Election | നഗരസഭയിലെ ഖാസിലേൻ വാർഡ് ചൊവ്വാഴ്ച ജനവിധിയെഴുതും; സീറ്റ് നിലനിർത്താൻ കെ എം ഹനീഫ്; സാമൂഹ്യ - സേവന രംഗത്തെ കരുത്തിൽ ഉറച്ച വിജയപ്രതീക്ഷ
പുതുക്കലിനെ തുടര്‍ന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 374 പുരുഷന്മാരും 400 സ്ത്രീകളും അടക്കം 774 വോടർമാരാണ് വാർഡിലുള്ളത്
കാസർകോട്: (KasaragodaVartha) നഗരസഭയിലെ ഖാസിലേൻ വാർഡ് ചൊവ്വാഴ്ച ജനവിധിയെഴുതും. യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ കെ എം ഹനീഫും എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ഉമൈർ തളങ്കരയും ബിജെപി സ്ഥാനാർഥിയായി മണിയുമാണ് മത്സരിക്കുന്നത്. മുൻ ചെയർമാൻ അഡ്വ. വി എം മുനീർ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പുതുക്കലിനെ തുടര്‍ന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 374 പുരുഷന്മാരും 400 സ്ത്രീകളും അടക്കം 774 വോടർമാരാണ് വാർഡിലുള്ളത്. 2020ലെ തിരഞ്ഞെടുപ്പിൽ അഡ്വ. വി എം മുനീര്‍ 322 വോട്ടും എതിർ സ്ഥാനാർഥിയായിരുന്ന അബ്ദുൽ റഹ്‌മാൻ 199 വോടുമാണ് നേടിയത്. 123 വോടിന്റെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്. കുട അടയാളത്തിലാണ് ഉമൈർ തളങ്കര മത്സരിക്കുന്നത്.
പരമ്പരാഗതമായി മുസ്ലിം ലീഗിനെ തുണയ്ക്കുന്ന വാർഡിൽ ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. രാഷ്ട്രീയം, കല, കായികം, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സജീവ സാന്നിധ്യമായ കെ എം ഹനീഫ് തളങ്കരയുടെ മുഖങ്ങളിലൊന്നാണ്. സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ മേഖലകളിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തിത്വമാണ്. കാസർകോട് ഗവ. കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കാസർകോട്, മംഗ്ളുറു, ബെംഗ്ളുറു എന്നിവിടങ്ങളിൽ സാമൂഹിക, കലാ, സാഹിത്യ, കായിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്നു. മംഗ്ളുറു പി എ കോളജ് അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലഘട്ടം മുതൽ അടിയുറച്ച മുസ്ലീം ലീഗ് പ്രവർത്തകനായ ഹനീഫ് ദീർഘകാലത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. സാമൂഹ്യ - സേവന രംഗത്തെ ഇടപെടലുകളും സൗമ്യതയും എല്ലാവരോടും തുല്യമായി പെരുമാറുന്ന സ്വഭാവവും കെ എം ഹനീഫിന് കരുത്താകുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. തെരുവത്ത് മുൻസിപൽ ജി എൽ പി എസ് സ്‌കൂളാണ് പോളിംഗ് ബൂത്. വോടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.