നിർമ്മലാ സീതാറാമിന് പകരം ശശി തരൂറോ? കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു!
● പ്രധാനമന്ത്രി മോദിയുമായി തരൂർ കൂടിക്കാഴ്ച നടത്തി.
● തരൂർ ബിജെപിയിലേക്ക് പോകില്ലെന്ന് ചില കോൺഗ്രസുകാർ പറയുന്നു.
● തരൂരിന്റെ നീക്കങ്ങൾ യുഎൻ ലക്ഷ്യമിട്ടാണെന്നും വാദമുണ്ട്.
എം എം മുനാസിർ
ന്യൂഡൽഹി: (KasargodVartha) ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ദക്ഷിണേന്ത്യയിൽ നിന്ന് ഒരു വനിതാ പ്രസിഡന്റിനുള്ള സാധ്യത ഏറിവരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട്, കേരളം പോലുള്ള രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്, തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാറാം ബിജെപി അഖിലേന്ത്യാ പ്രസിഡന്റായി നിയമിതനായാൽ, ധനമന്ത്രിയായി പകരം ആര് എന്ന ചോദ്യമാണ് സജീവ ചർച്ചയാവുന്നത്.
ബിജെപി നേതാക്കൾക്കിടയിൽ നിരവധി പേരുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും, ഡൽഹിയിലും കേരളത്തിലും ചർച്ച ചെയ്യപ്പെടുന്ന പേര് ശശി തരൂർ എംപിയുടേതാണ്. ബിജെപി സംസ്ഥാന നേതൃത്വത്തെപ്പോലും ഞെട്ടിച്ച് വീണ്ടും ബിജെപി കേന്ദ്ര നേതൃത്വം ശശി തരൂർ എംപിക്ക് കേന്ദ്ര മന്ത്രിസഭയിൽ കാബിനറ്റ് പദവി നൽകിയാൽ അത്ഭുതപ്പെടാനില്ല.
മുൻപും കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരെ കേന്ദ്ര ബിജെപി നേതൃത്വം തീരുമാനിച്ചത് സംസ്ഥാന ബിജെപി ഘടകത്തെ അറിയിക്കാതെ തന്നെയാണ്. ശശി തരൂരിന്റെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കുമോ തീരുമാനമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി ശശി തരൂർ എംപി ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിയെ വരെ വിമർശിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ശശി തരൂരിനെ കൈവിട്ട മട്ടിലാണ്.
കഴിഞ്ഞ മാസം ശശി തരൂർ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ബിജെപിയിലേക്കുള്ള വാതിൽ തുറന്നു വെച്ചിരിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വം ശശി തരൂരിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. അതേസമയം ബി ജെ പി യിലേക്കില്ലെന്ന് മുമ്പ് നടത്തിയ പ്രസ്താവനകളല്ലാതെ പുതിയ സംഭവവികാസങ്ങളിലൊന്നും തരൂർ പ്രതികരിച്ചിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശശി തരൂർ കോൺഗ്രസ് വിട്ട് മറ്റുപാർട്ടിയിലേക്ക് പോകില്ലെന്നും മോദി സ്തുതിയും നിലവിലെ തരൂരിൻ്റെ നീക്കങ്ങളും ഐക്യരാഷ്ട്ര സഭയിലേക്കുള്ള തൻ്റെ ലക്ഷ്യങ്ങൾക്ക് വഴി തുറക്കാനാണെന്നുമാണ് ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ പറയുന്നത്.
നിർമ്മലാ സീതാറാമിന് പകരം ശശി തരൂർ ധനമന്ത്രിയാകുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Speculation arises on Shashi Tharoor as Finance Minister if Nirmala Sitharaman becomes BJP chief.
#ShashiTharoor #NirmalaSitharaman #KeralaPolitics #BJP #Congress #PoliticalSpeculation






