Smriti Irani | ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് സ്‌മൃതി ഇറാനി; രാഹുൽ ഗാന്ധിക്ക് മുസ്ലീംലീഗിന്റെ പതാക ഒളിപ്പിക്കേണ്ട ഗതികേടാണെന്നും കേന്ദ്രമന്ത്രി
* 'ഏത് കുംഭകോണത്തിലും ഇൻഡ്യ സഖ്യത്തിലെ പാർടികളാണ്'
* കാഞ്ഞങ്ങാട്ട് എൻഡിഎ പ്രകടനപത്രികയും പ്രകാശനം ചെയ്‌തു
കാഞ്ഞങ്ങാട്: (KasargodVartha) നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാഞ്ഞങ്ങാട് എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോദിയെ വെല്ലുവിളിക്കുന്ന ആളുകൾക്ക് അവരുടെ നേതാവ് ആരെന്നും എന്താണ് അവരുടെ കർമപദ്ധതി എന്നും ചോദിച്ചാൽ ഉത്തരമില്ല. കോൺഗ്രസും സിപിഎമും കേരളത്തിൽ മത്സരവും കേന്ദ്രത്തിൽ കെട്ടിപ്പിടുത്തവുമാണെന്നും സ്മൃതി ഇറാനി വിമർശിച്ചു.
കേന്ദ്രത്തിൽ നരേന്ദ്ര മോദി സഹകരണ വകുപ്പ് മന്ത്രാലയം രൂപീകരിച്ചപ്പോൾ കേരളത്തിൽ സഹകരണ ബാങ്കുകളെ കൊള്ളയാണ് നടന്നത്. കരുവന്നൂരിൽ സിപിഎമും കണ്ട്ലയിൽ സിപിഐയും മലപ്പുറത്ത് ലീഗും സഹകരണ ബാങ്ക് കൊള്ള നടത്തിയപ്പോൾ കോൺഗ്രസ് വയനാട്ടിലാണ് ബാങ്ക് കൊള്ള നടത്തിയത്. ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനമാണ് ഈ കൊള്ളയ്ക്ക് പിന്നിൽ. സഹകരണബാങ്ക് കൊള്ള മുതൽ സ്വർണക്കടത്ത് വരെയുള്ള ഏത് കുംഭകോണത്തിലും ഇൻഡി സഖ്യത്തിലെ പാർടികളാണ്.
മത്സ്യ സമ്പദ് യോജന പ്രകാരം 400 കോടി രൂപ അനുവദിച്ചതിൽ 72 കോടി മാത്രാണ് കേരളം ചിലവാക്കിയത്. 50 വർഷം പ്രതിനിധീകരിച്ച അമേത്തിയിൽ നാല് ലക്ഷം വീടുകളിൽ ശുദ്ധജല കണക്ഷനുകൾ ലഭ്യമാക്കിയതും റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചതും താൻ എംപിയായ ശേഷമാണ്. കേരളത്തിലെ ദേശീയപാത വികസനവും അമൃത് സ്റ്റേഷൻ പദ്ധതിയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ വികസനവും സാധ്യമാക്കിയത് നരേന്ദ്രമോദി സർകാരാണ്.
അഴിമതിക്കും വികസനമുരടിപ്പിനുമുള്ള പരിഹാരം നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ്. വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് മുസ്ലീംലീഗ് പതാക ഒളിപ്പിക്കേണ്ട ഗതികേടാണെന്നും എത്ര നാൾ ഈ ഒളിച്ചു കളി തുടരാൻ സാധിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. നോർത് കോട്ടച്ചേരിയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് എൻഡിഎ പ്രകടനപത്രികയും പ്രകാശനം ചെയ്‌തു.
ചെയർമാൻ എം. നാരായണ ഭട്ട് അധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത് ,കാസർകോട് ലോകസഭ എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി എന്നിവർ സംസാരിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, ദേശീയ കൗൺസിൽ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, മേഖല ജനറൽ സെക്രട്ടറി പി. സുരേഷ് കുമാർ ഷെട്ടി, മേഖല സെക്രട്ടറി കെ പി അരുൺ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ, സംസ്ഥാന സമിതിയംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, സി. നാരായണൻ, അഡ്വ. ശ്രീധരൻ പൊതുവാൾ, അഡ്വ. മനോജ് കുമാർ, വി. രവീന്ദ്രൻ, എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. കൈയ്യാർ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ എം. ബൽരാജ്, എം.സുധാമ ഗോസാഡ, ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, ജില്ലാ സെൽ കോർഡിനേറ്റർ എൻ. ബാബുരാജ്, എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി ചെയർമാൻ കെ.കെ. നാരായണൻ, എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രമേഷ് യാദവ്, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സന്തോഷ് കാളിയത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ്
ഗണേഷ് പാറക്കട്ട, ആർഎൽജെപി ജില്ലാ പ്രസിഡൻ്റ് രാമകൃഷ്ണൻ വാഴുന്നോറടി, ശിവസേന ജില്ലാ കോർഡിനേറ്റർ ജയരാജ്, എൽജെപി ജില്ലാ പ്രസിഡൻ്റ് അരവിന്ദാക്ഷൻ എസ്ജെഡി ജില്ലാ പ്രസിഡൻ്റ്
രാമകൃഷ്ണൻ ആചാരി, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് വിനീത് കുമാർ ,ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എം. പ്രശാന്ത്, എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ സ്വാഗതവും സെക്രട്ടറി എൻ മധു നന്ദിയും പറഞ്ഞു.
sp എൻഡിഎ പ്രകടനപത്രിക പ്രകാശനം ചെയ്‌തു