'എല്ലാം എൻ്റെ ഡയറിയിലുണ്ട്, ആശാനും ശിഷ്യനും കുടുങ്ങും'; കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
● അടൂർ കേന്ദ്രീകരിച്ചാണ് തനിക്കെതിരായ സൈബർ ആക്രമണം നടക്കുന്നതെന്നും പനമ്പിള്ളി നഗർ ഫ്ലാറ്റും '20-20' വാഹന നമ്പറും സൂചിപ്പിച്ചും പരാമർശം
● ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാലത്ത് താനും സിദ്ദീഖും മാത്രമാണ് ഒപ്പം നിന്നതെന്ന് ഉണ്ണിത്താൻ ആരോപിച്ചു
● ഉമ്മൻ ചാണ്ടി ആശുപത്രിയിലായിരുന്നപ്പോൾ നൽകിയ കുറിപ്പ് കീറിയെറിഞ്ഞ് അടൂരുകാരനെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാക്കിയെന്നും വിമർശനം
● വിദ്യാധരൻ നമ്പ്യാർ കോൺഗ്രസ് കുടുംബാംഗമാണെന്നും തന്നെ പരിഹസിച്ച് കാർട്ടൂൺ വരയ്ക്കുന്നവർ ആദ്യം കണ്ണാടിയിൽ നോക്കണമെന്നും എംപി
കാസർകോട്: (KasargodVartha) കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ വിമർശനങ്ങളുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഷാഫി പറമ്പിലിനെതിരെ നേരിട്ട് വെല്ലുവിളിയുമായി രംഗത്തെത്തിയ അദ്ദേഹം, തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ആസൂത്രിത നീക്കമാണെന്നും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും അവകാശപ്പെട്ടു.
ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഷാഫി പറമ്പിലിനെ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം എ ഗ്രൂപ്പിൽപ്പെട്ടയാളല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും എംപി വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാലത്ത് അദ്ദേഹത്തിനൊപ്പം നിൽക്കാൻ പലരും തയ്യാറായില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു. എല്ലാവരും സ്വന്തം പ്രതിച്ഛായയെക്കുറിച്ച് ആശങ്കപ്പെട്ട് മാറിനിന്നപ്പോൾ താനും സിദ്ദീഖും മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.
'ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്' എന്ന് പറയുന്നവർ അന്ന് എവിടെയായിരുന്നുവെന്നും ഉണ്ണിത്താൻ ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ പേരിൽ താൻ ഒരു ആനുകൂല്യവും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ആശുപത്രിയിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കിടന്ന സമയത്ത് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാക്കാനുള്ള നീക്കമുണ്ടായിരുന്നുവെന്നും, എന്നാൽ തനിക്കായി നൽകിയ കുറിപ്പ് കീറിയെറിഞ്ഞ് അടൂരുകാരനെ പ്രസിഡൻ്റാക്കിയെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് ഉണ്ണിത്താൻ ആരോപിച്ചു.
'സൈബർ ആക്രമണം ആസൂത്രിതം; എല്ലാം ഡയറിയിലുണ്ട്'
തനിക്കെതിരായ സാമൂഹികമാധ്യമ ആക്രമണം വർധിച്ചുവരികയാണെന്നും വ്യാജ അക്കൗണ്ടുകൾ വഴിയാണ് ഇത് നടക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സ്വാഭാവികമായി ഉണ്ടായ ആക്രമണമല്ലെന്നും ആസൂത്രിതമായി നടത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. അടൂർ കേന്ദ്രീകരിച്ചാണ് തനിക്കെതിരായ സൈബർ ആക്രമണം നിയന്ത്രിക്കുന്നതെന്നും ഒരു വീട്ടിൽ നിന്നാണ് ഇതിൻ്റെ നിയന്ത്രണമെന്നും എംപി ആരോപിച്ചു. ആക്രമണം തുടരുകയാണെങ്കിൽ പല കാര്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'എല്ലാം തൻ്റെ ഡയറിയിലുണ്ട്. ആശാനും ശിഷ്യനും എല്ലാം കുടുങ്ങും' എന്നായിരുന്നു ഉണ്ണിത്താൻ്റെ പരാമർശം. പനമ്പിള്ളി നഗറിലെ ഫ്ലാറ്റും '20-20' എന്ന വാഹന നമ്പറും സംബന്ധിച്ച സൂചനകളും അദ്ദേഹം നൽകി. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അനാവശ്യമായി തന്നെ പ്രകോപിപ്പിക്കരുതെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന് മാത്രമാണ് ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ആക്രമണങ്ങളെ ഭയന്ന് പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്നും, ചിലപ്പോൾ എല്ലാം തുറന്നുപറയേണ്ടിവരുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാൽ ചിലരുടെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന് പരസ്യ സംവാദത്തിന് വെല്ലുവിളി
ഷാഫി പറമ്പിൽ താൻ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 'ഷാഫി പറമ്പിൽ, പരസ്യ സംവാദത്തിന് തയാറുണ്ടോ? ഞാൻ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കും' എന്നായിരുന്നു ഉണ്ണിത്താൻ്റെ വെല്ലുവിളി.
