city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | 'ചെറുപ്പം മുതല്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു'; പി പി ദിവ്യക്ക് പിന്തുണയുമായി മന്ത്രി ആര്‍ ബിന്ദു

P P Divya has been working for society since childhood Minister R Bindu
Photo Credit: Facebook/ Dr. R Bindu

● കേരളത്തിലെ മാധ്യമപ്രവര്‍ത്തനം നിലവാരക്കുറവ് നേരിടുന്നുവെന്ന് മന്ത്രി.
● പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ വളരെ സന്തോഷമെന്ന് പി കെ ശ്രീമതി.
● പി പി ദിവ്യയെ തള്ളിക്കളയേണ്ട കാര്യമില്ലെന്ന് ബിനോയ് കുര്യന്‍. 

തൃശൂര്‍: (KasargodVartha) എഡിഎം നവീന്‍ ബാബു (Naveen Babu) ജീവനൊടുക്കിയ കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പി പി ദിവ്യക്ക് (PP Divya) ഉപാധികളോടെ ജാമ്യം അനുവദിച്ചതിന് പിന്നാലെ പിന്തുണയുമായി മന്ത്രി ആര്‍ ബിന്ദു. പി പി ദിവ്യ ചെറുപ്പം മുതല്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നയാളെന്നും അത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. 

കേരളത്തിലെ മാധ്യമപ്രവര്‍ത്തനം നിലവാരക്കുറവ് നേരിടുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്നില്ലെന്നായിരുന്നു ഇതുവരെ ചര്‍ച്ച. നടപടിയെടുത്തപ്പോള്‍ അതിനെപ്പറ്റിയായി ചര്‍ച്ച. ചര്‍ച്ചക്ക് എന്തെങ്കിലും വിഷയം വേണമെന്ന് മന്ത്രി പറഞ്ഞു. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍, നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ എപ്പോഴും എന്തെങ്കിലും വിഷയം വേണം. കുറേകൂടി നിര്‍മാണാത്മകമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും ജില്ല വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് വെള്ളിയാഴ്ച പി പി ദിവ്യക്ക് കോടതി ജാമ്യം നല്‍കിയത്. ഒക്ടോബര്‍ 29ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ജഡ്ജ് നിസാര്‍ അഹമ്മദ് തന്നെയാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ദിവ്യ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിലായിരുന്നു. 

അതിനിടെ, ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും സിപിഎം നീക്കം ചെയ്തു. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ വളരെ സന്തോഷമെന്ന്  പ്രതികരിച്ചു. ദിവ്യക്ക് നീതി ലഭിക്കണം. ദിവ്യ ഒന്നും ചെയ്തത് മനഃപൂര്‍വമല്ല. അപാകതകള്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി എടുത്തതെന്നും പി കെ ശ്രീമതി പറഞ്ഞു. 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ പ്രതികരിച്ചത് പി പി ദിവ്യയ്ക്കും മനുഷ്യാവകാശം ഉണ്ടെന്നാണ്. യാത്രയയപ്പ് വേദിയില്‍ അത്തരം നിലപാട് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല. അതൊരു പോരായ്മയായി കാണുന്നു. ദിവ്യയെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യന്‍ വ്യക്തമാക്കി.
#PPDivya #NaveenBabu #KeralaPolitics #Bail #CPM

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia