Controversy | നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
● ക്ഷണിച്ചത് കളക്ടറെന്ന് ഹര്‍ജിയില്‍ പരാമര്‍ശം.
● പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്ന് ഹര്‍ജി.
കണ്ണൂര്‍: (KasargodVartha) എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ (PP Divya) മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിര്‍വികാരനായി ഇരുന്ന കലക്ടറുടെ നടപടി പൊതുസമൂഹത്തില്‍ മാത്രമല്ല, കലക്ടറേറ്റ് ജീവനക്കാര്‍ക്കിടയിലും വലിയ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.
താന്‍ വിരമിക്കുകയല്ലെന്നും സ്ഥലം മാറ്റം വാങ്ങി പോകുകയാണെന്നും അതിനാല്‍ യാത്രയയപ്പ് വേണ്ടെന്നും നവീന്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം യാത്രയയപ്പ് ചടങ്ങിന് നവീന്‍ ബാബു തയ്യാറാകുകയായിരുന്നുവെന്നാണ് വിവരം.
പി.പി. ദിവ്യക്ക് വേണ്ടിയാണ് ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ടെങ്കിലും അതില്‍ ഇതുവരെ വ്യക്തതയില്ല. ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് കലക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ പി.പി. ദിവ്യ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ഇക്കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന കാര്യം കലക്ടര്‍ അരുണ്‍ കെ. വിജയന്‍, പി.പി. ദിവ്യയെ അറിയിച്ചിരുന്നോ എന്നും അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതുണ്ട്.
എന്താണ് എഡിഎം നവീന്‍ ബാബുവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് അന്ന് കലക്ടേറ്റില്‍ നടന്നതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
#NaveenBabu #PPDivya #Kannur #KeralaPolitics #Investigation