Social Worker | ഇങ്ങനെയുമൊരാൾ ഇവിടെയൊക്കെയുണ്ട്; ചിലതൊക്കെ പറയാനും കേൾക്കാനും സക്രിയമാക്കാനും സജീവമാക്കാനും
● രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ടിഎച്ച്എം പട്‌ള
● നാഷണൽ ലീഗിൻ്റെ കാസർകോട് മണ്ഡലം നേതൃത്വത്തിൽ സജീവമാണ്.
● ദീർഘകാലം ബോംബെയിൽ ജോലി ചെയ്തിട്ടുണ്ട്.
അസ്ലം മാവില
(KasargodVartha) ദീർഘകാലം മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവും 35 വർഷക്കാലം ഇന്ത്യൻ പാർലമെന്റ് മെമ്പറുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് 1994 ഏപ്രിലിൽ ഇന്ത്യൻ നാഷണൽ ലീഗിന് രൂപമുണ്ടാക്കിയത്. അന്ന് മുതൽ ടിഎച്ച്എം പട്‌ള ഉണ്ട്, ആ പ്രസ്ഥാനത്തിന്റെ ഭാഗമായി. ബാബരി മസ്ജിദ് വിഷയത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും കാണിച്ച നിലപാടിൽ പ്രതിഷേധിച്ചാണല്ലോ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 600+ പ്രതിനിധികളുമായി സേട്ട് സാഹിബ് മുസ്‌ലിം ലീഗിൽ നിന്ന് രാജിവെച്ചതും ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വെച്ച് സെക്കുലർ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലീഗിന് രൂപം നൽകിയതും മറ്റും.

നാഷണൽ ലീഗിന്റെ നേതൃത്വവും അണികളും അഭ്യുദയകാംക്ഷികളും പറയും, ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പോറലാണ് ബാബരി മസ്ജിദ് ധ്വംസനം എന്ന്. മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തിയില്ല. ആ തിരിച്ചറിവ് ടിഎച്ച്എം പട്‌ള-യ്ക്കുമുണ്ട്. നാഷണൽ ലീഗ് ഇടത് രാഷ്ട്രീയത്തിന്റെ ഭാഗമായത് അത് കൊണ്ടാണ്. അതിന്നാണ് പ്രസക്തിയും പ്രതീക്ഷയും പ്രാധാന്യവുമെന്നും അദ്ദേഹം എടുത്തുപറയുന്നു.
ടിഎച്ച്എമ്മിന്റെ അവസാന കൗമാരവും യൗവ്വനവും തുടക്കത്തെ അർദ്ധ വാർദ്ധക്യവും ഏകദേശം ഇരുപത്തിയഞ്ചു വർഷം ബോംബെയിലെ പല സ്ഥലങ്ങളിലായി ജോലിയും കുഞ്ഞുകച്ചവടങ്ങളുമായി ജീവിതം നയിച്ചു. എത്രയോ വർഷം മുമ്പ് ഞങ്ങളുടെ സലീം കുറച്ച് മാസം അദ്ദേഹത്തിന്റെ കടയിലുണ്ടായിരുന്നു. ബോംബെ ഓർമ്മകൾ വെച്ച് ടിഎച്ച്എമ്മിനെ കുറിച്ച് അന്ന് സലീമിന് നൂറ് നാക്കായിരുന്നു.
ബോംബെ വിട്ട് പിന്നെ ടിഎച്ച്എം നാട്ടിലെത്തി. പക്ഷെ, സാമൂഹിക പ്രവർത്തനങ്ങളും സാംസ്കാരിക സായാഹ്നങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും അദ്ദേഹം ഇവിടെയും സാന്നിധ്യമാണ്, പറ്റുന്ന രീതിയിൽ. നാഷണൽ ലീഗിൻറെ കാസർകോട് മണ്ഡലം നേതൃത്വത്തിൽ മുന്നണി പോരാളികളിൽ ഒരാളായി ടിഎച്ച്എം പഴയ അതേ സജീവതയോടെ, പാർട്ടി പരിപാടികളിലുണ്ട്.
ബോംബെയിലിരിക്കെ നാഷണൽ വെൽഫയർ ലീഗിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. മുൻമന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുമായ അഹമ്മദ് ദേവർകോവിൽ മുമ്പ് എത്രയോ വർഷം ബോംബെയിൽ ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ അദ്ദേഹത്തിന്റെ ഒന്നിച്ച് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ടിഎച്ച്എം പട്‌ളയുമുണ്ടായിരുന്നു. നിലവിൽ അദ്ദേഹം ഐഎൻഎല്ലിന്റെ മധൂർ പഞ്ചായത്ത് പ്രസിഡന്റ് ആണ്.
1993ന്റെ തുടക്കത്തിൽ, ഖായിദെ മില്ലത്ത് കൾച്ചറൽ ഫോറിൽ, ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ ആശയവും ആദർശവും നയവും നിലപാടും ടിഎച്ച്എം പട്‌ളയ്ക്ക് ഇഷ്ടപ്പെട്ടു, അതിൽ ഉറച്ചു നിന്നു. അങ്ങനെ പറയുന്നതാണ് ശരിയും. മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദിനെ കാത്തുസൂക്ഷിക്കാൻ സേട്ടിനെ പോലെ ഇന്ത്യയിൽ ഒരു നേതാവും പരിശ്രമിക്കുകയോ ത്യാഗങ്ങൾ സഹിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയും. അത് അദ്ദേഹത്തിന്റെ അന്വേഷത്തിൻറെയും പഠനത്തിന്റെയും ഭാഗം.
ടിഎച്ച്എം പട്‌ള സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ടത് ഉപ്പയിൽ നിന്നാണ്. ലീഗിന്റെ പ്രാദേശിക കാരണവരായിരുന്നു മമ്മിൻച്ച. അന്ന് മമ്മിൻച്ചാൻ്റെ കൂടെ മൂസാ ഹാജി സാഹിബും അവരുടെ പിന്നിലായി പി. അബ്ദുറഹ്മാൻ സാഹിബുമുണ്ടായിരുന്നു. ടിഎച്ച്എമ്മിന്റെ ജ്യേഷ്ഠ സഹോദരൻ ഇബ്രാഹിം സാഹിബാണെങ്കിൽ കോൺഗ്രസുകാരനായിരുന്നു. നവോത്ഥാന സംരംഭങ്ങളിലും അവർ, ഉപ്പയും സഹോദരങ്ങളും, പേരുമുണ്ടായിരുന്നു.
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 32 വർഷം തികഞ്ഞു. ബാബരിയുടെ വിഷയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയാണ് ന്യൂനപക്ഷങ്ങളോട് രാജ്യത്തെ വ്യവസ്ഥിതി കാട്ടിയതെന്നും അതിന്റെ ഓർമകളെ മറവിയിലേക്ക് തള്ളുന്നത് മഹാപാതകമാവുമെന്നും ടിഎച്ച്എം പട്‌ള വിശ്വാസിക്കുന്നു. മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദിനെ കാത്തുസൂക്ഷിക്കാൻ സേട്ടിനെ പോലെ ഇന്ത്യയിൽ ഒരു നേതാവും പരിശ്രമിക്കുകയോ ത്യാഗങ്ങൾ സഹിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയും.
ബാബരി വിഷയത്തിൽ സുലൈമാൻ സേട്ട് സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടും ആദർശധീരതയുമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പട്ല ലൈബ്രറിയിൽ കുറെ വർഷം നേതൃത്വത്തിലുണ്ടായിരുന്നു. കണക്റ്റിംഗ് പട്ലയിലും മറ്റ് സാമൂഹിക കൂട്ടായ്മകളിലും അദേഹത്തിന്റെ സാന്നിധ്യമുണ്ട്.
ടിഎച്ച്എം പട്‌ളയുടെ ഭാര്യ താഹിറ മൊഗ്രാൽ. മകൾ മുംതാസ് കമ്പ്യൂട്ടർ എഞ്ചിനീയറാണ്. മരുമകൻ മുഹമ്മദ് മൻസൂർ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. പേരക്കുട്ടി മുഹാസ് മുഹമ്മദ് ഖത്തറിലാണ്. പിതാവ് മമ്മിൻച്ച പട്ല ലീഗിന്റെ പ്രാദേശിക കാരണവരായിരുന്നു. മാതാവ് ഉമ്മുഹലീമ പട്ല. സഹോദരങ്ങൾ ടിഎച്ച് ഇബ്രാഹിം, ടിഎച്ച് ബീരാൻ, ടിഎച്ച് അബ്ദുറഹ്മാൻ, ഖദീജ.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
THM Patla is a political and social activist. He shares his views on the Babri Masjid demolition and his active role in the Indian National League in Kasaragod.
#THMPatla, #IndianNationalLeague, #BabriMasjid, #SocialActivism, #PoliticalViews, #Secularism