പാർട്ടിയിൽ താൻ എന്നും ഒറ്റയാനായിരുന്നുവെന്നും ഉണ്ണിത്താൻ പറഞ്ഞു. കെ കരുണാകരനും ഉമ്മൻ ചാണ്ടിക്കും ഒപ്പം നിന്നത് സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടല്ലെന്നും എംപി വ്യക്തമാക്കി. താൻ എംപി ആകുമെന്ന് പോലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ മൂന്നാം തവണയും തോൽപ്പിക്കാൻ ശ്രമിക്കുന്നവർ പാർട്ടിയിലുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു. താൻ ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് സാഹചര്യത്തിനനുസരിച്ച് മാറ്റിപ്പറയുന്നയാളല്ലെന്നും അദ്ദേഹം പറഞ്ഞു.
'എൻ്റെ മകൻ ബിജെപിയിൽ പോയിട്ടില്ല'; സതീശനെയും പരാമർശിച്ച് ഉണ്ണിത്താൻ
തൻ്റെ മകൻ ബിജെപിയിൽ പോയിട്ടില്ലെന്നും കോൺഗ്രസിൽ എല്ലാം നേടിയവരുടെ മക്കളാണ് ബിജെപിയിലേക്ക് പോയതെന്നും പത്മജയെ ഉന്നമിട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വി ഡി സതീശൻ മുഖ്യമന്ത്രിയായത് ഇപ്പോഴല്ലേയെന്നും അദ്ദേഹം ചോദിച്ചു. തന്നെ പ്ലാനറ്റോറിയത്തിൽ ആക്രമിച്ചത് സതീശൻ പറഞ്ഞിട്ടല്ലെന്നും, എന്നാൽ ഇപ്പോൾ താൻ ചില കാര്യങ്ങൾ തുറന്നുപറയുമ്പോഴാണ് പലർക്കും പ്രശ്നമാകുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോസിക്യൂട്ടർ നിയമനത്തിലും കാർട്ടൂൺ വിവാദത്തിലും പ്രതികരണം
കാസർകോട് അഡീഷണൽ പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിദ്യാധരൻ നമ്പ്യാർ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നും തനിക്ക് വേണ്ടി ബൂത്തിൽ ഇരുന്നയാളാണെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാധരൻ നമ്പ്യാർ സിപിഎം പ്രവർത്തകനാണെന്ന പ്രചാരണം ശരിയല്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾക്ക് തെളിവ് നൽകാൻ തയാറാണെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
തനിക്കെതിരായ കാർട്ടൂൺ വിവാദത്തിലും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. താൻ കാർട്ടൂണുകൾ ആസ്വദിക്കാറുണ്ടെന്നും കാർട്ടൂൺ വരയ്ക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്നെ പരിഹസിച്ച് കാർട്ടൂൺ വരയ്ക്കുന്നവർ ആദ്യം കണ്ണാടിയിൽ പോയി സ്വയം നോക്കണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
ഈ രാഷ്ട്രീയ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Amid intensifying internal rift in Congress, MP Rajmohan Unnithan challenges Shafi Parambil to a public debate and alleges organized cyber attacks against him controlled from Adoor.
#KeralaPolitics #RajmohanUnnithan #ShafiParambil #CongressKerala #KasaragodNews #YouthCongress #MalayalamNews #RenuNews






