city-gold-ad-for-blogger

'നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും'; രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങി: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

 Rajmohan Unnithan MP speaking to the media in Kasaragod.
Photo: Special Arrangement

● പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും മാങ്കൂട്ടത്തിൽ പാർട്ടിയെ വെല്ലുവിളിച്ചെന്ന് ആരോപണം.
● മാങ്കൂട്ടത്തിൽ ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു.
● കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരൻ വാക്ക് മാറ്റി പറയുന്നയാളാണെന്നും പരാമർശം.
● മാങ്കൂട്ടത്തിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി കാണുന്നില്ലെന്ന് ഉണ്ണിത്താൻ.
● മാങ്കൂട്ടത്തിൽ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്തവിധം സ്ഥിതി വഷളായെന്നും അഭിപ്രായം.

കാസർകോട്: (KasargodVartha) പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. ആരോപണങ്ങളിൽ സത്യാവസ്ഥയുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് പാർട്ടിയ്ക്ക് നടപടി എടുക്കേണ്ടിവന്നതെന്നും, ‘നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും’ എന്ന പഴമൊഴി ഈ സംഭവത്തിൽ പൂർണ്ണമായി അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് കാര്യങ്ങൾ ഇങ്ങനെ വഴിമാറാൻ ഇടയാക്കിയതെന്ന് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ‘വടി കൊടുത്ത് അടി വാങ്ങിയത് രാഹുൽ തന്നെയാണ്. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും അദ്ദേഹം പാർട്ടിയെ തന്നെ വെല്ലുവിളിച്ചു’ ഉണ്ണിത്താൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഇരയെയും മാധ്യമങ്ങളെയുമടക്കം വെല്ലുവിളിക്കുകയും പി ആർ ഏജൻസിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയും ചെയ്തുവെന്ന് ഉണ്ണിത്താൻ ആരോപിച്ചു. ‘പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. പാർട്ടി എടുത്ത നടപടി ശരിയായിരുന്നുവെന്ന് ജനങ്ങൾക്കും മനസ്സിലാകും’ അദ്ദേഹം കൂട്ടിച്ചേർത്തു.

കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനെക്കുറിച്ചും ഉണ്ണിത്താൻ പരാമർശിച്ചു. ‘സുധാകരൻ വാക്ക് മാറ്റി പറയുന്ന ആളാണ്. അതുകൊണ്ടാണ് കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്’ അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ പാർട്ടിക്കുള്ളിൽ ഉളവായ ചില ഗ്രൂപ്പുകളെ എതിർത്തുകൊണ്ട് ഉണ്ണിത്താൻ തന്റെ നിലപാട് വ്യക്തമാക്കി. ‘രാഹുൽ മാങ്കൂട്ടത്തിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി ഞാൻ കാണുന്നില്ല. പാർട്ടിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇരയെ പുറത്തുകൊണ്ടുവന്നതും രാഹുൽ തന്നെയാണ്.’

സംഭവത്തിൽ നിയമം സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ഒരാൾ സ്വയം എല്ലാം നഷ്ടപ്പെടുത്തിയാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയത്’ ഉണ്ണിത്താൻ പറഞ്ഞു.

മാങ്കൂട്ടത്തിൽ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്തവിധം സ്ഥിതി വഷളായിരിക്കുകയാണെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾ.

രാഹുൽ മാങ്കൂട്ടത്തിൽ സ്വയം നാശം വരുത്തിവെച്ചോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Rajmohan Unnithan MP severely criticized suspended Congress leader Rahul Mamkootathil, stating party action was justified.

#RajmohanUnnithan #RahulMamkootathil #CongressKerala #KeralaPolitics #KPCCH #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia