city-gold-ad-for-blogger

തൃക്കരിപ്പൂർ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാടിനെ പദവികളിൽ നിന്ന് നീക്കി

IUML State Committee removes Trikaripur Constituency General Secretary Sathar Vadakkumbad from all party positions.
Photo Credit: Facebook/Sathar Vadakkumbad

● മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നത്
● പാർട്ടി അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട ആഭ്യന്തര പരാതികളാണ് നടപടിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ സൂചനകൾ
● സത്താർ വടക്കുമ്പാട് 2020 മുതൽ 2023 വരെയുള്ള കാലയളവിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

കോഴിക്കോട്: (KasargodVartha) തൃക്കരിപ്പൂരിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും മണ്ഡലം ജനറൽ സെക്രട്ടറിയുമായ സത്താർ വടക്കുമ്പാടിനെ പാർട്ടി പദവികളിൽ നിന്നും നീക്കിയതായി ഔദ്യോഗിക അറിയിപ്പ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പാർട്ടിയിൽ അദ്ദേഹം നിലവിൽ വഹിച്ചുവരുന്ന എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ അച്ചടക്ക നടപടി

കോഴിക്കോട് സ്ഥിതി ചെയ്യുന്ന സംസ്ഥാന മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സത്താർ വടക്കുമ്പാടിനെതിരെയുള്ള സംഘടനപരമായ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹത്തെ പദവികളിൽ നിന്ന് നീക്കാനുണ്ടായ കൃത്യമായ കാരണങ്ങൾ പുറത്തുവന്ന ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കാൻ പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല. പാർട്ടി അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട ആഭ്യന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു സത്താർ വടക്കുമ്പാട്. ഇതിനുപുറമെ 2020 മുതൽ 2023 വരെയുള്ള കാലയളവിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ പാർട്ടി വൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ നേതാവിനെതിരെ പെട്ടെന്നുണ്ടായ ഈ അച്ചടക്ക നടപടി പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും ചലനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

വിവാദ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞത്

അതേസമയം ഇദ്ദേഹം നേരത്തെ കോൺഗ്രസിനെതിരെ പങ്കുവച്ച അഭിപ്രായ പ്രകടനങ്ങൾ വിവാദമായിരുന്നു. ഇതാകാം നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്. കോൺഗ്രസുമായി ഇനി ബന്ധം വേണ്ടെന്ന നിലയിൽ സത്താർ മെയ് 13ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:

കോൺഗ്രസിനെ നേരെയാക്കാൻ ലീഗിനെന്നല്ല ഭൂലോകത്ത് ആർക്കുമാവില്ല! ലീഗ് ബദൽ സംവിധാനം ആലോചിക്കണം!! 'എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല' എന്ന് കോൺഗ്രസ് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു.

എന്തിന് ഇനിയും കോൺഗ്രസിനെ രക്ഷിക്കാനും, നന്നാക്കാനും വല്ലാത്ത ത്യാഗം സഹിക്കണം ലീഗ്? കോൺഗ്രസ് രക്ഷപ്പെടണമെന്ന് കമാൻഡ് ചെയ്യാൻ കഴിയാത്ത ഹൈകമാൻഡിന് പോലും ചിന്തയും ആഗ്രഹവുമില്ലല്ലോ. 'ചായക്കില്ലാത്ത ചൂടെന്തിനാ ഗ്ലാസ്സിന്'.

ലീഗ് യുഡിഎഫ് വിട്ടാൽ കേരളത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്ന് എല്ലാവർക്കുമറിയാം, അതുകൊണ്ട് തന്നെയാണ് പല ഭാഗത്തുനിന്നും വലിയ ഓഫറുണ്ടായിട്ടും ലീഗ് യുഡിഎഫിനെ തകരാതെ കൊണ്ടുപോയത്. കോൺഗ്രസിനെ സംരക്ഷിക്കാൻ ലീഗെടുത്ത ത്യാഗം ചില്ലറയാണോ!

