Criticism | കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല
● മരണം വിരമിക്കാന്‍ 7 മാസം മാത്രം ബാക്കിയുണ്ടായിരിക്കെ
● വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം
● സിപിഎം നടപ്പാക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടി
തിരുവനന്തപുരം: (KasargodVartha) കണ്ണൂര്‍ എഡിഎം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റേത് പരസ്യ വിചാരണയിലൂടെ സിപിഎം നേതൃത്വത്തില്‍ നടത്തിയ കൊലപാതകം തന്നെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നത്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഡനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്ന പ്രവണത ഇവര്‍ പിന്തുടരുന്നു. ഇത് അംഗീകരിക്കാനാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്ക് വിളിക്കാതെ കടന്നു വന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി പരസ്യവിചാരണ ചെയ്തത്. അതും താന്‍ ശുപാര്‍ശ ചെയ്ത ഒരു കാര്യം സമയത്തിന് ചെയ്തില്ല എന്ന ആരോപണം കൂടി ഉന്നയിച്ച്.
ഏതെങ്കിലും വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കി കര്‍ശന നടപടി എടുപ്പിക്കാം. അല്ലാതെ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്ക് തള്ളിവിടുന്ന നടപടി ഉന്നതമായ ഭരണഘടനാ ചുമതല വഹിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല. ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപമാണ്. ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മില്‍ അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തല്‍സ്ഥാനത്ത് നിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
#KeralaPolitics #RameshChennithala #ADMDeath #CPMAllegations #PublicTrial #KeralaNews