Results | കേരള കേന്ദ്ര സർവകലാശാലയിൽ 7 മേജർ സീറ്റിൽ ആറും നേടി എസ്എഫ്ഐക്ക് ഉജ്വല വിജയം; ഒരു പതിറ്റാണ്ടിന് ശേഷം പ്രസിഡന്റ് സ്ഥാനം എൻഎസ്‌യുവിന്
● വിഷ്ണു പ്രസാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
● അബ്ദുൽ സഹദ് സെക്രടറി.
● എക്സിക്യൂട്ടീവ് കൗൺസിലിൽ 53ൽ 32 സീറ്റും എസ്എഫ്ഐ നേടി.
പെരിയ: (KasargodVartha) കേരള കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുന്നേറ്റം. ആകെയുള്ള ഏഴ് മേജർ സീറ്റുകളിൽ ആറിടത്തും എസ്എഫ്ഐയുടെ സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു. അതേസമയം ഒരു പതിറ്റാണ്ടിന് ശേഷം പ്രസിഡണ്ട് സ്ഥാനം എൻഎസ്‌യുഐ പിടിച്ചെടുത്തു. മേജർ സീറ്റുകളിൽ എബിവിപിക്ക് തിരിച്ചടി നേരിട്ടു.
എൻഎസ്‌യു സ്ഥാനാർഥിയായ വിഷ്ണു പ്രസാദാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്ഐ പാനലിൽ അബ്ദുൽ സഹദ് സെക്രടറിയായും, മല്ലേഷ് വൈസ് പ്രസിഡന്റായും, ശ്രീപ്രിയ ജോയിന്റ് സെക്രടറിയായും, ആഇശ അയ്യൂബ്, രേതു രവീന്ദ്രൻ, അനുഷ എന്നിവർ എക്സിക്യൂടീവ് കമിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. വിജയിച്ച ഭാരവാഹികളെ ആനയിച്ച് കാമ്പസിൽ പ്രകടനവും നടന്നു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന എക്സിക്യൂടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 53 സീറ്റുകളിൽ 32 എണ്ണവും എസ്എഫ്ഐ കരസ്ഥമാക്കിയിരുന്നു. എൻഎസ്‌യു 13 സീറ്റുകളിലും എബിവിപി അഞ്ച് സീറ്റുകളിലും വിജയിച്ചു. രണ്ട് വർഷത്തിനു ശേഷം എക്സിക്യൂടീവ് കൗൺസിലിൽ എസ്എഫ്ഐ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നിരിക്കെ, എബിവിപി എക്സിക്യൂടീവ് കൗൺസിലിൽ ഒരു സീറ്റിലേക്ക് മാത്രം മത്സരിക്കാൻ തയ്യാറാവുകയും, എക്സിക്യൂടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയില്ലാത്ത ഒരു വ്യക്തിയെക്കൊണ്ട് നോമിനേഷൻ കൊടുപ്പിക്കുകയും അത് തള്ളുകയും ചെയ്തതോടെ അവർക്ക് സ്ഥാനാർഥി ഇല്ലാതെയും മറ്റും എബിവിപിയുമായി കൂട്ടുകെട്ടായാണ് എൻഎസ്‌യു മത്സരിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.
അതേസമയം, ഫ്രറ്റേണിറ്റി മൂവ്മെന്റിനും ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടാനായി. ഐടിഇപി ഡിപാർട്മെന്റിൽ ഫ്രറ്റേണിറ്റിയുടെ മുഹമ്മദ് ഹാറൂൺ 15 വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഫ്രറ്റേണിറ്റി കേരള കേന്ദ്ര സർവകലാശാല യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ് ഹാറൂൺ. എബിവിപി, എസ്എഫ്ഐ, എൻഎസ്‌യുഐ സ്ഥാനാർഥികളെയും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളെയും പരാജയപ്പെടുത്തിയാണ് ഹാറൂൺ തുടർച്ചയായ രണ്ടാം വിജയം നേടിയത്. തിരുവനന്തപുരം പൂവാർ സ്വദേശിയാണ്. പരേതനായ അഹ്‌മദ് കബീർ - നാദിറ ദമ്പതികളുടെ മകനാണ്.
#KeralaCentralUniversity #StudentElections #SFI #NSUI #CampusPolitics #KeralaNews