Politics | ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഇൻഡ്യ മുന്നണിക്ക് പിന്തുണ നൽകിയതെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി
* നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്നവരാണ് കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിക്കുന്നതെന്ന് റിയാസ് പറങ്കിപേട്ട്
കാസർകോട്: (KasaragodVartha) ഫാസിസത്തെ തകർത്തു കൊണ്ട് രാജ്യത്തെ വീണ്ടെടുക്കുകയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുകയുമാണ് പാർട്ടിയുടെ പ്രഥമപരിഗണയെന്നും അതാണ് പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും ഇൻഡ്യ മുന്നണിയെ പിന്തുണച്ചതെന്നും എസ്ഡിപിഐ ദേശീയ സെക്രട്ടറി റിയാസ് പറങ്കിപേട്ട് പറഞ്ഞു.
രാജ്യത്തിന്റെ അഷ്ടദിക്കുകളിൽ പാർട്ടി വളരുകയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും സിക്കിമിലും ഉത്തർപ്രദേശിലും തുടങ്ങി ഇന്ത്യൻ ഗ്രാമങ്ങളിൽ പാർട്ടിയുടെ പ്രസക്തി വർധിക്കുകയാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷിയുടെ റോളിലാണ് എസ്ഡിപിഐ. ദളിത്-പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വേദന അവസാനിക്കുന്നത് വരെ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും.
നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്നവരാണ് കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിക്കുന്നത്.
മതംനോക്കിയാണ് രാജ്യത്ത് പലതിലും തീർപ്പ് കൽപിക്കുന്നത്. ഇത് അപകടമാണെന്നും മതനിരപേക്ഷ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തെ വളർത്തികൊണ്ട് വരേണ്ടത് രാജ്യം നിലനിൽക്കാനാഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു
'ഇതാണ് പാത, ഇതാണ് വിജയം' എന്ന പ്രമേയത്തിൽ നടന്ന എസ്ഡിപിഐ കാസർകോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ പാലേരി, മഞ്ചുഷാ മാവിലാടം, ജില്ലാ ജനറൽ സെക്രട്ടറി മുനീർ എഎച്ച്, സെക്രട്ടറി സവാദ് സിഎ, അഹ്‌മദ് ചൗക്കി സംസാരിച്ചു. ഖമറുൽ ഹസീന, ഇഖ്ബാൽ ഹൊസങ്കടി, ആസിഫ് ടി ഐ, ഖാദർ അറഫ സംബന്ധിച്ചു.