ലീഗ് സ്ഥാപിച്ചത് മുതൽ കേരളത്തിൽനിന്ന് ലോക്‌സഭയിലേക്ക് ലീഗ് മത്സരിക്കുന്നത് വെറും രണ്ട് സീറ്റിലാണ്. നേരെ ചൊവ്വെ പറഞ്ഞാൽ എട്ട് എംഎൽഎമാരുണ്ടാകുമ്പോഴും ലീഗ് മത്സരിക്കുന്നത് രണ്ട് സീറ്റിലാണെങ്കിൽ 22 എംഎൽഎമാർ ആയപ്പോഴും രണ്ട് സീറ്റിലാണ് ലീഗ് മത്സരിക്കുക. അണികൾ ചോദിക്കുമ്പോൾ നേതൃത്വം പറയും അത് കോൺഗ്രസിന് ലോക്‌സഭയിൽ സീറ്റ് കുറഞ്ഞുപോകുമെന്ന്! 2024-ലും ഇതേ രീതി തുടർന്നപ്പോൾ അണികളോട് നേതൃത്വം പറഞ്ഞത് 2026-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അസംബ്ലി സീറ്റ് വർധിപ്പിക്കാനാണെന്ന്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 22 എംഎൽഎമാരെ കിട്ടിയെങ്കിലും മത്സരിച്ചത് പഴയ 27 സീറ്റിൽ മാത്രം! ചില സീറ്റുകൾ വെച്ചുമാറ്റാൻ ശ്രമിച്ചത് നടന്നോ? നടന്നില്ല എന്ന് പറയുന്നില്ല. താരതമ്യേന സ്വൽപമെങ്കിലും വിജയസാധ്യതയുള്ള കോങ്ങാട് കോൺഗ്രസിന് കൊടുത്ത് തീരെ വിജയസാധ്യതയില്ലാത്ത അതേ ജില്ലയിലുള്ള മറ്റൊരു മണ്ഡലമായ ആലത്തൂരാണ് ലീഗിന് ലഭിച്ചത്. ഫലമെന്തായി, ലീഗ് വിട്ടുകൊടുത്ത കോങ്ങാട് കോൺഗ്രസ് വിജയിച്ചപ്പോൾ ലീഗ് മത്സരിച്ച ആലത്തൂർ സീറ്റിൽ കാൽ ലക്ഷത്തിലധികം വോട്ടിന് ലീഗ് തോറ്റു. പട്ടാമ്പിക്കായി ലീഗ് എത്ര കെഞ്ചി, കോൺഗ്രസ് തന്നില്ലല്ലോ! അവിടെ എൽഡിഎഫ് വിജയിച്ചു. യുഡിഎഫിനെ നിലനിർത്താനും കോൺഗ്രസിനെ സംരക്ഷിക്കാനും എത്രയെത്ര ത്യാഗമാണ് ലീഗ് സഹിച്ചത്.

ഇപ്പോൾ യുഡിഎഫ് 102 സീറ്റിൽ മിന്നുന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയുടെ പേരിൽ മുന്നണി നാണംകെട്ടു. ഒപ്പം ലീഗും നാണംകെട്ടു. മലപ്പുറം ജില്ലാ ലീഗ് ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞത് എത്ര ശരിയാണ്. 'ലീഗ് നേതാക്കൾക്ക് പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല എന്ന് മാത്രവുമല്ല വിവാഹത്തിനോ എന്ന് മാത്രമല്ല ജുമുഅയ്ക്ക് പോലും പോകാൻ പറ്റുന്നില്ല എന്നതല്ലേ യാഥാർഥ്യം'. ജനവികാരമറിയാത്ത ഹൈകമാൻഡ് പ്രതിനിധികൾ തങ്ങളുടെ സ്വന്തം ലാഭത്തിനുവേണ്ടി പ്രവർത്തിച്ച് കോൺഗ്രസിനെയും യുഡിഎഫിനെയും നാറ്റിയതോടെ മിന്നും ശോഭ തകർത്തല്ലോ?

ഇനി മുസ്ലിം ലീഗിന് കരണീയമായിട്ടുള്ളത് ലീഗിൻ്റെ ഭാവി ശോഭനമാക്കലാണ്. 'നാറിയവനെ പേറിയാൽ പേറിയവനും നാറും' എന്ന് പറഞ്ഞതുപോലെ ഇവിടെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് മുന്നണി ബന്ധം മാറി പരീക്ഷിക്കണം. ലീഗിന് മുന്നണി ബന്ധമില്ലെങ്കിലും എൽഡിഎഫുമായി ധാരണ മാത്രമാക്കിയാൽ തന്നെ 35-ൽ കുറയാത്ത എംഎൽഎമാരും അഞ്ചിൽ കുറയാത്ത എംപിമാരും കേരളത്തിൽ ലീഗിന് നേടാൻ സാധിക്കും.

ലീഗ് കോൺഗ്രസിനെ രക്ഷിക്കാൻ പരമാവധി ത്യാഗം ചെയ്തുവല്ലോ? ഇനി ഇത്തരം വൃത്തികെട്ട ത്യാഗത്തിനൊന്നും അണികളെ കിട്ടി എന്ന് വരില്ല. ഒന്നുകിൽ എൽഡിഎഫുമായി ധാരണ അല്ലെങ്കിൽ പുതിയൊരു മുന്നണി. ഞങ്ങൾക്ക് മടുത്തു. ഈ കോൺഗ്രസിൻ്റെ നാറിയ കളി സഹിക്കാൻ പറ്റുന്നതിലുമപ്പുറമായി. ആകാശം പൊട്ടിപ്പൊളിഞ്ഞ് വീഴുമെന്ന് കരുതി ഉള്ളംകൈ കൊണ്ട് താങ്ങാൻ പറ്റില്ലല്ലോ!

സത്താർ വടക്കുമ്പാട്

ജനറൽ സെക്രട്ടറി

ഐയുഎംഎൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം

 

രാഷ്ട്രീയ രംഗത്തെ പുതിയ നീക്കങ്ങളും അടിയന്തര പാർട്ടി തീരുമാനങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. പ്രാദേശിക രാഷ്ട്രീയത്തിലെ  ഈ പ്രധാന വാർത്ത സുഹൃത്തുകൾക്കും പാർട്ടി പ്രവർത്തകർക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഈ അപ്രതീക്ഷിത നടപടിയെക്കുറിച്ചുള്ള നിങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

 

Article Summary: The IUML State Committee has removed Trikaripur Constituency General Secretary and former Grama Panchayat President Sathar Vadakkumbad from all official party positions.

#IUML #SatharVadakkumbad #Trikaripur #KasaragodPolitics #KeralaPolitics #MuslimLeague #PoliticalUpdates

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia