അന്താരാഷ്ട്ര വനിതാ ദിനത്തിന് തയ്യാറെടുക്കുന്നതിനിടയിലും സിപിഎം സംസ്ഥാന സമിതിയിലേക്ക് തെരെഞ്ഞടുത്തത് 13 വനിതകളെ മാത്രം; മൂന്നു പേര്‍ പുതുമുഖങ്ങള്‍
തിരുവനന്തപുരം: (www.kasargodvartha.com 04.03.2022) അന്താരാഷ്ട്ര വനിതാ ദിനത്തിന് ഇനി വെറും നാല് ദിവസങ്ങള്‍ മാത്രമാണുള്ളത്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ തിരിച്ചറിയുന്നതിനായി അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വര്‍ഷവും മാര്‍ച് എട്ടിന് ആഘോഷിക്കുന്നു.
ഈ അവസരത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സിപിഎം സംസ്ഥാന സമിതിയില്‍ 13 വനിതകള്‍ ഇടം നേടി. ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളുമാണ്. കെ എസ് സലീഖ, കെ കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതിയതായി സമിതിയില്‍ ഇടംപിടിച്ചിരിക്കുന്നത്.
പി കെ ശ്രീമതി, എം സി ജോസഫൈന്‍, കെ കെ ശൈലജ, സതീദേവി, പി കെ സൈനബ, കെ പി മേരി, സി എസ് സുജാത, ജെ മേഴ്സിക്കുട്ടിയമ്മ, സൂസന്‍ കോടി, ടി എന്‍ സീമ എന്നിവര്‍ സമിതിയില്‍ തുടരും. പി കെ ശ്രീമതി സംസ്ഥാന സെക്രടേറിയറ്റിലും ഉള്‍പെട്ടിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം വട്ടവും സംസ്ഥാന സെക്രടറിയായി തുടരും. പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. പിന്നാലെ പുത്തന്‍ തലമുറമാറ്റവുമായി സംസ്ഥാന സമിതി.
എം സ്വരാജും മുഹമ്മദ് റിയാസും സജി ചെറിയാനും വിഎന്‍ വാസവനും ആനാവൂര്‍ നാഗപ്പനും പികെ ബിജുവും പുത്തലത്ത് ദിനേശനും സിപിഎം സംസ്ഥാന സെക്രടേറിയറ്റില്‍ ഇടംപിടിച്ചു. 89 പേരുള്ള സമിതിയിലേക്ക് പി ശശി, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം എന്നിവരെയും ഉള്‍പെടുത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.
രാജു ഏബ്രഹാം, കെ അനില്‍ കുമാര്‍, പനോളി വിത്സണ്‍, വിപി സാനു എന്നിവരും സംസ്ഥാന സമിതിയിലുണ്ട്. സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. 75 വയസ് കഴിഞ്ഞ 14 പേരാണ് സംസ്ഥാന കമിറ്റിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. 88 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കമിറ്റിയില്‍ ഒരാള്‍ കൂടി ചേര്‍ക്കപ്പെട്ട് 89 ആകും. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ നടക്കും.
പാര്‍ടിയില്‍ വനിതകള്‍ക്ക് തുല്യ പരിഗണന ലഭിക്കുമോയെന്ന ചോദ്യം ഉയരുന്നതിനിടയിലാണ് വനിതകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതിരുന്നത്.
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Politics, Political party, Women, Women's-day, CPM, Thirteen Women on CPM State Committee, Three Newcomers