Allegation | 'മൊഗ്രാൽ ടൗണിലെ കലുങ്ക് നിർമാണം അശാസ്ത്രീയമായി'; ദുരിതത്തിലാഴ്ത്തി മഴവെള്ളം; എംഎൽഎയും യുഎൽസിസി ഉദ്യോഗസ്ഥനും സ്ഥലം സന്ദർശിച്ചു
● നാട്ടുകാരുടെ പരാതിയെത്തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും യു.എൽ.സി.സി. റീച്ച് ഡയറക്ടർ അജിത്തും സ്ഥലം സന്ദർശിച്ചു.
● പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എൽ.എയുടെ നിർദേശപ്രകാരം ശാഫി ജുമാ മസ്ജിദ് കമ്മിറ്റിയും മൊഗ്രാൽ ദേശീയ വേദിയും ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
മൊഗ്രാൽ: (KasargodVartha) ടൗണിലെ ദേശീയപാതയിൽ ശാഫി ജുമാ മസ്ജിദിന് സമീപം പുനർനിർമ്മിച്ച കലുങ്ക് പ്രദേശവാസികൾക്ക് ദുരിതമായി മാറുന്നതായി പരാതി. കലുങ്കിലൂടെ മഴവെള്ളം ഒഴുകിപ്പോകാത്തതിനാൽ വെള്ളം കെട്ടിക്കിടക്കുകയും ഇത് മസ്ജിദിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.
മഴക്കാലത്ത് മസ്ജിദിലേക്ക് വെള്ളം കയറുന്നത് പതിവായതോടെ സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്കും ദുരിതമയമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും യു.എൽ.സി.സി. റീച്ച് ഡയറക്ടർ അജിത്തും സ്ഥലം സന്ദർശിച്ചു.
മൊഗ്രാൽ ടൗണിൽ നിന്നും ലീഗ് ഓഫീസ് പരിസരത്തുനിന്നും മൊഗ്രാൽ മീലാദ് നഗറിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം കലുങ്കിന് സമീപം കെട്ടിക്കിടക്കുന്നതാണ് പ്രധാന പ്രശ്നം. ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് നിർമ്മാണത്തിലെ അപാകതയാണ് ശാഫി മസ്ജിദിനടുത്തുള്ള കലുങ്ക് അടയാനും മീലാദ് നഗർ റോഡ് വെള്ളത്തിൽ മുങ്ങാനും അതുവഴി ശാഫി ജുമാ മസ്ജിദിലേക്ക് വെള്ളം കയറാനും കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ വിഷയം നിർമ്മാണഘട്ടത്തിൽ തന്നെ യു.എൽ.സി.സി. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ നിർമ്മാണ കമ്പനി അധികൃതർ ഇതിനോട് മുഖം തിരിഞ്ഞതായാണ് ആക്ഷേപം. ഇതോടെ നാട്ടുകാർ എം.എൽ.എയെ സമീപിക്കുകയായിരുന്നു.
എം.എൽ.എയുടെയും യു.എൽ.സി.സി. കുമ്പള ദേവിനഗർ റീച്ച് ഡയറക്ടറുടെയും സന്ദർശന വേളയിൽ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.എം. ശുഹൈബ്, ജനറൽ സെക്രട്ടറി ബി.എൻ. മുഹമ്മദലി, ശാഫി ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറർ എം.പി. അബ്ദുൽ ഖാദർ, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, മൊഗ്രാൽ ദേശീയ വേദി വൈസ് പ്രസിഡന്റ് എം.ജി.എ. റഹ്മാൻ, പ്രദേശവാസി ഹാരിസ് ബഗ്ദാദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എൽ.എയുടെ നിർദേശപ്രകാരം ശാഫി ജുമാ മസ്ജിദ് കമ്മിറ്റിയും മൊഗ്രാൽ ദേശീയ വേദിയും ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. കലുങ്കിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
#MogralTown, #DrainageIssue, #ShafiJumaMasjid, #Waterlogging, #LocalComplaints, #Infrastructure