Results | 2024 ൽ ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഞെട്ടിച്ച 5 വമ്പൻ തോൽവികൾ
● ഹരിയാനയിൽ ബിജെപി മൂന്നാം തവണയും അധികാരം നിലനിർത്തി
● മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിക്ക് വലിയ പരാജയം
ന്യൂഡൽഹി: (KasargodVartha) തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. എല്ലാവർക്കും ജയിക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ നേതാക്കളോ പാർട്ടികളോ അപ്രതീക്ഷിതമായി പരാജയപ്പെടുന്നത് പലപ്പോഴും ആളുകളെ അമ്പരപ്പിക്കാറുണ്ട്. ഈ വർഷം നടന്ന അത്തരം അഞ്ച് പ്രധാന തോൽവികൾ പരിശോധിക്കാം.
1. സ്മൃതി ഇറാനി, അണ്ണാമലൈ, ഒമർ അബ്ദുല്ല
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തിയെങ്കിലും സീറ്റുകൾ കുറഞ്ഞു. അമേഠിയിൽ വൻ തിരിച്ചടിയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനി നേരിട്ടത്. 2019-ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ശ്രദ്ധനേടിയ അവർ ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് തോറ്റത്.
തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ അണ്ണാമലൈയെ താരപ്രഭയിൽ കോയമ്പത്തൂരിൽ നിന്ന് ബിജെപി മത്സരിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച അണ്ണാമലൈ ഡിഎംകെ സ്ഥാനാർത്ഥി ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് തോറ്റു.
അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ് തോറ്റതും വലിയ ചർച്ചയായി. പട്ടികജാതി നേതാവായ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി അവധേഷ് പ്രസാദ് 54,567 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്.
ഞെട്ടിച്ചുകൊണ്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൽ റാഷിദ് ഷെയ്ഖിനോട് പരാജയപെട്ടു. രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച മറ്റൊരു മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയാണ് മെഹബൂബ മുഫ്തി.
ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് മിയാൻ അൽതാഫ് അഹമ്മദിനോട് 2.8 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അവർ പരാജയപ്പെട്ടത്. പശ്ചിമ ബംഗാളിൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയും ഛത്തീസ്ഗഡിൽ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പരാജയപ്പെട്ടതും ശ്രദ്ധേയമായി.
2. ഹരിയാനയിലെ അപ്രതീക്ഷിത ഫലം
എല്ലാ എക്‌സിറ്റ് പോളുകളേയും അതുപോലെ തിരഞ്ഞെടുപ്പ് വിദഗ്ധരെയും ഞെട്ടിച്ച് കൊണ്ട്, ബിജെപി തുടർച്ചയായ മൂന്നാം തവണയും ഹരിയാന പിടിച്ചടക്കി. കോൺഗ്രസിന്റെ തോൽവി സർപ്രൈസായിരുന്നു. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി കേവലഭൂരിപക്ഷം കരസ്ഥമാക്കി. ഭരണ വിരുദ്ധത ഉൾപ്പെടെ പല കാരണങ്ങളാൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷത്തേക്കാൾ ഒമ്പത് സീറ്റുകൾ കുറവാണ് ഇത്.
3. മഹാരാഷ്ട്രയിലെ പ്രതിപക്ഷ തകർച്ച
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48-ൽ 31 സീറ്റുകളും നേടിയ പ്രതിപക്ഷ സഖ്യമായ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത് ഏവരേയും ഞെട്ടിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 288 സീറ്റുകളിൽ 230 സീറ്റുകളും നേടി അധികാരം നിലനിർത്തി. ബിജെപി 132 സീറ്റും ശിവസേന 57 സീറ്റും എൻസിപി 41 സീറ്റും കരസ്ഥമാക്കി.
മറുവശത്ത് മഹാ വികാസ് അഘാഡിക്ക് ലഭിച്ചത് കേവലം 46 സീറ്റുകൾ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20, തൊട്ടുപിന്നാലെ കോൺഗ്രസ് 16, എൻസിപി (എസ്പി) 10 എന്നിങ്ങനെയാണ് കക്ഷിനില.
അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 59 സീറ്റുകളിൽ മത്സരിച്ച് 41 സീറ്റുകളിൽ വിജയിച്ചു, ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം 89 സീറ്റുകളിൽ മത്സരിച്ചെങ്കിലും 10 സീറ്റുകൾ മാത്രമാണ് നേടിയത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 79 സീറ്റുകളിൽ മത്സരിച്ച് 57 സീറ്റുകളിൽ ജയിച്ചപ്പോൾ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന 98 സീറ്റുകളിലും മത്സരിച്ചെങ്കിലും 20 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.
4. കേരളത്തിൽ എൽഡിഎഫ് തോൽവി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം തുടരുന്നതാണ് കണ്ടത്. യുഡിഎഫ് 18 മണ്ഡലങ്ങളിൽ വിജയിച്ചു. എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ മാത്രം വിജയിച്ച് ഒറ്റ സീറ്റിൽ ഒതുങ്ങി. മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനാണ് എൽഡിഎഫിനായി മണ്ഡലം തിരിച്ചു പിടിച്ചത്. എന്നാൽ കഴിഞ്ഞ തവണ ജയിച്ച ആലപ്പുഴ അവർക്ക് നഷ്ടമായി. തൃശൂരിൽ വിജയിച്ച് ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. സുരേഷ് ഗോപിയാണ് ബിജെപിക്കായി റെക്കോർഡ് കുറിച്ചത്. ഇവിടെ കോൺഗ്രസിലെ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായതും ശ്രദ്ധേയമായി.
5. ഒഡീഷയിൽ ബിജെഡിയുടെ പതനം
24 വർഷത്തെ ഭരണം പൂര്‍ത്തിയാക്കി തുടർഭരണം നേടാൻ ആഗ്രിച്ച നവീൻ പട്‌നായികിന്റെ ബിജെഡിക്ക് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഒഡീഷയില്‍ ഉണ്ടായത്. 78 സീറ്റുകളില്‍ വിജയിച്ച് ബിജെപി ആദ്യമായി സംസ്ഥാനത്ത് ഭരണത്തിലേറി. 112 സീറ്റുണ്ടായിരുന്ന ബിജെഡി 51 ലേക്ക് ഇടിഞ്ഞു. 2000 മുതല്‍ തുടർച്ചായ 24 വർഷത്തെ ഭരണത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന പടിയിറങ്ങിയത്. ബിജെഡി വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാകുമായിരുന്നു അദ്ദേഹം.
#IndiaElections2024, #PoliticalDefeats, #SmritiIrani, #BJP, #Congress, #HaryanaElections