തങ്ങളുടെ പ്രവര്‍ത്തകനെ മാണി കോണ്‍ഗ്രസുകാര്‍ സി പി എം പിന്തുണയോടെ റാഞ്ചിക്കൊണ്ടുപോയി സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയതായുള്ള ബി ജെ പി മണ്ഡലം സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വിവാദമായി; സ്ഥാനാര്‍ത്ഥിയെ പുറത്തിറക്കാതെ അജ്ഞാത കേന്ദ്രത്തിലാക്കി പ്രചാരണം നടത്തുന്നതായും ആരോപണം
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.12.2020) ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പ് രംഗം ചൂടുപിടിച്ചു വരുന്നതിനിടയില്‍ വെള്ളരിക്കുണ്ടില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു.
ബളാല്‍ ഗ്രാമ പഞ്ചായത്തിലേക്ക് പതിനാലാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന രാജേഷ് സി ആറിനെ ചൊല്ലിയാണ് വിവാദം. രാജേഷ് സജീവ ബി ജെ പി പ്രവര്‍ത്തകന്‍ ആണെന്നും പാര്‍ട്ടി അംഗത്വം രാജി വെക്കാതെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും രാജേഷിനെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സി പി എം പിന്തുണയോടെ റാഞ്ചിക്കൊണ്ടുപോയതാണെന്നും ബി ജെ പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി കെ ഉത്തമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മുന്‍ കാല തിരഞ്ഞെടുപ്പുകളില്‍ രാജേഷ് ബി ജെ പിയുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെയാണ് രാജേഷ് മെമ്പര്‍ഷിപ് പുതുക്കിയത്.
ബളാല്‍ പഞ്ചായത്തിലേക്ക് രാജേഷിനെ മത്സരിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇക്കുറി പട്ടിക ജാതി സംവരണ വാര്‍ഡായ പതിനാലാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ രാജേഷിനെ റാഞ്ചിക്കൊണ്ടുപോയി മത്സരിപ്പിക്കുന്നതെന്നാണ് ബി ജെ പി നേതാവിന്റെ ആരോപണം.
രാജേഷിനെ മത്സരിപ്പിക്കരുത് എന്ന് വെള്ളരികുണ്ടിലെ കേരള കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ രാജേഷ് ഞങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കട്ടെ എന്നായിരുന്നു മറുപടി എന്നും ബി ജെ പി നേതാവ് കെ ഉത്തമന്‍ വെളിപ്പെടുത്തുന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യു ഡി എഫ് മുന്നണി വിട്ടതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഭിമാന പോരാട്ടമായിട്ടാണ് കേരള കോണ്‍ഗ്രസ് വെള്ളരികുണ്ടിലെ മത്സരത്തെ കാണുന്നത്. എതിര്‍ സ്ഥാനാര്‍ഥി ജനകീയനും പൊതുജന സമ്മതനുമാണെന്നാണ് യു ഡി എഫിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്.
രാജേഷ് ബി ജെ പി പ്രവര്‍ത്തകന്‍ ആണെന്ന് ആളുകള്‍ അറിഞ്ഞതോടെ
വോട്ട് തേടിയുള്ള യാത്രയില്‍ മുന്‍ വാര്‍ഡ് മെമ്പര്‍ മാത്രമേ വീടുവീടാന്തരം പ്രചരണത്തിന് പോകുന്നുള്ളൂവെന്നും യഥാര്‍ത്ഥ സ്ഥാനാര്‍ഥി വെറും ഡമ്മിയാണെന്നും കാര്യങ്ങള്‍ ഞങ്ങളാണ് ചെയ്യുക എന്നും പറഞ്ഞാണ് രണ്ടിലയില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് വോട് തേടുന്നത് എന്നും യു ഡി എഫ് നേതാക്കളും ആരോപിച്ചു.
അതേ സമയം രാജേഷ് 20 വര്‍ഷമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രവര്‍ത്തകനാണെന്നും രാജേഷിന് വര്‍ഷങ്ങളായി പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പുണ്ടെന്നും കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ബിജു തുളിശ്ശേരി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
രാജേഷിന് ബി ജെ പിയുമായി ഒരു ബന്ധവുമില്ല. അടിസ്ഥാന രഹിതമായ ആരോപണമാണ് തെരെഞ്ഞടുപ്പ് അടുക്കാറായപ്പോള്‍ ബി ജെ പി ഉന്നയിക്കുന്നത്. മുന്‍ തെരെഞ്ഞടുപ്പുകളിലെല്ലാം രാജേഷ് കേരള കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും സ്ഥാനാര്‍ത്ഥിയെ വീടുകയറിയുള്ള തെരെഞ്ഞടുപ്പ് പ്രചരണത്തിന് കൊണ്ടു പോകുന്നില്ലെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും വ്യാഴാഴ്ച പോലും രാജേഷ് വീടുകള്‍ കയറിയിറങ്ങി പ്രചരണം നടത്തിയിരുന്നുവെന്നും ബിജു തുളിശ്ശേരി കൂട്ടിച്ചേര്‍ത്തു.
Keywords: Vellarikundu, News, Kerala, Kasaragod, Local-Body-Election-2020, Politics, BJP, Revelation of the BJP constituency secretary was controversial