Criticism | 'കാസർകോട്ടും മലപ്പുറത്തും മോശം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു', അബ്ദുൽ സത്താറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സർകാരിനുണ്ടെന്ന് പിവി അൻവർ
● 'പൊലീസ് ഗുണ്ടായിസം കാട്ടുന്നു'
● 'ഓടോറിക്ഷ തൊഴിലാളികൾ പൊലീസിന്റെ ഇരകളാണ്'.
കാസർകോട്: (KasargodVartha) ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും നിയമിക്കുകയാണെന്ന് പിവി അൻവർ എംഎൽഎ. ഇവരുടെ കൊള്ളരുതായ്മകൾ സഹിക്കാൻ തയ്യാറുള്ളവരാണ് ഈ രണ്ട് ജില്ലക്കാർ. അബ്ദുൽ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണ്. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസർകോട്ട് അബ്ദുൽ സത്താറിന്റെ കുടുംബത്തെ കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓടോറിക്ഷ തൊഴിലാളികൾ അടക്കം അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. കേരളത്തിലെ പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓടോറിക്ഷക്കാരും ബൈക് യാത്രക്കാരും. പൊലീസ് സർകാർ നിശ്ചയിച്ച ലക്ഷ്യം പൂർത്തീകരിക്കാൻ റോഡിലിറങ്ങി ഇവർക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്താറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സർകാരിനുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ അഹങ്കാരവും അക്രമമനോഭാവവുമാണ് ഒരു കുടുംബത്തെ അനാഥമാക്കിയത്. അതുകൊണ്ട് സത്താറിന് സർക്കാർ വീടുവെച്ചുകൊടുക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. ഓടോറിക്ഷ തൊഴിലാളികൾക്ക് പാർകിങ് സ്ഥലത്തും മറ്റും വെയിലുകൊള്ളാതിരിക്കാനുള്ള സംവിധാനം സർകാർ ത്രിതല പഞ്ചായത്ത് വഴി നടപ്പിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇരുചക്ര വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ടൂവീലർ യാത്രികരുടെ ഒരു സംഘടന രൂപവത്കരിക്കും എന്നും അൻവർ അറിയിച്ചു. പൊലീസിന്റെ ധാർഷ്‌ട്യത്തിനെതിരേ ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോട്ടുകാർ പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാത്തതിനെക്കുറിച്ചും അൻവർ ചോദ്യം ഉയർത്തി. യൂണിയൻ നേതാക്കളൊക്കെ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
അബ്ദുൽ സത്താറിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പി വി അൻവർ ധനസമാഹരണ കാംപയിനും ആരംഭിച്ചു. സത്താറിന്റെ മകന്റെ പേരിൽ ബാങ്ക് അകൗണ്ട് തുറന്നിട്ടുണ്ട്. അകൗണ്ട് വിവരങ്ങളും അൻവർ പങ്കിട്ടു. പേര്: ശൈഖ് ശനീസ് (sheik shaneez), അകൗണ്ട് നമ്പർ: 923010030824169, ഐഎഫ്‌എസ്സി കോഡ്: UTIB0004582, ബാങ്ക്: ആക്സിസ് ബാങ്ക് എന്ന അകൗണ്ടിലേക്ക് സംഭാവനകൾ നൽകി കുടുംബത്തെ സഹായിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു വിഹിതം പിവി അൻവറും മകന് കൈമാറിയിട്ടുണ്ട്.
#KeralaPolice #PoliceBrutality #HumanRights #PVAnvar #JusticeForAbdulSathar #AutoRickshawDrivers