിരവധി ബോർഡുകൾ, മികച്ച അങ്കണവാടികളും സ്കൂളുകളും, ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റും വഴിയോര വിശ്രമ കേന്ദ്രവും മെച്ചപ്പെട്ട ശുചിത്വ സംവിധാനങ്ങളും, എന്നിവയിലൂടെ ഒ ഡി എഫ് പ്ലസ് മോഡൽ പഞ്ചായത്ത് എന്ന പദവി നേടിയെടുത്തതും ഈ അംഗീകാരത്തിന് കാരണമായി.

കൂടാതെ എല്ലാവർക്കും കുടിവെള്ള വിതരണം ചെയ്യുന്നതിനായി പൊതു ടാപ്പുകൾ സ്ഥാപിക്കുകയും, ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച പുരോഗതിയുണ്ടാക്കുകയും ചെയ്തു. പ്രധാന മന്ത്രി ആവാസ് യോജന-ഗ്രാമീൺ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി എം വിശ്വ കർമ്മ യോജന, സക്ഷം അങ്കണവാടി, പോഷൺ അഭിയാൻ, പി എം മാതൃ വന്ദന യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതും ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. കേരളത്തിൽ നിന്ന് ആകെ നാല് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർക്കാണ് പ്രത്യേക അതിഥികളായി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഈ നേട്ടത്തിൽ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സന്തോഷം രേഖപ്പെടുത്തി. ‘സ്വച്ഛ് ഭാരത് മിഷനിലെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ അംഗീകാരം നേടിക്കൊണ്ട് കാസർഗോഡ് ലോക് സഭ മണ്ഡലത്തിൽപെട്ട തൃക്കരിപ്പൂർ ഗ്രാമപഞ്ചയത്തിന് ദേശീയ വേദിയിൽ അഭിമാന നിമിഷം സമ്മാനിച്ചു കൊണ്ട്, കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് പഞ്ചായത്തുകളിൽ ഒന്നായി മാറിയെന്നും, ഇതിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അതിഥിയായി ന്യൂഡെൽഹിയിൽ ഈ വർഷം നടക്കുന്ന 79-ാം ദേശീയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നു എന്നുമറിയാനായതിൽ അതിയായ സന്തോഷമുണ്ട്. ഇത് നമ്മൾ ഓരോ നാട്ടുകാരന്റെയും ഹൃദയത്തിൽ ഏറെ സന്തോഷം നിറയ്ക്കുന്ന നല്ലൊരു വാർത്തയാണ്,’ എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു.
‘ഗ്രാമപിതാവ് വി.കെ. ബാവയുടെ ആത്മാർഥമായ നേതൃത്വവും, വർഷങ്ങളുടെ അനുഭവസമ്പത്തും, സംഘാടക മികവും വികസന-ശുചിത്വ മേഖലകളിലെ സംഭാവനകളും കൂടി പരിഗണിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇത് കേവലം ഒരു ഗ്രാമ പഞ്ചായത്തിന്റെ മാത്രം വിജയമല്ല, പ്രദേശത്തെ മുഴുവൻ ജനവിഭാഗങ്ങളുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഫലം കൂടിയാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ പഞ്ചായത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുന്നത്? തൃക്കരിപ്പൂരിന്റെ ഈ നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Trikkarippur Grama Panchayat gets national recognition for cleanliness and development efforts.
#Trikkarippur #KeralaPanchayat #NationalRecognition #SwachhBharat #JalJeevanMission #IndependenceDay






