Campaign | പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി സേവാദൾ ഭടന്മാരുടെ വേറിട്ട പ്രചാരണം ശ്രദ്ധേയം
● കോൺഗ്രസ് നേതാക്കൾ സേവാദൾ പ്രവർത്തകരെ സ്വീകരിച്ചു.
● തൂവെള്ള വസ്ത്രധാരികളായ ഈ പ്രവർത്തകർ വോട്ടർമാരെ ആകർഷിക്കുന്നു.
● പ്രവർത്തകർ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വോട്ട് അഭ്യർത്ഥന നടത്തുന്നു.
കൽപറ്റ: (KasargodVartha) വയനാട് ലോക്സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മണ്ഡലത്തിൽ സേവാദൾ ഭടൻമാരുടെ വേറിട്ട പ്രചരണം ശ്രദ്ധേയമായി. തൂവെള്ള ഖദർ പാൻ്റും ഷർട്ടും ഗാന്ധി തൊപ്പിയും അണിഞ്ഞ പുരുഷൻമാരും സാരിയും ബ്ലൗസും ചുരിദാറും ടോപ്പും അണിഞ്ഞ സ്ത്രീകളും അടങ്ങുന്ന 100 ലധികം സേവാദൾ ഭടൻമാരാണ് ഒരാഴ്ചയിലധികമായി ഗ്രാമത്തിലും പട്ടണങ്ങളിലുമായി വോട്ട് അഭ്യർത്ഥന നടത്തുന്നത്.
അടുക്കും ചിട്ടയോടെയുമാണ് ഇവരുടെ വോട്ട് അഭ്യർത്ഥന. തൂവെള്ള കൂട്ടം വരുന്നത് കണ്ട് വോട്ടർമാർ ആകാംക്ഷയോടെയാണ് ഇവരെ സ്വീകരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് നിന്നുള്ള പ്രവർത്തകരാണ് പ്രചാരണ രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനികളായ രാജ് മോഹൻ ഉണ്ണിത്താൻ എം പി, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് എന്നിവർ ചേർന്ന് സേവദൾ പ്രവർത്തകരെ കൽപ്പറ്റ ടൗണിൽ വെച്ച് സ്വീകരിച്ചു.
സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി, വൈസ് പ്രസിഡണ്ട് കെ മണികണ്ഠൻ, ജനറൽ സെക്രട്ടറിമാരായ വി പ്രകാശൻ, രമേശ് പുഞ്ചക്കരി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശ്യാംചലാന, വയനാട് ജില്ലാ പ്രസിഡണ്ട് സജീവൻ മടക്കിവയൽ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജോർജ് ലൂയിസ്, സേവാദൾ സംസ്ഥാന ഭാരവാഹികളായ സമദ് കൊല്ലം, സ്കറിയ തോമസ്, മോളി ടോമി, വസന്തകുമാരി, റീത്താ സ്റ്റാലിൻ, വിലാസിനി, അന്നക്കുട്ടി, സീബാ വർഗീസ്, കണാരൻ, പ്രസാദ് ഒളവറ, മജീദ് മാങ്ങാട്, അഫ്സൽ ഹാജി, ജോർജ് ലൂയിസ് എന്നിവരാണ് പ്രാചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
കൊട്ടിക്കലാശം വരെ തങ്ങൾ പ്രിയങ്കയ്ക്ക് വേണ്ടി വയനാട്ടിൽ പ്രചാരണ രംഗത്തുണ്ടാകുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരിക്കും വയനാട്ടിലെ ജനങ്ങൾ അവരുടെ പ്രിയപ്പെട്ട പ്രിയങ്കാ ഗാന്ധിക്ക് നൽകുകയെന്നും രമേശൻ കരുവാച്ചേരി കാസർകോട് വാർത്തയോട് പറഞ്ഞു.
#PriyankaGandhi #WayanadElections #Congress #Sewadal #KeralaPolitics #IndiaVotes