Conference | നീലേശ്വരത്ത് 20 വർഷത്തിന് ശേഷം തീപ്പന്തമായി മുൻ വിഎസ് പക്ഷക്കാരൻ ശൈലേഷ് ബാബു മത്സരിച്ച് ലോകൽ സെക്രടറിയായി; ഔദ്യോഗിക പക്ഷത്തുള്ള 4 പേർക്ക് തോൽവി
● നഗരസഭ ഭരണം ആർക്ക് വേണ്ടിയെന്ന് സമ്മേളനത്തിൽ കടുത്ത വിമർശനം
● ജനങ്ങൾക്ക് ഒരു ഗുണവും ഭരണത്തിൽ ഉണ്ടാകുന്നില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി
● 'ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർടി വോടുകളിൽ ചോർച്ച ഉണ്ടായി'
നീലേശ്വരം: (KasargodVartha) 20 വർഷത്തിന് ശേഷം തീപ്പന്തമായി മുൻ വി എസ് പക്ഷക്കാരൻ ശൈലേഷ് ബാബു മത്സരിച്ച് ലോകൽ സെക്രടറിയായി. ഔദ്യോഗിക പക്ഷത്തുള്ള നാലു പേർക്ക് തോൽവി സംഭവിച്ചത് താഴെക്കിടയിലെ ഒരു ശുദ്ധികലശത്തിനെന്ന സൂചന നൽകുന്നു. സിപിഎം നീലേശ്വരം സെൻട്രൽ ലോകൽ സമ്മേളനത്തിലാണ് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച അഞ്ചുപേരിൽ നാലുപേർ ജയിച്ചു കയറിയത്. ഒരാൾ തോറ്റത് രണ്ട് വോടിന് മാത്രമാണ്.
നിലവിൽ ലോകൽ കമിറ്റി അംഗങ്ങളായ നാലുപേരെയാണ് സമ്മേളന പ്രതിനിധികൾ നിഷ്കരുണം പുറത്താക്കിയത്. ലോകൽ കമിറ്റിയിലേക്ക് മത്സരിച്ചെത്തിയ പി വി ശൈലേഷ് ബാബു സെക്രടറിയായത് ജില്ലാ സിപിഎമ്മിൽ തന്നെ ചർച്ചയ്ക്കിടയാക്കി. 20 വർഷം മുൻപ് നടന്ന സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച് കമിറ്റിയിലേക്ക് എത്തുകയും പിന്നീട് സെക്രടറിയാവുകയും ചെയ്ത ശേഷം കടുത്ത വി എസ് പക്ഷക്കാരനായി അറിയപ്പെട്ട ആളാണ് ശൈലേഷ് ബാബു.
ഡോ. എൻ പി വിജയൻ, എം സത്യൻ കൊയാമ്പുറം, ടി വി രാജേഷ് പള്ളിക്കര എന്നിവരാണ് മത്സരിച്ച് കയറിയ മറ്റു മൂന്നുപേർ. മുൻ നഗരസഭാ കൗൺസിലർ പി സുഭാഷ്, പി അനൂപ്, അർബൻ ബാങ്ക് ജീവനക്കാരായ എ വി സജീവൻ, ടി വി സ്നേഹരാജ് എന്നിവരാണ് ലോകൽ കമിറ്റിയിൽനിന്ന് പുറത്തായത്. സിപിഎമിൻ്റെ ശക്തികേന്ദ്രമായ പള്ളിക്കരയിൽ നിന്നുള്ള രണ്ട് അംഗങ്ങളുടെ പരാജയത്തിന് പിന്നിൽ പ്രവർത്തിച്ചതും പള്ളിക്കരയിൽ നിന്നുള്ള പ്രതിനിധികളാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
സെക്രടറി സ്ഥാനത്തേക്ക് ശൈലേഷ് ബാബുവിന്റെയും നിലവിലെ സെക്രടറി ഉണ്ണിനായരുടെയും പേരുകൾ നിർദേശിക്കപ്പെട്ടുവെങ്കിലും ഉണ്ണിനായർ പിൻമാറുകയായിരുന്നു. നീലേശ്വരം നഗരസഭ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ലേയെന്ന പ്രധാന വിമർശനം സമ്മേളനത്തിൽ ഉയർന്നുവന്നു. നഗരസഭ പരിധിക്കകത്തെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണെന്നും നീലേശ്വരത്തെ പ്രധാന റോഡായ രാജാ റോഡിൻ്റെ വികസനത്തിന് ഓരോ തവണ സർവേ നടത്തി പോകുന്നതല്ലാതെ കാര്യക്ഷമമായി റോഡ് വികസനം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സമ്മേളന പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
