city-gold-ad-for-blogger

തൃക്കരിപ്പൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തെ ചൊല്ലി തർക്കം; പാർട്ടി ഓഫീസ് പൂട്ടി, നേതാക്കളുടെ കോലം കത്തിച്ചു; ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ് നേതൃത്വം

Political Conflict in Thrikaripur Youth League: President and Secretary Removed After Protests Over Standing Committee Post
Image Credit: Screenshot of an Arranged Video

● യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. മെഹബൂബ് ആയിറ്റി, ജനറൽ സെക്രട്ടറി വി.പി. സഫീർ എന്നിവരെയാണ് നീക്കിയത്.
● വൈസ് പ്രസിഡന്റ് ഷാക്കിർ തങ്കയത്തിന് പ്രസിഡന്റിന്റെ ചുമതല നൽകി.
● ടി.എസ്. നജീബിനെ ചെയർമാനാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
● ഫായിസിനെ ചെയർമാനാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.
● ജില്ലാ സെക്രട്ടറി എ.ജി.സി ബഷീർ അടക്കമുള്ള നേതാക്കളുടെ കോലം കത്തിച്ചു.

തൃക്കരിപ്പൂർ: (KasargodVartha) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തെ ചൊല്ലി മുസ്ലിം ലീഗിലും യൂത്ത് ലീഗിലും രൂക്ഷമായ തർക്കവും പൊട്ടിത്തെറിയും. പാർട്ടി ഓഫീസ് പൂട്ടിയതും പരസ്യമായ പ്രതിഷേധ പരിപാടികൾ നടത്തിയതുമുള്‍പ്പെടെയുള്ള ഗുരുതരമായ അച്ചടക്കലംഘനങ്ങളെ തുടർന്ന് യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എം. മെഹബൂബ് ആയിറ്റിയെയും ജനറൽ സെക്രട്ടറി വി.പി. സഫീറിനെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കി.

ഞായറാഴ്ച (04.01.2026) ചേർന്ന അടിയന്തര തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് നടപടി സ്വീകരിച്ചത്. ലീഗ് ഓഫീസ് അടച്ചുപൂട്ടി പ്രതിഷേധിച്ചതും, പാർട്ടി നേതാക്കളുടെ കോലം കത്തിച്ചതും, കരിങ്കൊടി ഉയർത്തിയതുമാണ് അച്ചടക്കനടപടിക്ക് പ്രധാന കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രവർത്തികളിലൂടെ പാർട്ടിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടായെന്ന് നേതൃയോഗം വിലയിരുത്തി.

പുതിയ ചുമതലക്കാർ

നിലവിലെ യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാക്കിർ തങ്കയത്തിന് പ്രസിഡന്റിന്റെ ചുമതലയും, വി.പി. ഷഹബാസിന് ജനറൽ സെക്രട്ടറിയുടെ ചുമതലയും നൽകി മുസ്ലിം ലീഗ് നേതൃത്വം ഉത്തരവിട്ടു.

തർക്കം പദവിയെച്ചൊല്ലി

തൃക്കരിപ്പൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തൃക്കരിപ്പൂർ ടൗൺ നാലാം വാർഡിൽ നിന്ന് വിജയിച്ച ഫായിസിനെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാക്കാത്തതിനെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായത്.

തർക്കത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രത്യേകം പൂട്ടിട്ടിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി ശനിയാഴ്ച ലീഗ് പഞ്ചായത്ത് നേതാക്കളുമായി യൂത്ത് ലീഗ് പ്രവർത്തകർ സമവായ ചർച്ച നടത്തിയിരുന്നു. എന്നാൽ, ജില്ലാ മുസ്ലിം ലീഗ് പാർലമെന്ററി ബോർഡിന്റെ അംഗീകാരത്തോടെ വെള്ളാപ്പ് വാർഡിൽ നിന്ന് വിജയിച്ച ടി.എസ്. നജീബിനെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായി പ്രഖ്യാപിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. നജീബിനെ തീരുമാനിച്ചത് വേണ്ടെത്ര കൂടിയാലോചന നടത്താതെയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആക്ഷേപം.

തെരുവിലിറങ്ങി പ്രതിഷേധം

തീരുമാനം വന്നതിന് പിന്നാലെ നേതാക്കൾ ഓഫീസ് വിട്ട ഉടൻ യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് ഓഫീസ് ഇരട്ടപ്പൂട്ടിട്ട് അടച്ച് പോസ്റ്ററുകൾ പതിച്ചിരുന്നു. പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം ശക്തമായിരുന്നു. യൂത്ത് ലീഗ് തൃക്കരിപ്പൂർ വാട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീറിനെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. തൃക്കരിപ്പൂരിലെ പാർട്ടിയെ വ്യക്തിപരമായ താത്പര്യങ്ങൾക്കായി വഞ്ചിക്കുന്നുവെന്നാരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്.

അച്ചടക്ക നടപടി പുറത്ത് വന്നതിന് പിന്നാലെ ഞായറാഴ്ച വൈകിട്ട് ബീരിച്ചേരി മുസ്ലിം ലീഗ് ഓഫീസിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. തുടർന്ന് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയും, എ.ജി.സി ബഷീർ, വി.കെ. ബാവ, സത്താർ വടക്കുമ്പാട് എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു.

യൂത്ത് - ലീഗ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

Article Summary: Thrikaripur Youth League leaders removed after protests over standing committee post.

#Thrikaripur #MuslimLeague #YouthLeague #KeralaPolitics #KasaragodNews #PoliticalProtest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia