Toll Controversy | സ്ഥിരമായ ടോൾ പിരിവ് അന്യായമെന്ന സുപ്രീംകോടതി നിരീക്ഷണം: തലപ്പാടി ടോൾ പിരിവിനെതിരെയും പ്രദേശവാസികൾ രംഗത്ത്

● സുസ്ഥിരമായ ടോൾ പിരിക്കൽ ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
● ജനങ്ങളിൽ നിന്ന് അനാവശ്യവും, അന്യായവുമായി ലാഭമുണ്ടാക്കാൻ അനുവദിക്കാനാവില്ലെന്നും കോടതിവിധിയിൽ പറയുന്നുണ്ട്.
● തലപ്പാടി ടോൾഗേറ്റ് തുറന്നത് മുതൽ ഇതുവരെയായി കോടികളാണ് സ്വകാര്യ കമ്പനി പിരിച്ചെടുത്തിട്ടുള്ളത്.
മംഗ്ളുറു: (KasargodVartha) സംഘർഷങ്ങളുടെ കേന്ദ്രമായി മാറിയ തലപ്പാടി ടോൾ പിരിവിന് അന്ത്യമാവുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സ്ഥിരമായ ടോൾ പിരിവ് അന്യായമാണെന്ന സുപ്രീംകോടതി നിരീക്ഷണം പിരിവിനെതിരെ സമരം ചെയ്യുന്ന നാട്ടുകാരും, യാത്രക്കാരും പിടിവള്ളിയാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
പൊതുസംവിധാനങ്ങളുപയോഗിച്ച് ജനങ്ങളുടെ കഷ്ടപ്പാടിന്റെ വിലയിൽ അന്യായ ലാഭമുണ്ടാക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി 2024 ഡിസംബർ മാസം ഒരു ഹർജി പരിഗണിക്കവേ വിധി പ്രസ്താവിച്ചിരുന്നു. ഒരു ടോൾ പിരിവുമായി ബന്ധപ്പെട്ടതായിരുന്നു ഹർജി. സുസ്ഥിരമായ ടോൾ പിരിക്കൽ ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സർക്കാർ നയങ്ങളും നടപടികളും പൊതുജനങ്ങളെ ആത്മാർത്ഥമായി സേവിക്കുന്നതാകണമെന്ന് കോടതിവിധിയിൽ പറഞ്ഞിരുന്നു. കേവലം ടോൾ പിരിവിന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളെ സമ്പന്നമാക്കരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജനങ്ങളിൽ നിന്ന് അനാവശ്യവും, അന്യായവുമായി ലാഭമുണ്ടാക്കാൻ അനുവദിക്കാനാവില്ലെന്നും കോടതിവിധിയിൽ പറയുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ മറവിൽ പൊതുജനങ്ങൾക്ക് കോടികൾ പിരിവായി നൽകാൻ നിർബന്ധിതരാകേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇത് സ്ഥിരമായി അനുവദിച്ചു കൊടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധി രാജ്യത്തെ എല്ലാ ടോൾ പിരിവുകൾക്കും ബാധകമാണെന്ന തിരിച്ചറിവാണ് സംഘർഷങ്ങൾ തുടർക്കഥയാവുന്ന തലപ്പാടി ടോൾ ഗേറ്റിനെതിരെയും യാത്രക്കാർ അടക്കം രംഗത്ത് വരാൻ കാരണമായിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ഇപ്പോഴും തലപ്പാടി ടോൾഗേറ്റിൽ നാട്ടുകാരുടെ സമരങ്ങൾ നടന്നുവരുന്നുമുണ്ട്.
തലപ്പാടി ടോൾഗേറ്റ് തുറന്നത് മുതൽ ഇതുവരെയായി കോടികളാണ് സ്വകാര്യ കമ്പനി പിരിച്ചെടുത്തിട്ടുള്ളത്. എന്നിട്ടും ഇത് ഏറ്റെടുത്ത കമ്പനിയുടെ ആർത്തി തീരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. വാഹന ഉടമകൾക്ക് അന്യായമായി ടോൾ പിരിവ് നടത്തുന്നുവെന്നാണ് ഇവിടെ നിന്ന് പ്രധാന ആക്ഷേപം ഉയരുന്നത്. ടോൾ ഗേറ്റ് നിർമ്മിക്കാൻ വന്ന ചിലവിന്റെ രണ്ടിരട്ടി തുക ഇതിനകം കരാർ കമ്പനി പിരിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. പരാതി ബോധിപ്പിക്കുമ്പോഴും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാവുന്നതിനാൽ ടോൾ പിരിവ് കൊള്ള ആരോപിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ.
#ThalapadyToll, #TollGateProtest, #SupremeCourtRuling, #TollFees, #KeralaNews, #PublicProtest