Visits | പിവി അൻവർ ശനിയാഴ്ച കാസർകോട്ടെത്തുന്നു; പൊലീസ് ഓടോറിക്ഷ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്തതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ അബ്ദുൽ സത്താറിന്റെ ബന്ധുക്കളെ കാണും
● വാടക വീട്ടിലാണ് മരിച്ച സത്താർ താമസിച്ചിരുന്നത്
● പുതിയ സംഘടനയ്ക്ക് ആളുകളെ സംഘടിപ്പിക്കുകയും ലക്ഷ്യം
● രാഷ്ട്രീയ സംഘടനയല്ല, മറിച്ച് സാമൂഹിക സംഘടനയാണ് ഡിഎംകെ എന്ന് അൻവർ
കാസർകോട്: (KasargodVartha) സിപിഎമ്മിനും സർകാരിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പുറത്ത് പോയി സാമൂഹിക മുന്നേറ്റ സംഘടനയായ ഡെമോക്രാറ്റിക് മുവ്മെൻ്റ് ഓഫ് കേരള (DMK) രൂപവത്കരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ ശനിയാഴ്ച രാവിലെ കാസർകോട്ടെത്തുന്നു.
നിസാര പ്രശ്‌നത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകൊടുക്കാത്തതിൽ മനംനൊന്തതിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഗരത്തിലെ ഓടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ ബന്ധുക്കളെ കാണുമെന്ന് അൻവർ അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ സംഘടനയിലേക്ക് സഹകരിക്കാൻ താൽപ്പര്യമുള്ളവർ വാട്സ്ആപ് കൂട്ടായ്മയിൽ അംഗങ്ങളാകണമെന്ന് അഭ്യർഥിച്ച് കൊണ്ടുള്ള വീഡിയോയിൽ അൻവർ തന്നെയാണ് കാസർകോട്ടെത്തുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മരിച്ച യഅകൂബ് അബ്ദുൽ സത്താറിന്റെ കുടുംബത്തിന് വീട് വെച്ചു കൊടുക്കുമെന്നും അൻവർ വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്.
പുതിയ സംഘടനയ്ക്ക് കാസർകോട്ട് നിന്നും ആളുകളെ സംഘടിപ്പിക്കുകയെന്ന ലക്ഷ്യവും വരവിന് പിന്നിലുണ്ടെന്നാണ് സൂചന. കാസർകോട് നിന്നും അൻവറിൻ്റെ കൂടെ ആരെല്ലാം പോകുമെന്ന് അറിയാൻ സിപിഎം നേതൃത്വം ഉറ്റുനോക്കുന്നുണ്ട്. മറ്റ് പാർടികളിൽ നിന്നും അൻവറിന്റെ കൂടെ ആളുകൾ പോകുമോയെന്നും ഇതിനകം തന്നെ ചർചയായിട്ടുണ്ട്.
മലപ്പുറത്തും കോഴിക്കോട്ടും പൊതുയോഗം സംഘടിപ്പിച്ച് കരുത്ത് കാട്ടിയാണ് അൻവർ കാസർകോട്ടെത്തുന്നത്. രാഷ്ട്രീയ സംഘടനയല്ല, മറിച്ച് സാമൂഹിക സംഘടനയാണ് ഡിഎംകെ എന്ന് പറയുന്നുണ്ടെങ്കിലും അൻവർ പിന്നീട് രാഷ്ട്രീയ പാർടി രുപീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. സിപിഎമിനെതിരെ ശക്തമായി നീങ്ങാൻ തീരുമാനിച്ച അൻവർ മുസ്ലിം ലീഗുമായോ മാതൃസംഘടനയായ കോൺഗ്രസുമായോ സഹകരിക്കുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
#PVAnwar #Kasaragod #KeralaPolitics #JusticeForAbdulSathar #DMKKerala