മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും സമഗ്ര തീരദേശ നയവും ആവശ്യപ്പെട്ട് എസ്ഡിപിഐ 'തീരദേശ മുന്നേറ്റ യാത്ര'; നവംബർ 4-ന് മഞ്ചേശ്വത്ത് തുടക്കമാകും
● പാർട്ടി കർണാടക സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ മജീദ് മൈസൂരുവാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്
● പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ജാഥാ ക്യാപ്റ്റനായി യാത്രയെ നയിക്കും
● കാസർകോട് ജില്ലയിൽ കുമ്പള, ചേരങ്കൈ, ബേക്കൽ, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിൽ സ്വീകരണം
കാസർകോട്: (KasargodVartha) തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികളുടെ യഥാർഥ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ 'തീരദേശ മുന്നേറ്റ യാത്ര' സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മുന്നേറ്റ യാത്ര നവംബർ നാലിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഞ്ചേശ്വത്ത് വെച്ച് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് മൈസൂരു ഉദ്ഘാടനം ചെയ്യും.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ജാഥാ ക്യാപ്റ്റനായും, സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി എം ഫൈസൽ എന്നിവർ വൈസ് ക്യാപ്റ്റന്മാരായും നയിക്കുന്ന ഈ യാത്ര മറ്റന്നാൾ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ തീരദേശങ്ങളിലൂടെ പര്യടനം നടത്തി നവംബർ 13-ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽഹമീദ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇഖ്റാമുൽ ഹഖ്, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ എന്നിവർ പങ്കെടുക്കും.
കാസർകോട് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങൾ
കാസർകോട് ജില്ലയിലൂടെ കടന്നുപോകുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ കുമ്പള, ചേരങ്കൈ കടപ്പുറം, ബേക്കൽ, കാഞ്ഞങ്ങാട് മിനാപ്പീസ്, നീലേശ്വരം തൈക്കടപ്പുറം എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകുന്നത്.
തീരദേശ ജനത നേരിടുന്ന പ്രതിസന്ധികൾ
കേരളത്തിൻ്റെ തീരദേശ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹം കടലിലെ പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിച്ചാണ് ഉപജീവനം നടത്തുന്നത്. തീരദേശ ജനത ഇന്ന് തൊഴിൽ പ്രതിസന്ധി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, തീരശോഷണം, കടൽക്ഷോഭം, മത്സ്യസമ്പത്തിൻ്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം കടലാക്രമണം രൂക്ഷമായതോടെ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വരുന്നവരുണ്ട്.
പ്രധാന ആവശ്യങ്ങൾ
തീരദേശ വികസനത്തിൻ്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് പരമ്പരാഗത ജനങ്ങളെ കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, പരമ്പരാഗത അവകാശങ്ങൾ, പാർപ്പിട സുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുക്കുന്ന ഫണ്ടുകൾ കെട്ടിക്കിടക്കാതെ വിദ്യാഭ്യാസം, ചികിത്സ, ഭവനം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങിയ മേഖലകളിൽ വിനിയോഗിക്കണം.
വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ധുല്‍ റസാഖ് ഹാജി പറമ്പത്ത്, പി ലിയാഖത് അലി, എ എച്ച് മുനീർ, സി എ സവാദ്, ഖാദര്‍ അറഫ എന്നിവർ പങ്കെടുത്തു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: SDPI organizes Coastal Munneta Yatra starting Nov 4 from Manjeshwar.
#KasargodVartha #SDPI #CoastalMunnetaYatra #Manjeshwar #KeralaFishermen #CoastalPolicy #KasaragodNews #MalayalamNews #RenuNews






