city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ ഐ എൻ എലിലെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ എത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 14.06.2021) ജില്ലയിലെ ഐ എന്‍ എല്‍ നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള വിഭാഗീയതയും ഗ്രൂപ് പ്രശ്നവും പരിഹരിക്കാൻ രണ്ട് ദിവസത്തിനകം സംസ്ഥാന നേതാക്കൾ എത്തും. സംസ്ഥാന ജനറൽ സെക്രടറി ഖാസിം ഇരിക്കൂറിൻ്റെ നേതൃത്വത്തിലാണ് പ്രശ്നം ചർചയിലൂടെ പരിഹരിക്കാൻ നേതാക്കൾ എത്തുന്നത്.

പ്രസിഡണ്ടും ജനറല്‍ സെക്രടറിയും വിരുദ്ധ ചേരിയിലായതോടെയാണ് പാര്‍ടിയില്‍ പ്രശ്നം തുടങ്ങിയത്. ജില്ലാ - മണ്ഡലം നേതൃത്വത്തിൻ്റെ അനുമതി ഇല്ലാതെ ഒരു വിഭാഗം മുന്‍സിപല്‍ കമിറ്റി പുന:സംഘടിപ്പിച്ചതോടെ പ്രശ്നം പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു.

കാസർകോട്ടെ ഐ എൻ എലിലെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ എത്തുന്നു

മുന്‍സിപല്‍ കമിറ്റിയില്‍ നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സെക്രടറി എം എ ലത്വീഫും ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടും പങ്കെടുത്ത കാസര്‍കോട് മണ്ഡലം കമിറ്റി യോഗം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജില്ലാ കമിറ്റി ഓഫീസില്‍ ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

അതിന് പിന്നാലെ വൈകീട്ട് ജില്ലാ ജനറല്‍ സെക്രടറി അസീസ് കടപ്പുറത്തിൻ്റെ സാന്നിധ്യത്തില്‍ മുന്‍സിപല്‍ കമിറ്റിയിലെ ഒരു വിഭാഗം ജില്ലാ കമിറ്റി ഓഫീസില്‍ തന്നെ യോഗം ചേര്‍ന്ന് പുതിയ മുന്‍സിപല്‍ കമിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് പോര് രൂക്ഷമായത്.

മുന്‍സിപല്‍ കമിറ്റി പുനഃസംഘടിപ്പിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് മുന്‍സിപല്‍ ജനറല്‍ സെക്രടറി സിദ്ദീഖ് ചേരങ്കൈ വ്യക്തമാക്കിയതിന് പിന്നാലെ അതിനെതിരെ മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡിയും രംഗത്ത് വന്നതോടെ പ്രശ്നം പുതിയ തലത്തിലെത്തി. പുന:സംഘടനയിൽ അഭിപ്രായ ഭിന്നതയുണ്ടന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി പ്രസ്താവനയിൽ പറഞ്ഞു.

മുൻസിപൽ കമിറ്റി പ്രവർത്തനരഹിതമായപ്പോഴാണ് കൗൺസിൽ യോഗം ചേർന്ന് പുതിയ കമിറ്റിയെ തിരഞ്ഞെടുത്തതെന്നും മുഴുവൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ മുൻ ജനറൽ സെക്രടറി മാത്രമാണ് വിട്ടുനിന്നതെന്നും ഹാരിസ് ബെഡി പറഞ്ഞു.

നിലവിലുള്ള മുൻസിപൽ പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നിനെ വീണ്ടും പ്രസിഡണ്ടായും ഹനീഫ് തുരുത്തിയെ ജനറൽ സെക്രടറിയായും ഉമൈർ തളങ്കരയെ ട്രഷററായും യോഗത്തിൽ ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്നും മണ്ഡലം പ്രസിഡണ്ട് പറയുന്നു. ഇതുമായി ബന്ധപ്പെടുത്തി ജില്ലയിലെ ഐ എൻ എലിൽ വിഭാഗീയത രൂക്ഷമെന്നും ജില്ലാ പ്രസിഡണ്ടും സെക്രടറിയും ഇരുചേരിയിലും ആണന്നുള്ള പ്രചാരണം ശരിയല്ലെന്നും ഹാരിസ് ബെഡി അറിയിച്ചു.

പാർടി തകർന്ന് കാണാൻ ആഗ്രഹിക്കുന്ന ഒന്നോ രണ്ടോ പേരുടെ ശ്രമവും വ്യാമോഹവും മാത്രമാണ് ഇതിന് പിന്നിലെന്നും ഹാരിസ് ബെഡി കൂട്ടിച്ചേർത്തു. ജില്ല പ്രസിഡന്റിന്റെയും സെക്രടറിയുടെയും കീഴിൽ ഐ എൻ എൽ ഐക്യത്തോടെ പൂർവാധികം ശക്തിയോടെ മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി

അതേ സമയം തിരുവനന്തപുരത്ത് മന്ത്രി അഹ്‌മദ് ദേവർകോവിലിനെ കാണാൻ പോയപ്പോൾ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചയാളാണ് മണ്ഡലം പ്രസിഡണ്ടെന്ന് എതിർവിഭാഗം തിരിച്ചടിക്കുന്നു. രാജിവെച്ച മണ്ഡലം പ്രസിഡണ്ടിന് മുൻസിപൽ കമിറ്റി യോഗം വിളിച്ചു കൂട്ടാനും മേൽ കമിറ്റിയുടെ അംഗീകാരം തേടാതെ ഭാരവാഹികളെ തെരെഞ്ഞടുക്കാനും എന്തധികാരമെന്ന് എതിർവിഭാഗത്തിൽ പെട്ടവർ ചോദിക്കുന്നു.

പുതിയ മുൻസിപൽ കമിറ്റിക്ക് ജില്ലാ കമിറ്റിയുടയോ മണ്ഡലം കമിറ്റിയുടെയോ അംഗീകാരമില്ലെന്ന് ജില്ലാ പ്രസിഡന്റ് മൊയ്‌തീന്‍ കുഞ്ഞി കളനാട് വ്യക്തമാക്കുമ്പോൾ തന്നെ ഭൂരിഭാഗം കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത മുൻസിപൽ കമിറ്റി യോഗവും പുതിയ ഭാരവാഹികളെ തിരെഞ്ഞടുത്ത നടപടിയും പാർടിയുടെ അംഗീകാരത്തോടെ തന്നെയാണെന്ന് ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറവും പറയുന്നു. ഹാരിസ് ബെഡി മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജി വെച്ചിരുന്നുവെങ്കിലും ജില്ലാ പ്രസിഡണ്ടുമായി സംസാരിച്ച് അദ്ദേഹത്തിൻ്റെ അംഗീകാരത്തോടെ പിന്നീട് രാജി പിൻവലിച്ചിരുന്നതായും അസീസ് കടപ്പുറം പറഞ്ഞു.

സംഘടനാപരമായി എല്ലാ പാർടികളിലും ഉണ്ടാകുന്നത് പോലുള്ള അസ്വാരസ്യം മാത്രമേ ഐ എൻ എലിലും ഉള്ളൂവെന്നും പരിഹരിക്കാൻ കഴിയാത്ത തലത്തിലേക്ക് അത് വളരില്ലെന്ന് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാടും, ജനറൽ സെക്രടറി അസീസ് കടപ്പുറവും കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Kasaragod, INL, Political party, Politics, Leader, Moideen Kunji Kalanad, Kasim Irikkur, Haris Bedi, Azeez Kadappuram, State leaders arrive in Kasargod to resolve the issue at INL.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia