ശശി തരൂർ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ? കേന്ദ്ര നേതൃത്വം തന്ത്രങ്ങൾ മെനയുന്നു!

● തരൂർ ഉന്നത പദവികൾക്കായി വിലപേശുന്നതായി ആക്ഷേപം.
● കോൺഗ്രസ് നേതൃത്വം തരൂരിനെ തള്ളിപ്പറഞ്ഞു.
● രാജ്യസഭാ അംഗത്വവും ക്യാബിനറ്റ് പദവിയും തരൂർ ലക്ഷ്യമിടുന്നു.
● സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ എതിർപ്പ് കേന്ദ്രത്തിന് വെല്ലുവിളി.
● തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നു.
എം എം മുനാസിർ
ന്യൂഡൽഹി: (KasargodVartha) കോൺഗ്രസ് പാർട്ടിയിൽ നിന്നുകൊണ്ട് നിരന്തരം ‘മോഡി സ്തുതി’ നടത്തുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ എം.പിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം എന്ത് സ്ഥാനമായിരിക്കും നൽകാൻ പോകുന്നത്? അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോൾ തന്ത്രങ്ങൾ മെനയുകയാണ്.
കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെട്ടതോടെ, ‘ഇരുതോണിയിൽ കാൽ വെച്ച്’ ശശി തരൂർ എം.പി ഉയർന്ന സ്ഥാനങ്ങൾക്കായി വിലപേശുകയാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഡൽഹിയിൽ വെച്ച് തരൂർ ഇതിനകം രണ്ടുതവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ചർച്ചയുടെ കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ ‘രാജ്യമാണ് വലുത്’ എന്ന് തരൂർ പറയുന്നുണ്ടെങ്കിലും, സ്ഥാനമാനങ്ങൾക്കായുള്ള ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നതെന്ന് ബി.ജെ.പി-കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് തന്നെ തരൂരിന് പരിഹാസം നേരിടേണ്ടി വരുന്നുണ്ട്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തന്നെ ശശി തരൂരിനെ തള്ളിപ്പറഞ്ഞതും, മോദി സ്തുതി ലേഖനത്തിൽ തരൂർ എഴുതിയ ‘ഇംഗ്ലീഷ്’ തനിക്ക് മനസ്സിലായില്ലെന്ന് പറഞ്ഞതും തരൂരിനെ പാർട്ടി കൈവിട്ടു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പുറത്താക്കുന്നില്ല, ‘പോന്നാൽ പോകട്ടെ’ എന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്ന് വ്യക്തം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന കെ.പി.സി.സി നേതൃയോഗവും ശശി തരൂർ വിഷയം ചർച്ച ചെയ്തതേയില്ല. ഇവിടെയും ശശി തരൂർ വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കേന്ദ്ര നേതൃത്വത്തോടൊപ്പമാണ് എന്നതും ശ്രദ്ധേയമാണ്.
ശശി തരൂർ എം.പി ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമ്പോൾ തന്നെ ഉയർന്ന സ്ഥാനമാണ് അദ്ദേഹം ചോദിക്കുന്നതെന്ന് വ്യക്തമാണ്. ബി.ജെ.പിയിൽ ചേർന്നാൽ എം.പി സ്ഥാനം രാജിവെക്കേണ്ടി വരും. തിരുവനന്തപുരത്ത് ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നത് ശശി തരൂരിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്, പ്രത്യേകിച്ച് നിലമ്പൂർ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ക്യാമ്പുകൾ ഉണർന്നു നിൽക്കുന്ന ഈ സന്ദർഭത്തിൽ.
അതുകൊണ്ടുതന്നെ ശശി തരൂർ എം.പി മുന്നോട്ട് വെക്കുന്നത് രാജ്യസഭാ അംഗത്വമാണ്, ഒപ്പം കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയും. അതിൽ കുറഞ്ഞതൊന്നും അദ്ദേഹത്തിന് വേണ്ട. എന്നാൽ ഇതിന് കേന്ദ്ര ബി.ജെ.പി നേതൃത്വം തയ്യാറല്ല. കാരണം, സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവ് കേന്ദ്ര നേതൃത്വത്തിനുണ്ട്.
മുൻകാലങ്ങളിൽ സംസ്ഥാന ബി.ജെ.പി നേതൃത്വവുമായി ആലോചിക്കാതെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്മാരെയും കേന്ദ്രമന്ത്രിമാരെയും നിയമിക്കുന്നതെന്ന ആക്ഷേപം ബി.ജെ.പിയിലെ സീനിയർ നേതാക്കൾക്കുണ്ട്. അത് പലപ്പോഴും കൃഷ്ണദാസിനെ പോലുള്ള നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുമുണ്ട്, കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.
ഇന്നിപ്പോൾ കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുറ്റ ഒരു നേതൃത്വത്തിന് കീഴിൽ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. ശശി തരൂർ എം.പിയെ മുൻനിർത്തി ഇത് സാധിച്ചെടുക്കാൻ കഴിയുമോ എന്നതാണ് കേന്ദ്ര നേതൃത്വം നോക്കുന്നത്. ശശിതരൂരിന് ബി ജെ പി അല്ല ഐക്യരാഷ്ട്രസഭയാണ് ലക്ഷ്യമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ബിജെപിയിലേക്കുള്ള വഴി തിരഞ്ഞെടുക്കുമെന്നും കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവന്നാൽ പാർട്ടിക്ക് തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ രണ്ടക്കത്തിൽ കുറയാത്ത എം.എൽ.എമാർ ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം കരുതുന്നുമുണ്ട്. എന്നാൽ ഇതിന് ശശി തരൂർ വഴങ്ങുമോ അതോ സംസ്ഥാന ഘടകം സമ്മതം മൂളുമോ എന്നതാണ് പ്രശ്നം.
ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Shashi Tharoor's potential BJP move and CM candidature discussed.
#ShashiTharoor #BJP #KeralaPolitics #Congress #CMCandidate #PoliticalDrama