SFI | 'കാസർകോട്ട് 4,111 പേർ ഇപ്പോഴും പുറത്ത്', പ്ലസ് വണിന് അധിക സീറ്റും ബാച്ചും അനുവദിക്കണമെന്ന് എസ്എഫ്ഐ; ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
'മൂന്നാംഘട്ട അലോട്ട്മെന്റ് ഫലം വന്നതോടെ ജില്ലയിൽ 14,377 പേർ പ്രവേശനം നേടി. 20,147 പേരാണ് പ്രവേശനത്തിന് അപേക്ഷിച്ചത്'
നീലേശ്വരം: (KasargodVartha) പ്ലസ് വണിന് അധിക സീറ്റും ബാച്ചും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത്. നീലേശ്വരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. പ്ലസ് വൺ മൂന്നാംഘട്ട അലോട്ട്മെന്റ് ഫലം വന്നതോടെ ജില്ലയിൽ 14,377 പേർ പ്രവേശനം നേടി. 20,147 പേരാണ് പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ മാറ്റിനിർത്തിയാൽ 4,111 പേർ ഇപ്പോഴും പുറത്താണ്. 14,834 സീറ്റുകളാണ് ജില്ലയിൽ അനുവദിച്ചിട്ടുള്ളതെന്നും പ്രമേയത്തിൽ പറഞ്ഞു.
ചർച്ചകൾക്ക് കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്‌സൽ, ജില്ലാസെക്രട്ടറി ബിപിൻരാജ് പായം എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഞ്ചുകൃഷ്ണ, ഹസൻ മുബാറക്, വി വി ചിത്ര, ഡോ. സെറീന സലാം , കെ വി അനുരാഗ് എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി ഋഷിത സി പവിത്രനെയും സെക്രട്ടറിയായി കെ പ്രണവിനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഇമ്മാനുവൽ, അലൻ പെരിയ, അദിനൻ ചട്ടഞ്ചാൽ (വൈസ് പ്രസിഡന്റ്), ബി ദീക്ഷിത, കെ പി വൈഷ്ണവ്, കെ അനുരാഗ് (ജോയിന്റ് സെക്രട്ടറിമാർ).