തദ്ദേശ തെരെഞ്ഞടുപ്പില്‍ യു ഡി എഫിന്റെ ശക്തി കാണാന്‍ പോകുന്നതേയുള്ളു; പുതിയ കക്ഷികള്‍ വരും, അടിത്തറ വികസിപ്പിക്കും: എം എം ഹസന്‍
കാസര്‍കോട്: (www.kasargodvartha.com 03.11.2020) യു ഡി എഫിന്റെ അടിത്തറ വികസിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി വികസിപ്പിക്കുന്ന കാര്യം പരിഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിതല തിരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫ് ജില്ലാ കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും.
ഈ മാസം 11നകം എല്ലാ ജില്ലകളിലും കണ്‍വെന്‍ഷനുകള്‍ ചേരും.
ബുധനാഴ്ച കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ നടക്കും. സീറ്റ് വിഭജനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്‍വന്‍ഷനുകളില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, പി ജെ ജോസഫ്, എ എ അസീസ്, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, ജി ദേവദരാജന്‍, സി പി ജോണ്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, കെ പി എ മജീദ് ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പിനെ യു ഡി എഫ് ഒറ്റകെട്ടായി നേരിടും. ദുര്‍ഭരണത്തിനും അഴിമതിക്കും, ഫാസിസത്തിനുമെതിരെ ജനകീയാടിത്തറ ഉറപ്പാക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും സി പി എം നേതാക്കളും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ വഴി തെറ്റുന്നുവെന്ന് പറയുന്നത് സാധാരണക്കാര്‍ക്ക് പോലും അജ്ഞാതമാണ്.
എവിടെയാണ് വഴി തെറ്റിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ശിവശങ്കറെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇ മൊബിലിറ്റി, സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍ അഴിമതികള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Press meet, UDF, Election, M.M. Hassan, Politics, The strength of the UDF is going to be seen in the local elections; MM Hassan