city-gold-ad-for-blogger

കൗൺസിലറായി തുടരും, മരിക്കും വരെ ബിജെപിയിൽ; രാജി വിവാദത്തിൽ ആർ ശ്രീലേഖ, കോൺഗ്രസിലേക്ക് പോകുമെന്നത് അസംബന്ധമെന്നും പ്രതികരണം

Former DGP R Sreelekha ends resignation rumors, asserts she will continue as BJP councillor
Photo Credit: Facebook/ R Sreelekha

● 'സസ്നേഹം ശ്രീലേഖ' എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അവർ പ്രതികരിച്ചത്
● ദേശീയ വനിതാ കമീഷൻ അധ്യക്ഷ പദവി മോഹിച്ചിട്ടില്ലെന്ന് ശ്രീലേഖ
● കൗൺസിലർ എന്ന നിലയിൽ ശാസ്തമംഗലം വാർഡിൽ വലിയ മാനസിക സമ്മർദം നേരിട്ടു
● ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് കൗൺസിലറായി തുടരാൻ തീരുമാനിച്ചത്

തിരുവനന്തപുരം: (KasargodVartha) കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജിവെക്കുന്നുവെന്ന വാർത്തകളിലെ വിവാദത്തിൽ വിശദീകരണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.

താൻ കൗൺസിലറായി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ തന്നെ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. ദേശീയ വനിതാ കമീഷൻ അധ്യക്ഷ പദവി ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന പ്രചാരണങ്ങൾ അവർ പൂർണമായും തള്ളി. 'സസ്നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്.

മരിക്കും വരെ ബിജെപിയിൽ; കോൺഗ്രസിലേക്ക് പോകില്ല

താൻ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ആ സമയത്താണ് തന്നെ മോശമാക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം നടന്നതെന്നും ശ്രീലേഖ പറഞ്ഞു. ബിജെപി അംഗത്വം എടുത്തതു മുതൽ മാധ്യമങ്ങൾ നിരന്തരം വേട്ടയാടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും ഇത് നേരിട്ടു. താൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്.

താനൊരു ഉറച്ച നരേന്ദ്ര മോദി ഭക്തയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അവർ വ്യക്തമാക്കി. മരിക്കുംവരെ ബിജെപിയിൽ തന്നെ തുടരും. ഇതിനിടെ താൻ കോൺഗ്രസിലേക്ക് പോകുമെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തീർത്തും അസംബന്ധമാണെന്നും യൂട്യൂബ് ചാനലിലൂടെ അവർ വിശദീകരിച്ചു.

കൗൺസിലർ പദവിയിലെ സമ്മർദം

കൗൺസിലർ എന്ന നിലയിൽ വലിയ മാനസിക സമ്മർദത്തിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്ന് ശ്രീലേഖ തുറന്നുപറഞ്ഞു. ഞായറാഴ്ച പോലും വിശ്രമം ലഭിക്കാറില്ലായിരുന്നു. ഒരു പരിധി കഴിയുമ്പോൾ മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്ന് തോന്നിപ്പോകും. ശാസ്തമംഗലം വാർഡിൽ അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഡിജിപി ആയിരുന്ന ഒരു വ്യക്തിയോട് കോൺസ്റ്റബിളിൻ്റെ ജോലി ചെയ്യാൻ പറയുമ്പോൾ സ്വാഭാവികമായും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ആ പ്രയാസങ്ങളെല്ലാം മാറ്റിവെച്ചാണ് കൗൺസിലറുടെ ജോലി ആത്മാർഥതയോടെ ചെയ്തത്.

എന്തെങ്കിലും ചെറിയ കാലതാമസം ഉണ്ടായാൽ പോലും ശാസ്തമംഗലത്തെ ചിലർ വാട്സ്ആപ്പിലൂടെ മോശമായി മെസ്സേജുകൾ അയക്കും. എന്തിനാണ് ഇങ്ങനെയൊരു കൗൺസിലർ എന്ന് ചോദിച്ച് ആക്ഷേപിക്കും. പറയുന്ന കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടില്ലെങ്കിൽ പരാതികളുടെ പ്രവാഹമാണ്. അങ്ങനെ മാനസിക വിഷമം വന്നപ്പോഴാണ് മേയർക്ക് മെസ്സേജ് അയച്ചതെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം അവധിയെടുക്കാൻ ഡോക്ടർ നിർദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു സാധാരണ പാർട്ടി പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു.

മേയർക്ക് കത്തയച്ചു; ദേശീയ പദവി മോഹിച്ചിട്ടില്ല

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് മേയർക്ക് ഔദ്യോഗികമായി കത്തയച്ചത്. പല വികസന കാര്യങ്ങളും നടക്കുന്നില്ലെന്നും കൗൺസിലറായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ച് കത്തിൻ്റെ പകർപ്പ് ജില്ലാ കളക്ടർക്കും അയച്ചിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകർക്ക് തന്നോട് വലിയ സ്നേഹമാണുള്ളത്.

ബിജെപിയുടെ നേതാക്കൾ നേരിട്ട് വീട്ടിൽ വന്ന് കണ്ട് ഒരു കാരണവശാലും രാജിവെക്കരുതെന്ന് അഭ്യർഥിച്ചതായും ശ്രീലേഖ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിൻ്റെ ഇടപെടലുകളും അനുനയ നീക്കങ്ങളുമാണ് ഒടുവിൽ കൗൺസിലർ പദവിയിൽ തുടരാൻ അവരെ പ്രേരിപ്പിച്ചത്.

ദേശീയ വനിതാ കമീഷൻ അധ്യക്ഷ പദവി ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അവർ ചൂണ്ടിക്കാട്ടി. അങ്ങനെയൊരു പദവിയെ കുറിച്ച് പാർട്ടിയിലോ തനിക്കോ യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്നും ഡൽഹിയിലേക്ക് പോകാതെ കേരളത്തിൽ നിന്ന് പ്രവർത്തിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: R Sreelekha clarified she will stay in BJP and continue as councillor.

#RSreelekha #BJPKerala #TrivandrumCorporation #Sasthamangalam #KeralaPolitics #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia