മുല്ലപ്പള്ളിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലെന്ന് സി പി എം
Apr 7, 2021, 23:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.04.2021) മഞ്ചേശ്വരം മണ്ഡലത്തിലെ വിജയത്തിൽ ആശങ്കയുണ്ടെന്നും സി പി എം ബി ജെ പിക്ക് മറിച്ചുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ സി പി എം രംഗത്ത് വന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലെന്ന് സി പി എം കുമ്പള ഏരിയ സെക്രടറി സി കെ സുബൈർ വ്യക്തമാക്കി.
മണ്ഡലത്തിൽ മൂന്നു മുന്നണികളും അതിശക്തമായി മത്സരിച്ചിട്ടുണ്ട്. ലീഗും ബി ജെ പിയും ജനങ്ങളെ മതപരമായി വിഭജിച്ച് വോട് തേടിയപ്പോൾ മതേതരത്വത്തിനും വികസനത്തിനുമായിരുന്നു എൽ ഡി എഫ് വോട് ചോദിച്ചിരുന്നത്.
വോടെടുപ്പു നടക്കുന്നതിന്റെ തൊട്ടു മുമ്പ് മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും കടക വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതു കൃത്യമായ ലക്ഷ്യത്തോടെ ആയിരുന്നു. മുല്ലപള്ളി ഇടതു സഹായം തേടിയപ്പോൾ ഉമ്മൻ ചാണ്ടി അതു നിരാകരിക്കുവാനാണ് തയ്യാറായത്. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചരണ പരിപാടികളിൽ യു ഡി എഫിന്റെ പ്രധാന നേതാക്കൾ ആരും വന്നിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ റദ്ദു ചെയ്തിന്റെ പിന്നിൽ ആരായിരുന്നുവെന്നും സുബൈർ ചോദിക്കുന്നു. എന്തു കൊണ്ടാണ് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയില്ലെന്നും, രാജ് മോഹൻ ഉണ്ണിത്താൻ എത്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും, എം സി ഖമറുദ്ദീൻ എന്തു കൊണ്ട് ഒളിച്ചു കളിച്ചുവെന്നും സുബൈർ ചോദിച്ചു.
ആരാണ് കോൺഗ്രസ് നേതാക്കളെ അക്രമിക്കുവാൻ യൂത് ലീഗുകാരെ ചട്ടം കെട്ടിയതെന്ന ചോദ്യങ്ങൾ എല്ലാം ചേർന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. അതിനോട് ചേർന്നു ഖമറുദ്ദിൻ കൂടി പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. കോൺഗ്രസിലെ ഒരു വിഭാഗവും ലീഗിലെ ഖമറുദ്ദീൻ വിഭാഗവും കൃത്യമായി വോട് മറിച്ചുവെന്ന് അവരുടെ പ്രസ്താവനകളിൽ നിന്നും വായിച്ചെടുക്കുവാൻ സാമാന്യ ബുദ്ധിതന്നെ ധാരാളമെന്ന് സുബൈർ പറഞ്ഞു.
സ്വന്തം വോട് ചോർത്തി ബി ജെ പി ക്കു നൽകി സുരേന്ദ്രനെ ജയിപ്പിക്കുവാൻ തീരുമാനിച്ച ഖമറുദീനു പിൻബലം പി കെ കുഞ്ഞാലി കുട്ടിയെ ഇഡി വിളിപ്പിച്ചതാണെന്നു ലീഗു നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട്. 1991 ലും 2001 ലും പരാജയപ്പെട്ട കോലീബി സഖ്യത്തിന്റെ മറ്റൊരു രൂപമാണ് ഇക്കുറി കുഞ്ഞാലികുട്ടി ഖമറുദീനിലൂടെ ഓപറേറ്റ് ചെയ്യുവാൻ ശ്രമിച്ചത്.
സ്വന്തം വോട് നൽകി സി പി എമിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ആരൊക്കെ വോട് മറിച്ചാലും മഞ്ചേശ്വരം ബി ജെ പി യെ തടയുമെന്നും അതു ഇടതു പക്ഷത്തിന്റെ ഉറപ്പാണെന്നും സുബൈർ പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, LDF, UDF, The CPM has said that Mullappally's statement is an anticipatory bail.
< !- START disable copy paste -->