Unnithan | താന്‍ കാസര്‍കോട് ജയിച്ചാല്‍ ദേശാഭിമാനിപത്രം പൂട്ടുമോയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; 'എന്നെ തോല്‍പിക്കാന്‍ ഓഫീസിന് മുകളില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ക്രിയകള്‍ നടത്തി'
* 'ബാലകൃഷ്ണൻ പെരിയയുടെ ആരോപണം തെളിഞ്ഞാൽ താൻ കോൺഗ്രസിൽ നിന്ന് രാജിവെക്കും'
കാസര്‍കോട്: (KasaragodVartha) താന്‍ കാസര്‍കോട് ജയിച്ചാല്‍ ദേശാഭിമാനി പത്രം പ്രിന്റ് ചെയ്യുന്നത് നിര്‍ത്തുമോയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ചോദിച്ചു. ഉണ്ണിത്താന്‍ കാസര്‍കോട്ട് തോല്‍ക്കുമെന്ന് ദേശാഭിമാനി പത്രം റിപോര്‍ട് ചെയ്തത് എടുത്തുപറഞാണ് ഉണ്ണിത്താന്‍ ഈ വെല്ലുവിളി നടത്തിയത്. കഴിഞ്ഞ തവണ എനിക്ക് ലഭിച്ച 40,000 ത്തിലധികം വോടുകളില്‍ കൂടുന്നതല്ലാതെ ഒരു വോട് പോലും കുറയില്ലെന്ന് ഉണ്ണിത്താന്‍ അസന്നിഗ്ധമായി വ്യക്തമാക്കി. തന്നെ തോല്‍പിക്കാന്‍ തന്റെ ഓഫീസിന് മുകളില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ചില ക്രിയകള്‍ നടത്തിയിട്ടുണ്ടെന്നും വോടെണ്ണലിന് ശേഷം ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കിടെ കെപിസിസി സെക്രടറി ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക് പോസ്റ്റിനും അദ്ദേഹം മറുപടി നല്‍കി. ബാലകൃഷ്ണന്‍ പെരിയ തനിക്കെതിരെ ആരോപിച്ച ഏതെങ്കിലും കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിച്ചാല്‍ താന്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുമെന്നും അതോടൊപ്പം ഫലം വന്ന് താന്‍ എംപി സ്ഥാനവും രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ചുമതലകള്‍ കഴിഞ്ഞ ശേഷം കാസര്‍കോട് എത്തിയ ഉണ്ണിത്താന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വിവാദവിഷയങ്ങളില്‍ പ്രതികരിച്ചത്.
56 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള കോണ്‍ഗ്രസിലെ ഏറ്റവും സീനിയറായ തന്നെ കുറിച്ച് കെപിസിസി സെക്രടറി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗുരുതരമാണ്. ബാലകൃഷ്ണന്‍ പെരിയ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഏതെങ്കിലും ഒന്ന് തെളിയിച്ചാല്‍ പിന്നെ കോണ്‍ഗ്രസ് പാര്‍ടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് തുടരാന്‍ അര്‍ഹതയില്ല. തെലങ്കാനയില്‍ നില്‍ക്കുമ്പോള്‍ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം എന്നെ വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളുമായി ചങ്ങാത്തം കൂടിയെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താന്‍ ഫേസ്ബുകില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
സ്വബോധത്തോടെയാണ് താന്‍ പോസ്റ്റിട്ടത്. കാസര്‍കോട്ടെ കോണ്‍ഗ്രസുകാരുടെ വികാരമാണ് അതിലൂടെ പ്രകടിപ്പിച്ചത്. ഡിസിസി നേതൃത്വം തനിക്കൊപ്പമാണെന്നും ഉണ്ണിത്താന്‍ കൂട്ടിചേര്‍ത്തു. രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. മരിക്കും വരെ ഫേസ്ബുക് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല. അന്വേഷണ കമീഷനെ നിയമിച്ച സ്ഥിതിക്ക് കൂടുതല്‍ ഒന്നും തല്‍ക്കാലം പറയുന്നില്ല. ബാലകൃഷ്ണന്‍ പെരിയ അടക്കം മോശമായി പെരുമാറിയവര്‍ എല്ലാം കമീഷന് മുന്നില്‍ മൊഴി നല്‍കും. എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്. താന്‍ ആരുടെയും പേരപറഞ്ഞിട്ടില്ലെങ്കിലും സെക്രടറി എന്തിനാണ് പ്രകോപിതനാവുന്നത് എന്നറിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഇത് തന്റെ വെല്ലുവിളിയാണ്. തന്നെ തോല്‍പ്പിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തെ താന്‍ വെല്ലുവിളിക്കുകയാണ്. ഞാന്‍ തോറ്റാൽ പ്രിന്റിംഗ് അവസാനിപ്പിക്കുമോ, തന്റെ തേല്‍വിക്കായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പല കഥകളും പല സര്‍വേകളും നടത്തിയിട്ടുണ്ട്. ജയിക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ തോല്‍ക്കുമെന്ന് പലരും സര്‍വേയിലൂടെ അവരുടെ മോഹം പ്രകടിപ്പിച്ചു. എന്നാല്‍ നാലാം തീയതി എന്നൊരു ദിവസമുണ്ടെങ്കില്‍ കാസര്‍കോട് ആരാണ് ജയിക്കാന്‍ പോകുന്നതെന്ന് അപ്പോള്‍ അറിയാമെന്നും എംപി പറഞ്ഞു. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. കാസര്‍കോട്ടെ തിരഞ്ഞെടുപ്പ് ഫലം എന്താണെന്ന് സാമാന്യം ബോധമുള്ള ഏതൊരാള്‍ക്കും അറിയാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.