city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുഷമാ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ന്യൂഡെല്‍ഹി: (www.kvartha.com 07.08.2019) കഴിഞ്ഞദിവസം അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. അധികാര സ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുഷമ സ്വരാജ് കാണിച്ചിരുന്ന നയതന്ത്ര നീക്കങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് സുഷമയുടെ വിയോഗം തീരാനഷ്ടമാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 67-ം വയസില്‍ ഡെല്‍ഹിയി എയിംസിലായിരുന്നു സുഷമയുടെ അന്ത്യം.

2016ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ അനാരോഗ്യം കാരണം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചവരെ ഡെല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരം അതിനുശേഷം ഡെല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

 സുഷമാ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

എയിംസില്‍നിന്ന് പുലര്‍ച്ചെയോടെയാണ് ഭൗതികശരീരം ഡെല്‍ഹിയിലെ വസതിയിലെത്തിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നുമണി വരെയാണ് ബി.ജെ.പി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചത്. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും.

അന്തരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. 'ജീവിതകാലം മുഴുവന്‍ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്കു നന്ദി'ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. കേന്ദ്ര സര്‍ക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രശംസിച്ചുള്ള മറ്റു മൂന്നു ട്വീറ്റുകളും സുഷമയുടെ അക്കൗണ്ടില്‍ നിന്നും വന്നിരുന്നു.

ഹരിയാനയിലെ പാല്‍വാലില്‍ 1953 ഫെബ്രുവരി 14ന് ഹര്‍ദേവ് ശര്‍മയുടേയും ലക്ഷ്മി ദേവിയുടേയും മകളായി ജനിച്ച സുഷമ കുട്ടിക്കാലത്തു തന്നെ അസാമാന്യമായ ഓര്‍മശക്തിക്ക് ഉടമയായിരുന്നു. പിതാവ് ഹര്‍ദേവ് ശര്‍മ അറിയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകയായി ജോലി നോക്കി . 1970 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ മികച്ച പ്രാസംഗികയായിരുന്നു സുഷമ .

1975 ലെ അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രചാരണം നടത്തിയതിലൂടെയാണ് സുഷമ രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. ഹരിയാനയില്‍ ബി.ജെ.പി-ലോക്ദള്‍ സഖ്യത്തിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ചു.

ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനത്തിന് അര്‍ഹയുമായി. 1977 ല്‍ ഹരിയാന നിയമസഭയില്‍, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വെറും 25 വയസ്സായിരുന്നു സുഷയ്ക്കുണ്ടായിരുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തമാണ്.

1975ല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന വക്കീലായ സ്വരാജ് കൗശലിനെ വിവാഹം കഴിച്ചു. 1990-1993 കാലഘട്ടത്തില്‍ മിസോറാം സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു സ്വരാജ് കൗശല്‍. തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവര്‍ണര്‍ പദം അലങ്കരിക്കുന്നത്. 1998 മുതല്‍ 2004 വരെ സ്വരാജ് കൗശല്‍ പാര്‍ലമെന്റംഗമായിരുന്നു.

1998 ല്‍ സ്വരാജ് രാജ്യസഭാംഗമായിരുന്നു, അതേസമയം തന്നെ സുഷമ ലോകസഭാംഗവും ആയിരുന്നു. 2000-2004 കാലഘട്ടത്തല്‍ ഇരുവരും രാജ്യസഭാംഗങ്ങളായിരുന്നു. ഏക മകള്‍ ഭാന്‍സുരി സ്വരാജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കിയശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകയായി സേവനം അനുഷ്ഠിക്കുന്നു.

ഒന്നാം മോഡി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരിക്കുമ്പോള്‍ സുഷമ നടത്തിയ സേവനങ്ങളാണ് അവരെ കൂടുതല്‍ പ്രശസ്തയാക്കിയത്. ഏത് വിളിപ്പാടകലെ ഉണ്ടെങ്കിലും സഹായം ചോദിക്കുന്നവരെ നിരാശരാക്കാന്‍ സുഷമ ഒരുക്കമല്ലായിരുന്നു. തന്നെ ആശ്രയിക്കുന്നവര്‍ക്ക് എന്നും അഭയം നല്‍കുക മാത്രമാണ് സുഷമ ചെയ്തത്.

വിദേശത്തു വിഷമതകള്‍ നേരിടുന്ന ഇന്ത്യക്കാര്‍ക്കെല്ലാം ആശ്രയിക്കാവുന്ന അടുത്ത ബന്ധുവിന്റെ സ്ഥാനമായിരുന്നു സുഷമയ്ക്ക്. 2017 ജൂണില്‍ കരണ്‍ സായ്‌നി എന്നയാള്‍ തമാശയ്ക്ക് ട്വീറ്റ് ചെയ്തു. '987 ദിവസം മുന്‍പു ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ്. ഭക്ഷണം തീരുകയാണ്. എന്നാണ് മംഗള്‍യാന്‍ 2 പുറപ്പെടുക?' എന്ന് . ഉടന്‍ സുഷമയുടെ മറുപടിയെത്തി 'നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും!'.

