ജനകീയാസൂത്രണ രജതജൂബിലി; സർകാർ 'കവാട'ത്തിൽ സി ടി അഹ് മദലി പുറത്ത്; സമാന്തര വാതിൽ തുറന്ന് മുസ്ലിം ലീഗ്
Oct 21, 2021, 20:14 IST
സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com 21.10.2021) കേരളത്തിൽ ജനകീയാസൂത്രണ പ്രക്രിയ കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഏടുകളുമായി പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ 'കവാടം' ദൃശ്യാവിഷ്കാര പരിപാടിയിൽ പ്രഥമ പരിഗണന നൽകേണ്ട മുൻ മന്ത്രി സി ടി അഹ് മദലി പുറത്ത്. സമാനതകളില്ലാത്ത ജനപങ്കാളിത്ത പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിയുംവിധം അധികാര വികേന്ദ്രീകരണം യാഥാർഥ്യമാക്കിയ പഞ്ചായത്തീരാജ്-നഗരപാലിക നിയമം നിലവിൽ വന്നത് അഹ് മദലി തദ്ദേശ സ്വയംഭരണ മന്ത്രിയായ വേളയിലായിരുന്നു. എന്നാൽ കവാടം ഒന്നാം എപിസോഡിൽ ജനകീയാസൂത്രണ, ജില്ല കോഓർഡിനേറ്ററായിരുന്ന കെ ബാലകൃഷ്ണൻ വരെ ഇടംപിടിച്ചിട്ടും മുൻ മന്ത്രിയെ ഉൾപെടുത്തിയില്ല.
കെ കരുണാകരൻ മന്ത്രിസഭയിൽ 1991 ജൂൺ മുതൽ 1995 മാർച് വരെ തദ്ദേശ സ്വയംഭരണ, തുടർന്ന് 1996 മെയ് വരെ പൊതുമരാമത്ത് വകുപ്പ് ചുമതല അഹ് മദലി വഹിച്ചു. 1994 ഏപ്രിലിൽ പഞ്ചായത്ത്, നഗരപാലിക ബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ സി ടിയാണ് വകുപ്പ് മന്ത്രി. കാസർകോട് ജില്ല ഭരണകൂടത്തിൽ നിന്ന് വിളിപ്പാടകലെ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിൽ നായന്മാർമൂലയിലാണ് ഇദ്ദേഹത്തിന്റെ വീട്. 1980 മുതൽ 2006 വരെ തുടർചയായി കാസർകോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി ടി നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ, യു ഡി എഫ് ജില്ല ചെയർമാൻ എന്നീ നിലകളിൽ സജീവമാണ്.
പി ആർ ഡി തയ്യാറാക്കിയ കവാടം ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനന്റെ ചാനൽ പ്രവർത്തന പരിചയവും മീഡിയ അകാഡെമി അംഗം ജയകൃഷ്ണൻ നരിക്കുട്ടിയുടെ അവതരണ ഭംഗിയും കൊണ്ട് മികവ് പുലർത്തുന്നതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മുൻ പ്രസിഡണ്ട് ഇ പത്മാവതി, പിന്നണി പ്രവർത്തകരായ പപ്പൻ കുട്ടമത്ത്, കോഓർഡിനേറ്റർ കെ ബാലകൃഷ്ണൻ തുടങ്ങി ജനകീയാസൂത്രണ അനുഭവങ്ങൾ പറയുന്നവരെല്ലാം ഇടതുപക്ഷക്കാർ.
അധികാര വികേന്ദ്രീകരണത്തിന്റെ കഥ പറച്ചിലിൽ സ്വീകരിച്ച ഈ രാഷ്ട്രീയ കേന്ദ്രീകരണ പ്രക്രിയയോട് കലഹിച്ചു നിൽക്കാതെ സമാന്തര കവാടം ജനങ്ങൾക്ക് മുന്നിൽ തുറന്നിടുകയാണ് മുസ്‌ലിം ലീഗ് ജില്ല കമിറ്റി. മൂന്നു മാസം നീളുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. ജനകീയാസൂത്രണ നാൾവഴികളിലൂടെ സഞ്ചരിക്കാനാണ് പരിപാടി. ഇതിന്റെ ഉദ്‌ഘാടനം 24 ന് നടത്താനും കെ മുരളീധരനെ കൊണ്ട് സി ടി അഹ് മദലിക്ക് സ്നേഹാദരം സമർപിക്കാനുമാണ് ലീഗ് തയ്യാറെടുക്കുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Muslim-league, C.T Ahmmed Ali, K.Karunakaran, Silver Jubilee of Janakeeyasoothranam; former minister C T Ahammad Ali out in government programme.
< !- START disable copy paste -->