പി വി അന്‍വര്‍ കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ അടിമുടി മാറ്റാന്‍ ഒരുങ്ങുന്നു; കാസര്‍കോട്ട് ആദ്യ പരിപാടി; ജില്ലാ സംഗമം 19-ന്
● 14 ജില്ലകളിലും നേതൃസംഗമങ്ങൾ നടത്താൻ പദ്ധതി.
● നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തി.
● തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയുന്നു.
● 2026-ൽ യു.ഡി.എഫ്. പ്രവേശനം ലക്ഷ്യം.
● വന്യജീവി, ആരോഗ്യ മേഖല പ്രശ്നങ്ങൾ ഏറ്റെടുക്കും.
കാഞ്ഞങ്ങാട്: (KasargodVartha) പി.വി. അന്‍വര്‍ കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ അടിമുടി മാറ്റാന്‍ ഒരുങ്ങുന്നു. എല്ലാ പാര്‍ട്ടികളിലും ഭിന്നിച്ചുനില്‍ക്കുന്നവരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലും നേതൃസംഗമം നടത്തി ശക്തി തെളിയിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. സ്വന്തം തട്ടകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 20,000-ഓളം വോട്ട് നേടി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അന്‍വര്‍ പുതിയ ദൗത്യവുമായി ഇറങ്ങുന്നത്.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെത്തുകയെന്ന തന്ത്രമാണ് അദ്ദേഹം മെനയുന്നത്. കോണ്‍ഗ്രസില്‍ വി.ഡി. സതീശനെ പിണക്കിയതാണ് തൃണമൂലിന്റെ മുന്നണി പ്രവേശനത്തിന് തടസ്സമുള്ള ഏക കീറാമുട്ടി. ലീഗിനെ അനുനയിപ്പിച്ച് യു.ഡി.എഫില്‍ കയറുകയെന്ന വഴിയായിരിക്കും അന്‍വര്‍ സ്വീകരിക്കുക.
പ്രാഥമിക അംഗത്വം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും അന്‍വറിന്റെ ചില പ്രസ്താവനകളാണ് തീരുമാനം വഴിമാറാന്‍ കാരണമായത്. അന്‍വറിനെ മുന്നണിയിലെടുക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ പിന്തുണ കൂടിയിട്ടുണ്ടെങ്കിലും സതീശനെ വിമര്‍ശിച്ച നിലപാടില്‍ അയവ് വരാതെ അതിന് മാറ്റം വരാനിടയില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം സതീശനെതിരെ അന്‍വര്‍ ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ നേതൃസംഗമം ജൂലൈ 19 ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട് നടക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പാര്‍ട്ടിയുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയാണിത്. വിവിധ പാര്‍ട്ടികളില്‍ അസംതൃപ്തരായവരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ സംഗമം ആവിഷ്‌കരിക്കും. സി.പി.എം-നെതിരെ വെല്ലുവിളി ശക്തമാക്കാനും തന്ത്രങ്ങള്‍ രൂപീകരിച്ചേക്കും.
ജൂലൈ 19-ന് ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് പുതിയ കോട്ട ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജില്ലാതല നേതൃസംഗമം നടക്കുന്നത്. നേതൃസംഗമത്തില്‍ സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വറിനെ കൂടാതെ മറ്റു സംസ്ഥാന നേതാക്കളും സംബന്ധിക്കും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര നടത്താനും അന്‍വറിന് പദ്ധതിയുണ്ട്. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം ശ്രമം നടത്തും.
സി.പി.എം. വിട്ട ശേഷം കാസര്‍കോട്ട് പോലീസ് ഓട്ടോറിക്ഷ പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച ശേഷം തൂങ്ങിമരിച്ച സംഭവമുണ്ടായ ശേഷം അന്‍വര്‍ ഒരു തവണ കാസര്‍കോട്ട് വന്നിരുന്നു.
പി.വി. അൻവറിന്റെ ഈ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: P.V. Anvar to revamp Trinamool Congress in Kerala.
#PVAnvar #TrinamoolCongress #KeralaPolitics #Kasargod #DistrictMeet #UDFEntry