ഒന്‍പതാം വയസ്സില്‍ ട്രെയിന്‍ മാറിക്കയറി പാകിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യക്കാരി പെണ്‍കുട്ടി 15 വര്‍ഷത്തിനുശേഷം 2015ല്‍ രക്ഷിതാക്കളെ തേടി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ഗീതയെ തിരിച്ചയയ്ക്കുന്നില്ലെന്നു നിലപാടിലായിരുന്നു സുഷമ . ഗീത ഇന്ത്യയുടെ മകളാണ്. കുടുംബത്തെ കണ്ടുമുട്ടിയില്ലെങ്കില്‍ പോലും പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഗീതയെ സംരക്ഷിക്കുമെന്നുമായിരുന്നു സുഷമ പറഞ്ഞത്.

ആറു വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരി മോചനത്തിനും സുഷമ കാരണമായി. മകന്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍ സുഷമയെ കെട്ടിപ്പിടിച്ചു ഹമീദിന്റെ ഉമ്മ ഫൗസിയ പറഞ്ഞത് ഇങ്ങനെ: 'എന്റെ രാജ്യം മഹത്തരം. എന്റെ മാഡം (സുഷമ) ഏറ്റവും മഹതി'.

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 2012 ല്‍ അഫ്ഗാനിസ്ഥാനിലൂടെ പാകിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചാണു പട്ടാളക്കോടതി 2015ല്‍ തടവുശിക്ഷയ്ക്കു വിധിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി 96 തവണയാണു പാക് സര്‍ക്കാരുമായി ബന്ധപ്പെട്ടത്.

സൗദിയില്‍ തൊഴിലുടമ തന്നെ അടിമയാക്കി വച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു പഞ്ചാബി യുവതിയുടെ വിഡിയോ പുറത്തുവന്നപ്പോഴും സുഷമ വെറുതെയിരുന്നില്ല. എത്രയും വേഗം ആളെ കണ്ടെത്താന്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നിര്‍ദേശം നല്‍കി.

ഒരു വയസ്സുള്ള പാക്ക് ബാലികയ്ക്ക് ഇന്ത്യയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ വിസ നല്‍കുമെന്നും 2017 ഒക്ടോബറില്‍ സുഷമ അറിയിച്ചു. ഇതുസംബന്ധിച്ച് കുട്ടിയുടെ അമ്മയുടെ അഭ്യര്‍ഥന എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിസ അനുമതി നല്‍കിക്കൊണ്ടു മന്ത്രി ട്വിറ്ററില്‍ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

കരള്‍ രോഗ ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരാന്‍ വിസ അനുവദിച്ച സുഷമ സ്വരാജിനു പാകിസ്ഥാനില്‍ നിന്നുള്ള ഹിജാബ് ആസിഫ് ഹൃദയപൂര്‍വം നന്ദി പറഞ്ഞത് 2017 ജൂലൈയില്‍. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തടസ്സങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്, ഇക്കാര്യത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു ഹിജാബ് ട്വിറ്ററിലൂടെ സുഷമയ്ക്കു സന്ദേശമയച്ചിരുന്നു.

2017 ജൂലൈയില്‍ നാലു മാസം പ്രായമുള്ള റൊഹാന്‍ എന്ന പാകിസ്ഥാനി ആണ്‍കുഞ്ഞിനു നോയിഡയിലെ ജെപി ആശുപത്രിയില്‍ വിജയകരമായ ഹൃദയ ശസ്ത്രക്രിയ നടന്നതിനു പിന്നിലും തെളിഞ്ഞതു സുഷമയുടെ കാരുണ്യമനസ്സാണ്.

ലോകത്തെ ഏറ്റവും ഭാരമുള്ള (500 കിലോ) വനിത ഈജിപ്തിലെ കയ്‌റോ സ്വദേശിയായ ഇമാന്‍ അഹമ്മദിന് (36) ചികിത്സയ്ക്കായി വിസ ലഭിക്കാനുള്ള തടസ്സങ്ങള്‍ നീക്കിയതും സുഷമയാണ്. 25 വര്‍ഷമായി കട്ടിലില്‍ കഴിഞ്ഞിരുന്ന ഇമാന്റെ ഭാരംകുറയ്ക്കാനുള്ള വെല്ലുവിളി മുംബൈയിലെ പ്രശസ്ത ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ എ.ലക്ഡാവാല ഏറ്റെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sushma Swaraj's mortal remains at crematorium for last rites, New Delhi, news, Politics, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia