Criticism | 'പരിഹാരത്തിന്റെ സമയം കഴിഞ്ഞു, പ്രചാരണത്തിനില്ല'; അർജുന രണതുംഗയെ ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി സന്ദീപ് വാര്യർ
● പാർട്ടി നേതൃത്വത്തെ വിമർശിച്ചു
● തനിക്കു നേരെ നടന്ന അനീതികളെക്കുറിച്ചും പരാതിപ്പെട്ടു.
● പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കും
പാലക്കാട്: (KVARTHA) സമവായമല്ല പരിഹാരമായിരുന്നു വേണ്ടിയിരുന്നതെന്നും എന്നാലിപ്പോൾ അതിന്റെ സമയം കഴിഞ്ഞുവെന്നും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. ഫേസ്‌ബുക് പോസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവും ഉന്നയിച്ചു.
താൻ പ്രതിസന്ധിയിലായപ്പോൾ പാർട്ടി നേതൃത്വം തനിക്ക് ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
ശ്രീലങ്കൻ ക്രിക്കറ്റ് താരം അർജുന രണതുംഗയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യർ കെ സുരേന്ദ്രനെതിരെ വിമർശനം ഉന്നയിച്ചത്.
മുത്തയ്യ മുരളീധരനെതിരേ വർണവെറിയുടെ അടിസ്ഥാനത്തിൽ നടന്ന അധിക്ഷേപത്തിൽ പ്രതികരിച്ചുകൊണ്ട് അർജുന രണതുംഗ തന്റെ ടീമിനെ കളി നിർത്തി പുറത്തേക്ക് കൊണ്ടുപോയ സംഭവം സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു. അത്തരത്തിലുള്ള നേതൃഗുണം തനിക്കു ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
'ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ഓസ്ട്രേലിയയിൽ ഒരു മാച്ചിൽ കളിക്കുന്ന സമയത്ത് തുടർച്ചയായി അദ്ദേഹത്തിനെതിരേ നോബോൾ വിളിക്കുന്ന സ്ഥിതിയുണ്ടായി. വർണവെറിയുടെ ഭാഗമായിരുന്നു അത്. അർജുന രണതുംഗ എന്ന ക്യാപ്റ്റൻ അപ്പോൾ കാണിച്ച ഒരു മാതൃകയുണ്ട്. എല്ലാ കളിക്കാരെയും വിളിച്ച് കളിനിർത്തി പുറത്തേക്ക് പോകുകയാണ് അദ്ദേഹം ചെയ്തത്.
സ്വന്തം കരിയർ പോലും അപകടത്തിലായി ആജീവനാന്ത വിലക്ക് പോലും വരാവുന്ന തീരുമാനമായിട്ടും അദ്ദേഹം അത് ചെയ്തു. അതാണ് ലീഡർഷിപ് ക്വാളിറ്റി. ഈ നേതൃഗുണം ഞാൻ ഏറെ ബഹുമാനിക്കുന്ന പലരിൽനിന്നും ഉണ്ടായില്ല. സഹപ്രവർത്തകൻ്റെ വിഷമഘട്ടത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ നിൽക്കരുത്', സന്ദീപ് വാര്യർ പറഞ്ഞു.
തനിക്ക് നിരവധി അപമാനങ്ങൾ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴികെ നിരവധി പരിപാടികളിൽ നിന്ന് തന്നെ മാറ്റി നിർത്തിയിരുന്നു. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികൾ പോലും തന്നെ അറിയിച്ചില്ല. അഖിലേന്ത്യാ പ്രസിഡൻ്റ് വന്ന പരിപാടിയും തന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ പോലും ഇടംനൽകിയില്ല.
തന്റെ അമ്മ അഞ്ചാറ് വർഷം കിടപ്പിലായിരുന്നു. ആ സമയത്ത് സംഘത്തിൻ്റെ കാര്യാലയം നിർമിക്കാനായി അമ്മ സ്ഥലം നൽകാൻ തയാറായി. എന്നിട്ടും സി കൃഷ്‌ണകുമാർ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കൾ ഇവിടെ വന്നില്ല. പാർട്ടിയുടേതായി ഒരു റീത്ത് പോലും വച്ചില്ല. പാർട്ടിയിലെ മുതിർന്ന ആളുകളെ തന്റെ വിഷമം അറിയിച്ചിരുന്നുവെങ്കിലും അവർ അതിന് പരിഹാരം കാണാൻ തയ്യാറായില്ല.
തിങ്കളാഴ്ച തന്നെ സന്ദർശിച്ച സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ പ്രവർത്തിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. സംസ്ഥാന പ്രസിഡൻ്റ് പ്രചാരണത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏതെങ്കിലും ക്രിയാത്മകമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ തനിക്ക് പാലക്കാട്ടെ പ്രചാരണത്തിന് ഇറങ്ങാൻ കഴിയില്ലെന്നും സന്ദീപ് വാരിയർ വ്യക്തമാക്കി. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതിനാൽ ഇനി ഓടിയെത്തണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#SandeepVarier #KSurendran #BJPKerala #KeralaPolitics #ArjunaRanatunga #PalakkadBypoll