city-gold-ad-for-blogger

തീയ്യ സമുദായം ഈഴവരല്ല: തിരുത്തൽ വേണമെന്ന് തീയ്യക്ഷേമ സഭ, പ്രതിപക്ഷ നേതാവിന് നിവേദനം

Thiyya Kshema Sabha leaders handing over a memorandum to V D Satheesan.
Photo: Special Arrangement

● ജാതി കോളത്തിൽ പ്രത്യേക പരിഗണന നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കൂ.
● ജാതി സെൻസസിൽ തീയ്യയെ പ്രത്യേകമായി രേഖപ്പെടുത്തണം.
● മണ്ഡൽ, കുമാരപിള്ള റിപ്പോർട്ടുകളിൽ തീയ്യ പ്രത്യേക സമുദായമാണ്.
● തെയ്യ സമ്പ്രദായം, മടപ്പുരകൾ എന്നിവ ഈഴവ വിഭാഗത്തിനില്ല.
● വരുന്ന തിരഞ്ഞെടുപ്പിൽ ഇത് മുഖ്യ വിഷയമായി ഉന്നയിക്കും.

പയ്യന്നൂർ: (KasargodVartha) തീയ്യ സമുദായത്തെ ഈഴവ സമുദായത്തിന്റെ ഉപജാതിയായി കണക്കാക്കുന്ന സർക്കാർ നിലപാട് തിരുത്തി, തീയ്യ സമുദായത്തെ ജാതി കോളത്തിൽ പ്രത്യേകം രേഖപ്പെടുത്താൻ ആവശ്യമായ നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് തീയ്യക്ഷേമ സഭ സംസ്ഥാന ഭാരവാഹികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി.

കേരളത്തിൽ എല്ലാ ജില്ലകളിലുമുള്ള തീയ്യ സമുദായത്തെ ഈഴവ സമുദായത്തിന്റെ ഉപജാതിയായി കണക്കാക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളായ ഉദ്യോഗാർഥികൾക്ക് പി.എസ്‌സി റാങ്ക് ലിസ്റ്റ്, ദേവസ്വം ബോർഡ് നിയമനങ്ങൾ എന്നിവയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഖേദകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. 

ജാതി കോളത്തിൽ സർക്കാർ തീയ്യ വിഭാഗത്തെ പ്രത്യേകം രേഖപ്പെടുത്തിയാൽ മാത്രമേ ഇതിന് പരിഹാരമാകൂ. ജാതി സെൻസസിൽ തീയ്യ സമുദായത്തെ പ്രത്യേകമായി രേഖപ്പെടുത്താനും ആവശ്യമായ നടപടി ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Thiyya Kshema Sabha leaders handing over a memorandum to V D Satheesan.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, കുമാരപിള്ള റിപ്പോർട്ട് എന്നിവയിൽ തീയ്യ വിഭാഗത്തെ പ്രത്യേക സമുദായമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തീയ്യരുടെ മരണാനന്തര ചടങ്ങുകൾ, തെയ്യ സമ്പ്രദായത്തിലുള്ള ആരാധനകൾ, മടപ്പുരകൾ, തറകൾ തുടങ്ങിയവ ഈഴവ വിഭാഗത്തിന് ഇല്ലെന്നും പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിൽ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ മേൽ പറഞ്ഞ കാര്യങ്ങൾ തീയ്യക്ഷേമ സഭ മുഖ്യ വിഷയമായി സർക്കാരിന് മുന്നിൽ ഉയർത്തിക്കാട്ടും.

പയ്യന്നൂരിൽവെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തീയ്യക്ഷേമ സഭ നിവേദനം കൈമാറിയത്. തീയ്യക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി, കണ്ണൂർ ജില്ലാ പ്രസിഡന്റ് അനുരാഗ് പി.വി, കണ്ണൂർ ജില്ലാ സെക്രട്ടറി അജയൻ മത്യാരി, കണ്ണൂർ മേഖല സെക്രട്ടറി അഡ്വ. ലതീഷ് ഭരതൻ, മല്ലിയോട് മേഖല സെക്രട്ടറി കൃഷ്ണൻ കാവിനരികത്ത് എന്നിവരാണ് പ്രതിപക്ഷ നേതാവിന് നിവേദനം കൈമാറിയത്.

തീയ്യ സമുദായത്തിൻ്റെ ഈ ആവശ്യം ന്യായമാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ, ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.

Article Summary: Thiyya Kshema Sabha demands separate caste recognition.

#Thiyya #Ezhava #CasteRecognition #KeralaPolitics #Reservation #VD_Satheesan

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia