എല്‍ ഡി എഫ് മുന്നണി ബന്ധം തകര്‍ന്ന മുളിയാറില്‍ സി പി എമ്മും സി പി ഐയും തമ്മില്‍ പ്രസ്താവനാ പോര്
കാസര്‍കോട്: (www.kasargodvartha.com 24.11.2020) എല്‍ ഡി എഫ് മുന്നണി ബന്ധം തകര്‍ന്ന മുളിയാറില്‍ സി പി എമ്മും സി പി ഐയും തമ്മില്‍ പ്രസ്താവനാ പോര്.
കഴിഞ്ഞ ദിവസം സി പി എം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സി പി ഐ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. സി പി ഐ മുന്നണി മര്യാദ ലംഘിക്കുന്നുവെന്നായിരുന്നു സി പി എമ്മിന്റെ ആരോപണം.
മുളിയാര്‍ പഞ്ചായത്തിലെ സി പി ഐയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സി പി എം മുളിയാര്‍ പഞ്ചായത്ത് കമ്മറ്റിയുടേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് സി പി ഐ കാസര്‍കോട് മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ പറഞ്ഞു. മുളിയാര്‍ പഞ്ചായത്തില്‍ മത്സരിക്കുന്നതിന് ഒന്നാം വാര്‍ഡ് സി പി ഐക്ക് ലഭിക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. പലവട്ടം ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ സി പി ഐ, സി പി എം ജില്ലാ നേതൃത്വം അവിടെ സൗഹാര്‍ദ്ദമത്സരമാകാമെന്ന് ധാരണയിലെത്തിയിരുന്നു.
സി പി ഐ മത്സരിക്കുന്ന വാര്‍ഡുകളിലൊഴികെ ബാക്കിയെല്ലാ വാര്‍ഡുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സി പി ഐ പ്രവര്‍ത്തിക്കുന്നതെന്നാണ് സി പി ഐ പറയുന്നത്.
എല്‍ ഡി എഫ് ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി പി എം പ്രതിനിധിയും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി പി ഐ പ്രതിനിധിയുമാണ്. യു ഡി എഫ് ജയിച്ച ഒന്നാം വാര്‍ഡ് പോലും സി പി ഐക്ക് സീറ്റ് വിട്ടുതരാന്‍ പ്രാദേശിക നേതൃത്വം തയ്യാറാക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സ്ഥിതിയുണ്ടായത്. രണ്ട് പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വത്തിന്റെ ധാരണയുടെ അടിസ്ഥാനത്തില്‍ മത്സര രംഗത്ത് വന്നതില്‍ മുന്നണി മര്യാദയുടെ ഒരു ലംഘനവുമില്ലെന്ന് സി പി ഐ പറയുന്നു.
സി പി ഐ മത്സരിക്കുന്ന വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നം അനുവദിച്ച് നല്‍കിയതില്‍ ഒരു അസ്വഭാവികതയുമില്ല. പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സി പി ഐ ഇക്കാര്യം പറയാതിരുന്നത് മുന്നണി മര്യാദ പാലിച്ചുകൊണ്ടാണ്. വിവാദമുണ്ടാക്കി മുന്നണി ബന്ധം വഷളാക്കരുതെന്ന നിര്‍ബന്ധം സി പി ഐക്ക് ഉണ്ട്. തെരെഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന സി പി എം പഞ്ചായത്ത് നേതൃത്വം നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു.
പ്രകോപനപരമായ നിലപാട് സ്വീകരിക്കാതെ സി പി ഐ സ്ഥാനാര്‍ത്ഥികളുടെയും മുന്നണിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുഴുവന്‍ പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും സി പി ഐ മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ അഭ്യര്‍ത്ഥിച്ചു.