നഗരസഭ അധ്യക്ഷ ഏകാതിപത്യത്തോടെയാണ് നഗരസഭ ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും ജനങ്ങൾക്ക് ഒരു ഗുണവും ഭരണത്തിൽ ഉണ്ടാകുന്നില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. മുൻ ലോകൽ കമിറ്റിയുടെ പ്രവർത്തനം നിഷ്ക്രിയമായതാണ് മത്സരിച്ച ഔദ്യേഗിക പക്ഷത്തെ നാലു പേരുടെ തോൽവിക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം. പാർടി കാര്യം നോക്കാതെ സ്വന്തം കാര്യത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന വിമർശനവും ഉയർന്നു.
കഴിവും പ്രാപ്തിയുമുള്ളവരെ മാറ്റിനിർത്തിയതാണ് രണ്ടാം പിണറായി സർകാരിന്റെ ശോഭകെടുത്തിയതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. തെരെഞ്ഞടുപ്പിന് തൊട്ടുമുമ്പ് നടത്തിയ നവകേരള സദസ് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയതെന്നും യാത്ര തികഞ്ഞ പരാജയമായിരുന്നുവെന്ന വിമർശനവുമുണ്ടായി. യാത്രക്കെതിരെ പ്രതിഷേധിച്ചവരെ മർദിച്ചത് രക്ഷാപ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളിൽ അവമതിപ്പുണ്ടാക്കി. ലോക്‌സഭാ തിരെഞ്ഞടുപ്പിൽ പാർടിക്ക് വേണ്ടി മത്സരിച്ച ജില്ലാ സെക്രടറി എംവി ബാലകൃഷ്‌ണൻ മാസ്റ്റർ മികച്ച സ്ഥാനാർത്ഥിയായിരുന്നുവെന്ന് സമ്മേളനം വിലയിരുത്തി.
സംഘടന പ്രവർത്തനത്തിലെ വീഴ്ചകളാണ് വലിയ പരാജയത്തിന് കാരണമായത്. എല്ലായിടത്തും എന്ന പോലെ നീലേശ്വരത്തും പാർടി വോടുകളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഭരണ രംഗത്തെ പോരായ്മ പ്രധാന തിരിച്ചടിയായി. പി വി അൻറിനെയും ചെറിയാൻ ഫിലിപ്പിനെയും പോലെ മറ്റ് പാർടികളിൽ നിന്നും വിട്ടു വരുന്നവർക്ക് അമിത പ്രാധാന്യം നൽകിയത് പാർടിയെ വല്ലാത്ത പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ഇത്തരക്കാരെ അമിത പ്രാധാന്യം നൽകി മടിയിലിരുത്തിയതാണ് പൊതുസമൂഹത്തിൽ പാർടിയെ നാണം കെടുത്താൻ ഇടയാക്കിയതെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.
ജില്ലാ സെക്രടേറിയറ്റംഗം സി പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മുൻ കേന്ദ്ര കമിറ്റി അംഗം പി കരുണാകരൻ സമ്മേളനത്തിൽ മുഴുവൻ സമയ പങ്കാളിയായി. എം വി കൃഷ്ണൻ, കരുവാക്കൽ ദാമോദരൻ, ടി വി ശാന്ത, പി പി മുഹാമ്മദ് റാഫി, കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു. 15 അംഗ ലോകൽ കമിറ്റിയിൽ നിന്ന് 10 പേരെ ഏരിയാ സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുത്തു.
#ShaileshBabu #CPM #ElectionResults #KeralaPolitics #LocalSecretary #Neeleshwaram