ശബരിമല സ്വർണ്ണപ്പാളി വിഷയം വീഴ്ചയല്ല, കൊള്ളയാണ്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
● കേന്ദ്ര അന്വേഷണം വേണമെന്ന നിലപാടിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നു.
● കണ്ണൂരിൽ ക്രിമിനൽസിനെ ഇറക്കിയാണ് സി.പി.എം. വിജയിച്ചതെന്നും ആരോപണം.
● കോൺഗ്രസ് ജനാധിപത്യ വിരുദ്ധമായ വെൽഫെയർ പാർട്ടിയുമായി ചേർന്നാണ് മത്സരിക്കുന്നത്.
● ഭരണഘടനയനുസരിച്ച് ഭരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം.
● എൽ.ഡി.എഫിൽ മുകൾ മുതൽ താഴെ വരെ ക്രിമിനലിസമുള്ള നേതാക്കളാണ്.
കണ്ണൂർ: (KasargodVartha) ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം എത്തി നിൽക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതിൽക്കൽ ആണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂർ എക്സോറ സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ അന്നേ ഈ കാര്യത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന് പറഞ്ഞവരാണ്. പത്മകുമാറിനെ പുറത്താക്കാതെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരുന്നതിനാലാണ്’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ പോറ്റിക്ക് മാത്രമേ പങ്കുള്ളൂവെന്ന് പറയാൻ കഴിയില്ല.
ഈ കാര്യത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ച് കുറ്റക്കാർ ആരായാലും ജയിലിൽ അടയ്ക്കണമെന്നുള്ളതാണ് ബി ജെ പിയുടെ നിലപാട്. ഇനിയിങ്ങനെ ഒരു കൊള്ള നടത്താൻ ആർക്കും ധൈര്യം തോന്നരുത്. ലോകത്തിലെ എല്ലാവരും വരുന്ന ക്ഷേത്രമാണത്. അവിടെ വീഴ്ച പറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 'ഇതൊരു വീഴ്ചയല്ല, കൊള്ളയാണ്' – രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലയിൽ 14 സ്ഥാനാർത്ഥികളെ സി പി എം വിജയിപ്പിച്ചത് എതിർപാർട്ടികളെ ഭീഷണിപ്പെടുത്തിയാണ് എന്നും അദ്ദേഹം ആരോപിച്ചു. 'ഇതാണ് ഞാൻ പറഞ്ഞ ഇരട്ടത്താപ്പ്. ഡൽഹിയിൽ പാർലമെൻ്റിൽ കയറുമ്പോൾ ഭരണഘടനയും ഫാസിസവുമൊക്കെ പറഞ്ഞു നടക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് സി പി എം. കണ്ണൂരിൽ പോലീസിനെതിരെ വയലൻസ് നടത്തിയ കേസിലെ പ്രതിയെയാണ് മത്സരിക്കുന്നത്. ക്രിമിനൽസിനെ ഇറക്കി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ജനാധിപത്യത്തിൽ കോംപ്രമൈസ് ചെയ്യുകയാണ് ഇവർ' – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോൺഗ്രസാകട്ടെ ജനാധിപത്യ വിരുദ്ധമായ, മതനിരപേക്ഷ പാർട്ടിയല്ലാത്ത വെൽഫെയർ പാർട്ടിയെയും കൂട്ടിയാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിൽ ഇതാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. 2016-ൽ ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത് ഭരണഘടനാപരമായി ഭരിക്കാൻ ഉത്തരവാദിത്വം പുലർത്താൻ കഴിയില്ലെങ്കിൽ രാജിവയ്ക്കണമെന്നാണ്. അഴിമതിയോ ക്രിമിനൽ കേസുകളോ ഭരിക്കുന്നവരിൽ ഉണ്ടെങ്കിൽ രാജിവയ്ക്കണമെന്നാണ് അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. അതാണ് ഇവിടെയും പറയാനുള്ളത്.
ജനങ്ങൾക്ക് ഇടതും മതിയായി, വലതും മതിയായി. ക്രിമിനൽസിനെ ഇറക്കി ജനാധിപത്യത്തിൽ കോംപ്രമൈസ് ചെയ്യുന്നത് മാറണം. മാറാത്തത് മാറണമെന്നാണ് ബി ജെ പിക്ക് പറയാനുള്ളത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ് സർക്കാർ കർണാടകയിൽ എസ് ഡി പി ഐയുടെയും വെൽഫെയർ പാർട്ടിക്കെതിരെയുമുള്ള കേസുകൾ പിൻവലിക്കുന്നുണ്ട്. ഈ തല്ലിപ്പൊളി രാഷ്ട്രീയമാണ് കേരളത്തിൽ എൽ ഡി എഫും ചെയ്യുന്നത്.
എൽ ഡി എഫിൽ മുകൾ മുതൽ താഴെ വരെ ക്രിമിനലിസമുള്ള നേതാക്കളാണ്, ആരുടെയും പേരെടുത്ത് ഇവിടെ പറയുന്നില്ല. നിങ്ങൾക്കറിയാം അതൊക്കെ ആരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2025-ൽ വേണ്ടത് ഇത്തരം രാഷ്ട്രീയമാണോ? മുഖ്യമന്ത്രി അധികാരമേറ്റെടുക്കുമ്പോൾ ഭരണഘടനാ പ്രകാരം ഭരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് അധികാരത്തിൽ വന്നത്.
ജനങ്ങളുടെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇവർ ക്രിമിനലുകളെ രാഷ്ട്രീയത്തിൽ ഇറക്കുന്നത്. പൊളിറ്റിക്സിനും വയലൻസിനും എന്തും ചെയ്യുന്ന തല്ലിപ്പൊളി രാഷ്ട്രീയമാണ് സി പി എമ്മിൻ്റേത്. അതിൻ്റെ പിന്നിൽ നിൽക്കുകയാണ് കോൺഗ്രസ് പാർട്ടിയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഈ വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Rajeev Chandrasekhar, BJP State President, alleges Sabarimala gold issue is plunder, not failure, and links probe to CM's office.
#RajeevChandrasekhar #SabarimalaGold #KeralaPolitics #BJP #CPMKerala #KeralaNews






