Election Results | വയനാട്ടിൽ പ്രിയങ്ക തരംഗം; പാലക്കാട് വൻ ഭൂരിപക്ഷത്തിൽ നിലനിർത്തി രാഹുൽ; ചേലക്കരയിൽ ചെന്താരകമായി യുആർ പ്രദീപ്
● 2016ൽ ഷാഫി പറമ്പിലിന്‍റെ 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കുന്നതാണ് രാഹുലിന്‍റെ ഈ വിജയം.
● ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് തകർപ്പൻ വിജയം സ്വന്തമാക്കി ഇടത് കോട്ട നിലനിർത്തി.
● 996ൽ കെ രാധാകൃഷ്ണൻ ജയിച്ച ശേഷം ചേലക്കരയിൽ എൽഡിഎഫിന്‍റെ കുത്തക തുടരുകയാണ്.
തിരുവനന്തപുരം: (KasargodVartha) ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ മണ്ഡലവും പാലക്കാട് നിയമസഭാ മണ്ഡലവും യുഡിഎഫ് നിലനിർത്തി. ചേലക്കരയിൽ എൽഡിഎഫും വിജയം ആവർത്തിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 4,03,966 വോട്ടിന് ലീഡ് ചെയ്യുകയാണ്. പ്രിയങ്ക 610944, എൽഡിഎഫിന്റെ സത്യൻ മൊകേരി 206978, ബിജെപിയുടെ നവ്യ ഹരിദാസ് 107971 എന്നിങ്ങനെയാണ് വോട്ട് നേടിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട പാലക്കാട് മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് 58389 വോട്ടും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിന് 39549 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പി.സരിന് 37293 വോട്ടുമാണ് ലഭിച്ചത്. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം. 2016ൽ ഷാഫി പറമ്പിലിന്‍റെ 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കുന്നതാണ് രാഹുലിന്‍റെ ഈ വിജയം.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് തകർപ്പൻ വിജയം സ്വന്തമാക്കി ഇടത് കോട്ട നിലനിർത്തി. 12,122 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പ്രദീപ്, കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെയാണ് പിന്നിലാക്കിയത്. 1996ൽ കെ രാധാകൃഷ്ണൻ ജയിച്ച ശേഷം ചേലക്കരയിൽ എൽഡിഎഫിന്‍റെ കുത്തക തുടരുകയാണ്. യു ആര്‍ പ്രദീപ് (സിപിഎം) - 64259, രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 52137, കെ ബാലകൃഷ്ണന്‍ (ബിജെപി) - 33354 എന്നിങ്ങനെയാണ് വോട്ട് നില. പിവി അൻവറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാർഥി എന്‍ കെ സുധീര്‍ 3909 വോട്ട് മാത്രമാണ് നേടിയത്.
#PriyankaGandhi, #RahulMankoottil, #URPradeep, #Wayanad, #Palakkad, #KeralaElection