Controversy | മണൽ ഇടപാടും മാസപ്പടി ആരോപണവും; കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയേയും, മുസ്‌ലിം ലീഗ് നേതാക്കളെയും പിടിച്ചു കുലുക്കി യൂത്ത് ലീഗ് നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായി
● പൂഴിക്കടവിൽ നിന്ന് നേതാക്കൾക്ക് ലഭിക്കുന്ന മാസപ്പടിയാണ് വിഷയം വിവാദമായിക്കിയതിന് പിന്നിലെന്നാണ് ജനസംസാരം.
● ലീഗ് നേതാക്കൾ കടവിൽ നിന്ന് മാസാമാസം മാസപ്പടി കൈപ്പറ്റുന്നതായാണ് യൂത്ത് ലീഗ് നേതാവിന്റെ ആരോപണം.
● തൊഴിലാളികൾക്ക് കൂലി നൽകാതെ വഞ്ചിച്ചു എന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണ്ടെത്തൽ.
കുമ്പള: (KasargodVartha) ഷിറിയ-ആരിക്കാടി കടവത്ത് പൂഴി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ യൂത്ത് ലീഗ് നേതാവിന്റെതായി പുറത്ത് വന്ന ശബ്ദ സന്ദേശം കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും, ലീഗ് നേതൃത്വത്തെയും പിടിച്ചു കുലുക്കുന്നതായി.
പൂഴിക്കടവിൽ നിന്ന് നേതാക്കൾക്ക് ലഭിക്കുന്ന മാസപ്പടിയാണ് വിഷയം വിവാദമായിക്കിയതിന് പിന്നിലെന്നാണ് ജനസംസാരം. കടവിലെ യൂത്ത് ലീഗ് നേതാവിനെ സൂപ്പർവൈസർ സ്ഥാനത്തുനിന്ന് പഞ്ചായത്ത് ഭരണസമിതി നീക്കിയതോടെയാണ് മാസപ്പടി വിവാദം പുറത്തുവന്നിട്ടുള്ളത്. ലീഗ് നേതാക്കൾ കടവിൽ നിന്ന് മാസാമാസം മാസപ്പടി കൈപ്പറ്റുന്നതായാണ് യൂത്ത് ലീഗ് നേതാവിന്റെ ആരോപണം. മാസപ്പടി വാങ്ങുന്നതായി പറഞ്ഞ് ലീഗ് നേതാക്കളുടെ പേര് വിവരവും യൂത്ത് ലീഗ് നേതാവ് ശബ്ദ സന്ദേശത്തിൽ പുറത്തുവിട്ടിട്ടുമുണ്ട്.
തൊഴിലാളികൾക്ക് കൂലി നൽകാതെ വഞ്ചിച്ചു എന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണ്ടെത്തൽ. ഒപ്പം സൂപ്പർവൈസർ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നുവെന്ന് ആക്ഷേപവും. എന്നാൽ 2020 മുതൽ സൂപ്പർവൈസറായി താൻ കടവിൽ ജോലി ചെയ്യുന്നുവെന്നും, 2024ന് എങ്ങനെയാണ് ജോലി ചെയ്തില്ലെന്ന് പറയുകയൊന്നും യൂത്ത് ലീഗ് നേതാവ് സന്ദേശത്തിൽ ചോദിക്കുന്നുണ്ട്. കടവിൽ സിസിടിവി സ്ഥാപിച്ചതിനുശേഷമാണ് ഇദ്ദേഹം ജോലി ചെയ്യുന്നില്ലെന്ന് ബോധ്യമായതെന്ന് പഞ്ചായത്ത് ഭരണസമിതിയും പറയുന്നു.
ജോലിക്കാർക്ക് ശമ്പളം നൽകുന്നത് താനല്ലെന്നും, അത് പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശപ്രകാരം പോർട്ടിൽ നിന്നാണ് തുക അക്കൗണ്ട് വഴി അയച്ചു കൊടുക്കുന്നതെന്നും യൂത്ത് ലീഗ് നേതാവ് പറയുന്നുണ്ട്. പിന്നെയെങ്ങനെയാണ് താൻ വെട്ടിപ്പ് നടത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു.
അതിനിടെ വിഷയം പഞ്ചായത്ത് ഭരണസമിതിയിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഭരണമുന്നണിയെ പിന്തുണക്കുന്ന എസ്ഡിപിഐ അംഗം ഭരണസമിതിയെടുത്ത തീരുമാനത്തിനെതിരെ രംഗത്തുവന്നു. ലീഗ് പഞ്ചായത്ത് അംഗങ്ങൾക്കിടയിലും ഭിന്നതയുള്ളതായാണ് അറിവ്. പൂഴി വിവാദം മുതലെടുക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപിയും, സിപിഎമ്മും രംഗത്തിറങ്ങിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് ഉപരോധം, മാർച്ച് സംഘടിപ്പിക്കാൻ കോപ്പ് കൂട്ടുകയാണ് നേതാക്കൾ.
അതിനിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഉണ്ടായ പൂഴി വിവാദം ലീഗ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഷയത്തിൽ ജില്ല ലീഗ് നേതൃത്വം ഇടപെടുമെന്നാണ് അറിയുന്നത്. ആരോപണ വിധേയരായ നേതാക്കളുടെ രാജിക്കും പ്രവർത്തകർക്കിടയിൽ സമ്മർദവുമുണ്ട്.
#KumbalaControversy #YouthLeague #PoliticalScandal #SandDeal #PanchayatPolitics #KeralaNews